വിവാദ പാക് മാധ്യമപ്രവർത്തകനെ അറിയില്ലെന്നതിൽ ഉറച്ചു നിൽക്കുന്നു, ഒരു പരിപാടിയിലേക്കും ക്ഷണിച്ചിട്ടില്ല -ഹാമിദ് അൻസാരി
text_fieldsന്യൂഡൽഹി: ഇന്ത്യയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ കൈമാറിയെന്ന ബി.ജെ.പി ആരോപണത്തിൽ വീണ്ടും പ്രതികരണവുമായി മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി. ആരോപണം ഉന്നയിച്ച പാക് മാധ്യമപ്രവർത്തകൻ നുസ്‌റത്ത് മിർസയെ അറിയുകയോ ഇന്ത്യയിൽ ഏതെങ്കിലും പരിപാടിയിലേക്ക് ക്ഷണിക്കുകയോ ചെയ്തിട്ടില്ലെന്നതിൽ ഉറച്ചുനിൽക്കുന്നതായി അദ്ദേഹത്തിന്റെ ഓഫിസിൽനിന്ന് വെള്ളിയാഴ്ച ഇറക്കിയ വിശദീകരണക്കുറിപ്പിൽ പറയുന്നു.
നുസ്‌റത്ത് മിർസ സൂചിപ്പിച്ച 2010ലെയോ 2009ലെയോ ഭീകരവാദവുമായി ബന്ധപ്പെട്ട സമ്മേളനത്തിലേക്കോ മറ്റേതെങ്കിലും പരിപാടിയിലേക്കോ അദ്ദേഹത്തെ ക്ഷണിച്ചിട്ടില്ലെന്നും വിശദീകരണ കുറിപ്പിൽ പറയുന്നു.
ഹാമിദ് അൻസാരിയെയും കോൺഗ്രസിനെയും ആക്രമിച്ച് ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയ നടത്തിയ വാർത്ത സമ്മേളനത്തിന് പിന്നാലെയാണ് വിശദീകരണക്കുറിപ്പ് ഇറക്കിയത്. ഇന്ത്യയിൽ നടന്ന ഒരു സമ്മേളനത്തിൽ ഹാമിദ് അൻസാരിക്കൊപ്പം മിർസ വേദി പങ്കിട്ടതിന്റെ ഫോട്ടോ പുറത്തുവിട്ടായിരുന്നു ഗൗരവ് ഭാട്ടിയയുടെ ആരോപണം. മുൻ ഉപരാഷ്ട്രപതിക്കെതിരെ കേന്ദ്രസർക്കാർ പിന്തുണയോടെ ബി.ജെ.പി നടത്തുന്ന ദുഷ്പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. ആരോപണങ്ങൾ അൻസാരി നിഷേധിച്ചിട്ടും ഭരണകക്ഷിയായ ബി.ജെ.പി അദ്ദേഹത്തെ വേട്ടയാടുന്നത് തുടരുകയാണെന്നും ഇത് അപലപനീയമാണെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
2005-11 കാലയളവിൽ യു.പി.എ ഭരണകാലത്ത് ഹാമിദ് അൻസാരി തന്നെ അഞ്ചുതവണ ഇന്ത്യയിലേക്ക് ക്ഷണിച്ചെന്നാണ് നുസ്‌റത്ത് മിർസ ആരോപിച്ചിരുന്നത്. രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ അദ്ദേഹം പങ്കുവെച്ചതായും അക്കാര്യങ്ങൾ പാക് ചാരസംഘടനയായ ഐ.എസ്.ഐക്ക് കൈമാറിയതായും മിർസ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, മിർസയെ അറിയുക പോലുമില്ലെന്നായിരുന്നു ഹാമിദ് അൻസാരിയുടെ പ്രതികരണം. 2010 ഡിസംബർ 11ന് ഭീകരവാദ വിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്തത് താനായിരുന്നെങ്കിലും അതിഥികളെ ക്ഷണിച്ചത് സംഘാടകരായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.