‘രാഷ്ട്രീയ നേട്ടത്തിന് ചരിത്രത്തെ വളച്ചൊടിക്കരുത്’; കങ്കണക്കെതിരെ നേതാജിയുടെ കുടുംബം
text_fieldsന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിനെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി എന്ന് വിളിച്ച നടിയും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുമായ കങ്കണാ റണാവത്തിനെ രൂക്ഷമായി വിമർശിച്ച് നേതാജിയുടെ കുടുംബം. ആരും രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ചരിത്രത്തെ വളച്ചൊടിക്കരുതെന്ന് നേതാജിയുടെ അനന്തരവൻ ചന്ദ്ര കുമാർ ബോസ് പറഞ്ഞു.
ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെ ആയിരുന്നു കങ്കണയുടെ പരാമർശം. ’നമുക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ, ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നേതാജി സുഭാഷ് ചന്ദ്രബോസ് എവിടെ പോയി’ എന്നായിരുന്നു കങ്കണയുടെ ചോദ്യം. ‘നേതാജി സുഭാഷ് ചന്ദ്രബോസ് ഒരു രാഷ്ട്രീയ ചിന്തകനും സൈനികനും രാഷ്ട്രതന്ത്രജ്ഞനും ദീർഘദർശിയും അവിഭക്ത ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുമായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടാൻ എല്ലാ സമുദായങ്ങളെയും ഭാരതീയരായി ഒന്നിപ്പിക്കാൻ കഴിയുന്ന ഒരേയൊരു നേതാവ്. എല്ലാവരെയും ഉൾക്കൊള്ളുന്ന നേതാജിയുടെ പ്രത്യയശാസ്ത്രം പിന്തുടരുന്നതിലൂടെയാണ് അദ്ദേഹത്തോടുള്ള ബഹുമാനം കാണിക്കേണ്ടത്’ -ചന്ദ്ര കുമാർ ബോസ് എക്സിൽ കുറിച്ചു.
ആശയപരമായ ഭിന്നതകളെ തുടർന്ന് കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് ചന്ദ്ര കുമാർ ബി.ജെ.പിയിൽനിന്ന് രാജിവെച്ചത്. കങ്കണയെ ന്യായീകരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ രംഗത്തെത്തിയിരുന്നു. സമൂഹമാധ്യമങ്ങളിൽ തന്നെ വിമർശിക്കുന്നവർക്കെതിരെ ചരിത്രം വായിക്കണമെന്ന് ഓർമിപ്പിച്ച് കങ്കണയും തിരിച്ചടിച്ചു. 1943ൽ സിംഗപ്പൂരിൽ നേതാജി ആസാദ് ഹിന്ദ് സർക്കാർ രൂപവത്കരിച്ചതിന്‍റെയും ആദ്യ പ്രധാനമന്ത്രിയായി സ്വയം പ്രഖ്യാപിച്ചതിന്‍റെയും വിവരങ്ങളുള്ള ഒരു ലേഖനത്തിലെ ഏതാനും ഭാഗങ്ങൾ അവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.
ഹിമാചൽ പ്രദേശിലെ മണ്ഡ്യ ലോക്സഭ മണ്ഡലത്തിൽനിന്നാണ് കങ്കണ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുന്നത്. നടിയെ പരിഹസിച്ച് ബി.ആര്‍.എസ് (ഭാരതീയ രാഷ്ട്ര സമിതി) നേതാവ് കെ.ടി. രാമറാവു ഉൾപ്പെടെയുള്ളവർ രംഗത്തുവന്നിരുന്നു. ’വടക്കുനിന്നുള്ള ഒരു ബി.ജെ.പി. സ്ഥാനാര്‍ഥി പറയുന്നു, സുഭാഷ് ചന്ദ്രബോസ് ആയിരുന്നു നമ്മുടെ ആദ്യ പ്രധാനമന്ത്രിയെന്ന്. തെക്കുനിന്നുള്ള മറ്റൊരു ബി.ജെ.പി നേതാവ് പറയുന്നു, മഹാത്മാ ഗാന്ധി നമ്മുടെ പ്രധാനമന്ത്രിയായിരുന്നുവെന്ന്. എവിടെ നിന്നാണാവോ ഇവരൊക്കെ ബിരുദം കരസ്ഥമാക്കിയത്’ -രാമറാവു എക്‌സില്‍ കുറിച്ചു.
2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷമാണ് ഇന്ത്യക്ക് യഥാർഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന കങ്കണയുടെ പരാമർശം വലിയ പരിഹാസത്തിനിടയാക്കിയിരുന്നു. ഹിമാചലിലെ നാലു ലോക്സഭ മണ്ഡലങ്ങളിലേക്കും ജൂൺ ഒന്നിനാണ് വോട്ടെടുപ്പ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.