ഗള്‍ഫിന്‍െറ ശബ്ദം ഉയരില്ല നോട്ട് പ്രതിസന്ധി ചര്‍ച്ചയാകും
text_fieldsബംഗളൂരു: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ തന്നെ ഗള്‍ഫിന്‍െറ ശബ്ദം ഇക്കുറി പ്രവാസി ഭാരതീയ സമ്മേളനത്തില്‍ ഉയരില്ല. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ സ്വദേശിവത്കരണത്തിന്‍െറയും തൊഴില്‍ നഷ്ടപ്പെടലിന്‍െറയും ഭീതി വ്യാപകമായ സാഹചര്യത്തില്‍ നടക്കുന്ന ദേശീയ പ്രവാസി സംഗമത്തില്‍ ഗള്‍ഫിലെ പ്രവാസി ഇന്ത്യക്കാര്‍ക്കായി പ്രത്യേക സമ്മേളനമില്ളെന്നതാണ് പോരായ്മ. കഴിഞ്ഞ സമ്മേളനങ്ങളിലെല്ലാം ഗള്‍ഫിന് പ്രത്യേക സെമിനാറുകള്‍ നടത്തിയിരുന്നു. ഏറ്റവുമധികം ഇന്ത്യക്കാര്‍ ജോലിചെയ്യുന്ന ഗള്‍ഫിലെ പ്രശ്നങ്ങള്‍ കേന്ദ്രമന്ത്രിമാര്‍ക്കും മുഖ്യമന്ത്രിമാര്‍ക്കുമൊക്കെ മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരമായാണ് പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗപ്പെടുത്തിയിരുന്നത്. ഇത്തരത്തില്‍ അവതരിപ്പിക്കപ്പെടുമെന്നതിനാല്‍, പലപ്പോഴും പ്രവാസി ഭാരതീയ സമ്മേളനത്തിനുമുമ്പ് വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഗള്‍ഫിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ ശുഷ്കാന്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ഇക്കുറി വിദേശത്തെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍, പുതുതായി വരുന്ന സ്റ്റര്‍ട്ടപ് സംരംഭങ്ങളുടെ പ്രാധാന്യം, വിനോദസഞ്ചാര വികസനത്തില്‍ പ്രവാസികളുടെ പങ്ക്, ഇന്ത്യന്‍ പ്രവാസി സംഘടനകള്‍ ഉപയോഗപ്പെടുത്തി വിദേശത്ത് ഇന്ത്യയുടെ പ്രതിഛായ മെച്ചപ്പെടുത്തല്‍ തുടങ്ങിയവയൊക്കെ ചര്‍ച്ചചെയ്യുന്നുണ്ടെങ്കിലും ഗള്‍ഫിലെ പ്രവാസിക്കായി പ്രത്യേക സെഷനുകളില്ല. പകരം, എമിഗ്രേഷന്‍ ക്ളിയറന്‍സ് ആവശ്യമുള്ള രാജ്യങ്ങളിലെ ഇന്ത്യന്‍ തൊഴിലാളികളെ പിന്തുണക്കുന്നത് സംബന്ധിച്ച് തിങ്കളാഴ്ച രാവിലെ 10.15 മുതല്‍ 11മണിവരെ മുക്കാല്‍ മണിക്കൂര്‍ നീളുന്ന സെഷനാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ സെഷനില്‍ ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍, യു.എ.ഇ, മലേഷ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള പ്രവാസി സംഘടന പ്രതിനിധികളും വിദേശകാര്യ മന്ത്രലായത്തിലെ ഉദ്യോഗസ്ഥരുടക്കം 14 പേര്‍ സംസാരിക്കാനായി ഷെഡ്യൂള്‍ തയാറാക്കിയിട്ടുണ്ട്. ഇവര്‍ക്ക് പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നതിന് പോയിട്ട് സ്വയം പരിചയപ്പെടുത്താനുള്ള സമയം പോലും ലഭിക്കില്ളെന്ന് ചുരുക്കം.
പ്രവാസി ഭാരതീയ ദിവസില്‍ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നതുകൊണ്ട് വലിയ കാര്യമുണ്ടാകാറില്ളെങ്കിലും നിരവധി വിഷയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രിമാരെയും സ്വന്തം സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയുമൊക്കെ ബോധ്യപ്പെടുത്താനുള്ള അവസരമായിരുന്നു ഇത്. എതിര്‍ ശബ്ദങ്ങള്‍ ഇല്ലാതാകുന്നു എന്നതാണ് ഗള്‍ഫ് സെഷന്‍ ഒഴിവാക്കിയതിന്‍െറ അനന്തരഫലം. അതേസമയം, ഇന്ത്യയില്‍ നടപ്പാക്കിയ നോട്ട് പ്രതിസന്ധിയിലുള്ള പ്രവാസികളുടെ ആശങ്ക സമ്മേളനത്തില്‍ ചര്‍ച്ചയാകുമെന്ന് സൂചനയുണ്ട്. സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുസംബന്ധിച്ച് പ്രസ്താവന നടത്താനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.