ഇ.എസ്.ഐ ആനുകൂല്യം നേടാൻ പുതിയ ഇളവുകൾ; കേരളത്തിലും ചികിത്സ സൗകര്യങ്ങൾ ഉയർത്താൻ നടപടി
text_fieldsന്യൂഡൽഹി: പ്രസവ കാലാവധി 26 ആഴ്ചയായി വർധിപ്പിച്ചതോടെ ഇ.എസ്.ഐ പദ്ധതിക്കു കീഴിലെ ജീവനക്കാർക്ക് രോഗകാല ആനുകൂല്യം കിട്ടുന്നതിന് ഉണ്ടായിരുന്ന തടസ്സം നീങ്ങി. പ്രതിവർഷം ചുരുങ്ങിയത് 78 ദിവസത്തെ വേതനത്തിെൻറ പങ്ക് ഇ.എസ്.ഐയിൽ അടക്കുന്നവർക്കു മാത്രമാണ് നിലവിൽ രോഗകാല ആനുകൂല്യം കിട്ടുക. ഇത് പകുതിയാക്കി.
ലോക്ഡൗൺ കാല സാഹചര്യങ്ങൾ പരിഗണിച്ച് ജൂൺ 30 വരെയുള്ള ആറു മാസത്തിനിടയിൽ 35 ദിവസം മാത്രം ജോലി ചെയ്ത അർഹരായവർക്കും രോഗകാല ആനുകൂല്യത്തിന് അർഹതയുണ്ടാവും. 70 ദിവസമെങ്കിലൂം ഹാജരുണ്ടാകണമെന്നതാണ് നിലവിലെ വ്യവസ്ഥ. രോഗകാല ആനുകൂല്യം ലഭിക്കുന്നതിനുള്ള മിനിമം ഹാജർ പ്രതിവർഷം 78ൽനിന്ന് 39 ആയി കുറച്ചു. അടുത്ത ജൂൺവരെയാണ് ഇളവ്.
കൊരട്ടി, ആലുവ, നാവായിക്കുളം എന്നിവിടങ്ങളിൽ സ്വന്തം ഇ.എസ്.ഐ ഡിസ്പെൻസറികൾ നിർമിക്കുന്നതിനും തൊഴിൽ മന്ത്രി സന്തോഷ്കുമാർ ഗാംഗ്വാറിെൻറ അധ്യക്ഷതയിൽ നടന്ന ഇ.എസ്.ഐ കോർപറേഷൻ ബോർഡ് യോഗം തീരുമാനിച്ചു. ഇപ്പോൾ വാടക കെട്ടിടത്തിലാണ് ഈ ഡിസ്പെൻസറികൾ പ്രവർത്തിക്കുന്നത്. കൊല്ലം ആശ്രാമത്തെ ആശുപത്രിയിൽ കിടക്കകളുടെ എണ്ണം 200ൽനിന്ന് 300 ആയി ഉയർത്തും.
ഇതിന് രണ്ടുനിലകൂടി നിർമിക്കും. 20 കോടി രൂപ ചെലവു കണക്കാക്കുന്ന പദ്ധതിയാണിത്. എറണാകുളത്തെ ആശുപത്രിയിൽ 100 പുതിയ ബെഡ് കൂടി അനുവദിച്ചു. കോഴിക്കോട് ചാലപ്പുറം ഡിസ്പൻസറിക്ക് കെട്ടിട സമുച്ചയം നിർമിക്കും.
21,000 രൂപയിൽ കൂടുതൽ പ്രതിമാസ വേതനമുള്ളവരെ ഇ.എസ്.ഐ പരിധിയിൽനിന്ന് ഒഴിവാക്കുന്നതു സംബന്ധിച്ച തീരുമാനം ജൂൺവരെ മരവിപ്പിച്ചു. പ്രത്യേകാനുമതി കൂടാതെ അഞ്ചു കോടി രൂപവരെ വികസന പ്രവർത്തനങ്ങൾക്ക് ചെലവഴിക്കാൻ ഇ.എസ്.ഐ കോർപറേഷൻ മേഖല മേധാവിക്ക് അധികാരം നൽകാൻ തീരുമാനിച്ചു. നിലവിലെ പരിധി 30 ലക്ഷമാണ്.
ഇ.എസ്.ഐ ഭരണവിഭാഗം ജീവനക്കാർക്കിടയിൽ കോവിഡ് മരണമുണ്ടായാൽ 10 ലക്ഷം രൂപ ആശ്രിതർക്ക് സഹായധനം നൽകും. ആശുപത്രി ജീവനക്കാരുടെ കാര്യത്തിൽ 50 ലക്ഷം രൂപ ആശ്വാസ ധനം നേരത്തെ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.