യഥാർഥ നിയന്ത്രണരേഖ 1959ൽ അറിയിച്ചെന്ന ചൈനയുടെ വാദം ഏകപക്ഷീയം, അംഗീകരിക്കില്ല –ഇന്ത്യ
text_fieldsന്യൂഡൽഹി: 1959ൽ ചൈനീസ് പ്രധാനമന്ത്രി ചൗ എൻലായി ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ കത്ത് വഴി അറിയിച്ചുവെന്ന് അവകാശപ്പെടുന്ന യഥാർഥ നിയന്ത്രണരേഖ ഒരിക്കലും അംഗീകരിക്കില്ലെന്നും അത് ഏകപക്ഷീയമായി തയാറാക്കിയതാണെന്നും ഇന്ത്യ. നിയന്ത്രണരേഖ എന്ന സങ്കൽപം നിലവിലുണ്ടായിരിക്കെ അസാധുവായ അവകാശവാദങ്ങൾ ഉന്നയിക്കരുതെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ചൈനയുടെ പുതിയ അവകാശവാദത്തിന് മറുപടിയായാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. ചൈന അവകാശപ്പെടുന്ന നിയന്ത്രണരേഖ ഒരു ഘട്ടത്തിലും ഇന്ത്യ അംഗീകരിച്ചിരുന്നില്ലെന്ന് ചൈനക്കുപോലും അറിയാവുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
1993 മുതൽ 2005 വരെ വിവിധ ഘട്ടങ്ങളിലായി ഇരു രാജ്യങ്ങൾക്കുമിടയിൽ നിരവധി ഉഭയകക്ഷി കരാറുകൾ ഉണ്ടായിട്ടുണ്ട്. അവയെല്ലാം അംഗീകരിക്കുമെന്ന് ചൈന സമ്മതിച്ചതുമാണ്. എന്നിരിക്കെ, 1959ലെ നിയന്ത്രണ രേഖ മാത്രമെന്ന അവകാശവാദം അംഗീകരിക്കാനാവില്ല. രണ്ടു പതിറ്റാണ്ടായി അതിർത്തി നിർണയിക്കുന്നതിൽ ചൈന ഒളിച്ചുകളിക്കുകയാണെന്നും മന്ത്രാലയം കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം ഹിന്ദുസ്ഥാൻ ടൈംസ് പത്രത്തിനു നൽകിയ പ്രതികരണത്തിലാണ് ചൈനീസ് വിദേശകാര്യ വക്താവ് യഥാർഥ നിയന്ത്രണരേഖയുമായി ബന്ധപ്പെട്ട് പുതിയ അവകാശവാദം ഉന്നയിച്ചത്.
1959ൽ നെഹ്റുവിന് കൈമാറിയ കത്തിൽപോലും പൊതുവായ രേഖ മാത്രമാണുണ്ടായിരുന്നത്. കൃത്യമായി അതിർത്തികൾ നിർണയിച്ചിരുന്നില്ല. യഥാർഥ നിയന്ത്രണരേഖ നിർണയിക്കാൻ 2003 വരെ ഇരു രാജ്യങ്ങളും ചർച്ചകൾ തുടരുകയും ചെയ്തു. പിന്നീട് ചൈന താൽപര്യം കാണിച്ചില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. അതേസമയം, സൈനിക ആവശ്യങ്ങൾക്കായി ലഡാക് അതിർത്തിയിൽ ഇന്ത്യ നടത്തുന്ന അടിസ്ഥാനസൗകര്യ വികസനം അംഗീകരിക്കാനാവില്ലെന്ന് ചൈന. ലഡാക് കേന്ദ്രഭരണപ്രദേശം നിയമവിരുദ്ധമായാണ് ഇന്ത്യ സ്ഥാപിച്ചതെന്നും ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ കുറ്റപ്പെടുത്തി. അതിനിടെ, അതിർത്തിയിൽ സ്ഥിതി സംഘർഷഭരിതമായി തുടരുകയാണെന്നും ഏതു സാഹചര്യവും നേരിടാൻ സേന സജ്ജമാണെന്നും വ്യോമസേന തലവൻ എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ബദൗരിയ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.