നെറ്റ്വർക്ക് മാർക്കറ്റിങ് തട്ടിപ്പുകാർക്ക് സംരക്ഷണം നൽകില്ല -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: നെറ്റ്വർക്ക് മാർക്കറ്റിങ് തട്ടിപ്പുകാർക്ക് ഒരു തരത്തിലുള്ള സംരക്ഷണം നൽകില്ലെന്നും ഡയറക്ട് സെല്ലിങ്ങിന്റെ മറവിൽ തട്ടിപ്പ് അനുവദിക്കാനാവില്ലെന്നും സുപ്രീംകോടതി. ഇത്തരം തട്ടിപ്പിനിരയായവർ നിയമനടപടിക്ക് മുതിരുമ്പോൾ അതിനെതിരെ ഭരണഘടനയുടെ 32ാം അനുഛേദം പറഞ്ഞ് സുപ്രീംകോടതിയിൽ വന്നിട്ട് കാര്യമില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഓർമിപ്പിച്ചു.
‘ജൈവകാന്ത കിടക്ക’യുടെ പേരിൽ നെറ്റ്വർക്ക് മാർക്കറ്റിങ് തട്ടിപ്പ് നടത്തിയ ശേഷം പൊലീസ് നടപടിയിൽനിന്ന് സംരക്ഷണം തേടി എത്തിയ മുംബൈ കേന്ദ്രമായ ‘ഇ ബയോതോറിയം നെറ്റ്വർക്ക് പ്രൈവറ്റ് ലിമിറ്റഡ്’ മാനേജിങ് ഡയറക്ടർ സുനിൽ ജോഷിയുടെ ഹരജി തള്ളിയാണ് കോടതി ഉത്തരവ്.
ഇത്തരം തട്ടിപ്പുകളിൽ ഭരണഘടനയുടെ 32ാം അനുഛേദ പ്രകാരം സുപ്രീംകോടതിയിൽ വരാമോ എന്ന് സുനിൽ ജോഷിക്ക് വേണ്ടി ഹാജരായ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് ചോദിച്ചു. തട്ടിപ്പിനിരയായവർക്ക് നിയമ നടപടിക്ക് കോടതി അനുമതി നൽകുമ്പോൾ ഇതിൽനിന്ന് പ്രതിക്ക് എങ്ങനെ സംരക്ഷണം നൽകുമെന്നും കോടതി ചോദിച്ചു.
‘ജൈവകാന്ത കിടക്ക’ നെറ്റ്വർക്ക് മാർക്കറ്റിങ്ങിലൂടെ വിറ്റഴിക്കാൻ മധ്യപ്രദേശ് ഇന്ദോറിലെ സുനിൽ ജോഷിയാണ് മുംബൈ കേന്ദ്രമാക്കി ‘ഇ ബയോതോറിയം നെറ്റ്വർക്ക് പ്രൈവറ്റ് ലിമിറ്റഡ്’ കമ്പനി തുടങ്ങിയത്. നിശ്ചിത തുക നിക്ഷേപമായി സ്വീകരിച്ച് വിതരണക്കാരെ നിയമിച്ച ശേഷം ആളുകളെ കണ്ണികളായി ചേർത്താൽ വൻ തുക ലാഭം വാഗ്ദാനം ചെയ്താണ് കമ്പനി തട്ടിപ്പ് നടത്തിയത്. പുതിയ അംഗങ്ങളെ കൂടുതൽ ചേർക്കുന്നവർക്ക് വൻ ആനുകുല്യങ്ങളാണ് വാഗ്ദാനം ചെയ്തത്.
കേരളത്തിൽനിന്നടക്കം വിവിധ സംസ്ഥാനങ്ങളിൽനിന്നായി ആളുകളെ കണ്ണിചേർത്ത് കോടികളുടെ തട്ടിപ്പാണ് കമ്പനി നടത്തിയത്. ആളെ ചേർക്കാൻ ബംഗളൂരു മില്ലേഴ്സ് റോഡിലെ അംബേദ്കർ ഭവനിൽ ആയിരത്തോളം പേരെ പങ്കെടുപ്പിച്ച് യോഗം ചേരുന്നതിനിടെ സുനിൽ ജോഷി അടക്കം അഞ്ചുപേരെ കർണാടക പൊലീസ് 2023 ജനുവരി 15നാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.