'ബി.ജെ.പിക്ക് മുന്നിൽ ഒരിക്കലും തല കുനിച്ചിട്ടില്ല'; ഇ.ഡി റെയ്ഡിന് പിന്നാലെ ലാലു പ്രസാദ് യാദവ്
text_fieldsന്യൂഡൽഹി: ജോലിക്കു പകരം ഭൂമി അഴിമതി കേസുമായി ബന്ധപ്പെട്ട് ഇന്നലെ തേജസ്വി യാദവിന്‍റെ വസതിയിലുൾപ്പടെ നടന്ന ഇ.ഡി റെയ്ഡിന് പിന്നാലെ രൂക്ഷ വിമർശനുമായി രാഷ്ട്രീയ ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവ്. പ്രതികാര നടപടിയുടെ ഭാഗമായ കേസിന്‍റെ പേരിൽ തന്‍റെ കുടുംബത്തെ ബി.ജെ.പി ഉപദ്രവിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
"അടിയന്തരാവസ്ഥയുടെ ഇരുണ്ട ഘട്ടത്തെ വരെ ഞങ്ങൾ നേരിട്ടു. ഇന്ന് എന്റെ പെൺമക്കളെയും കൊച്ചുമകളെയും ഗർഭിണിയായ മരുമകളെയും അടിസ്ഥാനരഹിതമായ കേസിന്‍റെ പേരിൽ 15 മണിക്കൂറോളമാണ് ഇ.ഡി ബുദ്ധിമുട്ടിച്ചത്. രാഷ്ട്രീയ യുദ്ധത്തിന് വേണ്ടി തരംതാഴ്ന്ന പ്രവർത്തിയാണ് ബി.ജെ.പി നടുത്തുന്നത്"- ലാലു പ്രസാദ് യാദവ് പറഞ്ഞു. ഞാൻ ഒരിക്കലും ബി.ജെ.പിക്ക് മുന്നിൽ തലകുനിച്ചിട്ടില്ല. ആർ.എസ്.എസിനും ബി.ജെ.പിക്കുമെതിരായ പോരാട്ടം ഇനിയും തുടരും. എന്‍റെ കുടുംബത്തിൽ നിന്നോ പാർട്ടിയിൽ നിന്നോ ആരും അവർക്ക് മുന്നിൽ തലകുനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജോലിക്കു പകരം ഭൂമി അഴിമതി കേസുമായി ബന്ധപ്പെട്ട് ലാലു പ്രസാദ് യാദവിനെയും അദ്ദേഹത്തിന്‍റെ ഭാര്യ റാബ്‌റി ദേവിയെയും സി.ബി.ഐ ചോദ്യം ചെയ്തതിരുന്നു. ഇതിന് പിന്നാലെയാണ് തേജസ്വി യാദവിന്‍റെ ഡൽഹിയിലെ വസതിയിലും പെൺമക്കളുടെ വസതികളിലും ഇന്നലെ ഇ.ഡി റെയ്ഡ് നടത്തിയത്. കേസുമായി ബന്ധപ്പെട്ട് തേജസ്വി യാദവ് ഇന്ന് സി.ബി.ഐക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. ഇത് രണ്ടാം തവണയാണ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സി.ബി.ഐ തേജസ്വി യാദവിനോട് ആവശ്യപ്പെടുന്നത്. ഫെബ്രുവരി നാലിനായിരുന്നു ആദ്യം വിളിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.