പുതിയ ചീഫ് ജസ്റ്റിസ്; നടപടികൾക്ക് തുടക്കമിട്ട് കേന്ദ്രം
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ 50ാം ചീഫ് ജസ്റ്റിസിനെ നിയമിക്കാനുള്ള നടപടികൾക്ക് തുടക്കമിട്ട് കേന്ദ്ര സർക്കാർ. പുതിയ ചീഫ് ജസ്റ്റിസിനെ നാമനിർദേശം ചെയ്യാൻ കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു ചീഫ് ജസ്റ്റിസ് യു.യു. ലളിതിന് കത്തയച്ചു.
കീഴ് വഴക്കമനുസരിച്ച് സുപ്രീംകോടതി ജഡ്ജിമാരിൽ സീനിയോറിറ്റി പ്രകാരം രണ്ടാം സ്ഥാനത്തുള്ള ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ, നവംബർ എട്ടിന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ് യു.യു. ലളിത് നാമനിർദേശം ചെയ്യണം. ശിപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ രാഷ്ട്രപതി നിയമന ഉത്തരവിറക്കും.
അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായി നവംബർ ഒമ്പതിന് അധികാരമേൽക്കും. രാജ്യത്തിന്റെ 16ാമത്തെ ചീഫ് ജസ്റ്റിസായിരുന്ന വൈ.വി. ചന്ദ്രചൂഡിന്റെ മകനാണ് ഡി.വൈ. ചന്ദ്രചൂഡ്.
1978 മുതൽ 1985 വരെയാണ് വൈ.വി. ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായത്. രണ്ടുവർഷത്തെ കാലാവധിയുള്ള ഡി.വൈ. ചന്ദ്രചൂഡ് 2024 നവംബർ 24നാണ് വിരമിക്കുക.
74 ദിവസത്തെ കാലാവധിക്കുശേഷം വിരമിക്കുന്ന ചീഫ് ജസ്റ്റിസ് ലളിത് സുപ്രീംകോടതി ബാറിൽനിന്ന് നേരിട്ട് ജഡ്ജിയായി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ്. 2014ൽ ആണ് ഇദ്ദേഹത്തെ ജഡ്ജിയായി നിയമിച്ചത്. ലളിത് ആഗസ്റ്റ് 27നാണ് ചീഫ് ജസ്റ്റിസായത്. പ്രമാദമായ നിരവധി കേസുകളാണ് ഇദ്ദേഹം പരിഗണിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.