ഡൽഹി അടക്കം ആറ് ഹൈകോടതികൾക്ക് പുതിയ ചീഫ് ജസ്റ്റിസുമാർ
text_fieldsന്യൂഡൽഹി: ഡൽഹി ഹൈകോടതി ഉൾപ്പെടെ ആറ് ഹൈകോടതികളിൽ പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു. കേന്ദ്ര നിയമ മന്ത്രാലയത്തിലെ നീതിന്യായ വകുപ്പാണ് നിയമനങ്ങൾ സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. തെലങ്കാന ഹൈകോടതി ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമയാണ് ഡൽഹി ഹൈകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്. അഞ്ച് ഹൈകോടതി ജഡ്ജിമാരെ ചീഫ് ജസ്റ്റിസുമാരായി ഉയർത്തിയപ്പോൾ, തെലങ്കാന ഹൈകോടതി ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമയെ അതേ പദവിയിൽ ഡൽഹി ഹൈകോടതിയിലേക്ക് മാറ്റുകയായിരുന്നു.
ജസ്റ്റിസ് ഡി.എൻ. പട്ടേൽ വിരമിച്ചതിനെ തുടർന്ന് മാർച്ച് 13 മുതൽ ജസ്റ്റിസ് വിപിൻ സാംഘിയായിരുന്നു ഡൽഹി ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്. ഡൽഹി ഹൈകോടതിയിലെ ജസ്റ്റിസ് വിപിൻ സാംഘിയെ ഉത്തരാഖണ്ഡ്, ബോംബെ ഹൈകോടതിയിലെ ജസ്റ്റിസ് അംജദ് എ. സെയ്ദിനെ ഹിമാചൽപ്രദേശ്, ജസ്റ്റിസ് എസ്.എസ്. ഷിൻഡെയെ രാജസ്ഥാൻ, ഗുജറാത്ത് ഹൈകോടതിയിലെ ജസ്റ്റിസ് രശ്മിൻ എം. ഛായയെ ഗുവാഹതി ഹൈകോടതിയിലും ചീഫ് ജസ്റ്റിസുമാരായി നിയമിച്ചു.
തെലങ്കാന ഹൈകോടതിയിൽ ജഡ്ജിയായ ജസ്റ്റിസ് ഉജ്ജൽ ഭൂയാനെ അവിടെത്തന്നെ ചീഫ് ജസ്റ്റിസായി നിയമിച്ചു. ഇവരുടെ പേരുകൾ കഴിഞ്ഞമാസം സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്തിരുന്നു. വരുംദിവസങ്ങളിൽ ഇവർ ചുമതലയേൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.