20 ലക്ഷത്തിന്‍റെ ഭൂമി രാമക്ഷേത്രത്തിന് 2.5 കോടിക്ക് വിറ്റു; ബി.ജെ.പി നേതാവിന്‍റെ ബന്ധുവിന്‍റെ ഇടപാട് വിവാദത്തിൽ
text_fieldsഅയോധ്യ: രാമക്ഷേത്രത്തിന്‍റെ പേരിൽ നടന്ന കോടികളുടെ ഭൂമി തട്ടിപ്പ് സ്ഥിരീകരിച്ച് പുതിയ വിവരങ്ങൾ പുറത്തുവരുന്നു. ഫെബ്രുവരി 20ന് 20 ലക്ഷം രൂപക്ക് വിറ്റ ഭൂമി മേയ് 11ന് രാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് 2.5 കോടി രൂപക്ക് വാങ്ങിയതായി ന്യൂസ് ലോൺട്രി റിപ്പോർട്ട് ചെയ്യുന്നു.
890 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സ്ഥലമാണ് വിൽപ്പന നടത്തിയത്. തന്ത്രപ്രധാനമായ ഈ സ്ഥലത്തിനോട് ചേർന്നാണ് രാമക്ഷേത്ര സമുച്ചയും വരുന്നത്.
2021 ഫെബ്രുവരി വരെ ഇൗ ഭൂമി ദേവേന്ദ്ര പ്രസാദാചാര്യ എന്നയാളുടെ കൈവശമായിരുന്നു. ഫെബ്രുവരി 20ന് ദീപ നാരായണൻ എന്നയാൾ 20 ലക്ഷം രൂപക്ക് ഭൂമി വാങ്ങി. അയോധ്യ മേയറും ബി.ജെ.പി നേതാവുമായ ഋഷികേശ് ഉപാധ്യായയുടെ അനന്തരവനാണ് നാരായണൻ.
മൂന്നുമാസത്തിനുശേഷം, മേയ് 11ന് നാരായണൻ സ്വത്ത് രാം ജന്മഭൂമി ട്രസ്റ്റിന് വിറ്റതായി രേഖകൾ വ്യക്തമാക്കുന്നു. ക്ഷേത്ര നിർമാണത്തിന് മേൽനോട്ടം വഹിക്കാൻ നരേന്ദ്ര മോദി സർക്കാർ രൂപീകരിച്ച ട്രസ്റ്റ് 2.5 കോടി രൂപക്കാണ് സ്ഥലം വാങ്ങുന്നത്.
അയോധ്യയിലെ സർദാർ തഹ്‌സിലിന് കീഴിലുള്ള ഹവേലി അവധിലെ കോട്ട് രാംചന്ദ്രയിലാണ് ഈ ഭൂമി വരുന്നത്. വില നിരക്ക് അനുസരിച്ച്, നാരായണൻ പ്രസാദാചാര്യയിൽനിന്ന് ചതുരശ്ര മീറ്ററിന് 2247 രൂപക്ക് സ്ഥലം വാങ്ങി ചതുരശ്ര മീറ്ററിന് 28,090 രൂപക്കാണ് ക്ഷേത്ര ട്രസ്റ്റിന് വിറ്റത്. കോട്ട് രാംചന്ദ്രയിലെ സർക്കാർ നിരക്ക് ചതുരശ്ര മീറ്ററിന് 4,000 രൂപയാണ്.
ട്രസ്റ്റ് അംഗമായ അനിൽ മിശ്രയാണ് ഇടപാടിൻെറ സാക്ഷി. ബാങ്ക് വഴിയാണ് നാരായണന് 2.5 കോടി രൂപ നൽകിയത്. നാരായണൻ ഫെബ്രുവരി 20ന് സ്ഥലം വാങ്ങുേമ്പാൾ നാരായൺ പാണ്ഡെ, പവൻ തിവാരി എന്നിവരായിരുന്നു സാക്ഷികൾ.
890 ചതുരശ്ര മീറ്റർ സ്വത്ത് പ്രസാദാചാര്യയിൽനിന്ന് നാരായണൻ വാങ്ങിയ ദിവസം, കോട്ട് രാംചന്ദ്രയിലെ മറ്റൊരു സ്ഥലം ക്ഷേത്ര ട്രസ്റ്റിന് ഒരു കോടി രൂപക്ക് ഇദ്ദേഹം വിറ്റിട്ടുണ്ട്. ഈ സ്ഥലം വരുന്നത് ക്ഷേത്ര സമുച്ചയത്തിൽനിന്ന് 500 മീറ്റർ അകലെയാണ്. 27.08 ലക്ഷം രൂപ മാത്രമാണ് ഇതിൻെറ അടിസ്ഥാന വില. അനിൽ മിശ്ര തന്നെയാണ് ഈ ഇടപാടിലെയും സാക്ഷി.
രാമക്ഷേത്രത്തിന്‍റെ പേരിൽ കോടികളുടെ ഭൂമി തട്ടിപ്പ് ആരോപിച്ച് ഉത്തർ പ്രദേശിലെ പ്രതിപക്ഷ പാർട്ടികൾ കഴിഞ്ഞയാഴ്ച രംഗത്തുവന്നിരുന്നു. മാർച്ച് 18ന് ഒരു വ്യക്തിയിൽനിന്ന് 1.208 ഹെക്ടർ ഭൂമി രണ്ടു കോടി രൂപക്ക് വാങ്ങിയ രണ്ട് റിയൽ എസ്റ്റേറ്റ് ഏജന്‍റുമാർ മിനിറ്റുകൾ കഴിഞ്ഞ് രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന് വിൽക്കുന്നത് 18.5 കോടിക്കാണെന്നായിരുന്നു ആരോപണം.
ബാബ ഹരിദാസ് എന്നയാളുടെ ഭൂമിയാണ് രവി മോഹൻ തിവാരി, സുൽത്താൻ അൻസാരി എന്നിവർക്ക് വിൽപന നടത്തിയത്. ഇവരിൽനിന്നാണ് ട്രസ്റ്റ് ഭൂമി ഏറ്റെടുത്തത്. രണ്ട് ഇടപാടുകളിലും അയോധ്യ മേയർ ഋഷികേഷ് ഉപാധ്യായയും രാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റി അനിൽ മിശ്രയുമാണ് സാക്ഷികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.