പാർലമെന്‍റിനെ ഊട്ടാൻ ഇനി റെയിൽവേ ഇല്ല, സേവനം മതിയാക്കാൻ നിർദ്ദേശം
text_fieldsന്യൂഡൽഹി: നീണ്ട 52 വർഷങ്ങൾക്കുശേഷം പാർലമെന്‍റ് കാന്‍റീനിൽനിന്ന് ഇന്ത്യൻ റെയിൽവേ പുറത്ത്. പുതിയ ഏജൻസിക്ക് കാറ്ററിംഗ് കരാർ നൽകുന്നതിന്‍റെ ഭാഗമായാണ് റെയിൽവേയോട് അടുത്ത മാസം ഒഴിയാൻ ആവശ്യപ്പെട്ടതെന്നാണ് വിവരം. രാജ്യത്ത് ഏറ്റവും വിലക്കുറവിൽ ഭക്ഷണം ലഭിക്കുന്ന കാന്‍റീനാണ് പാർലമെന്‍റ് കാന്‍റീൻ.
പാർലമെന്‍റ് ഹൗസ് എസ്റ്റേറ്റിലെ കാന്‍റീൻ, അനക്സ്, ലൈബ്രറി കെട്ടിടം, വിവിധ പാൻട്രികൾ എന്നിവിടങ്ങളിൽ കാലങ്ങളായി നോർത്തേൺ റെയിൽവേയായിരുന്നു കാറ്ററിംഗ് ജോലികൾ ചെയ്തുവന്നത്. നവംബർ 15നകം ജീവനക്കാരെ തിരിച്ചു വിളിക്കണമെന്നും സ്ഥലം ഒഴിയണമെന്നും കംപ്യൂട്ടർ, പ്രിന്‍റർ, ഫർണിച്ചർ തുടങ്ങിയ സകല വസ്തുക്കളും തിരികെ ഏൽപ്പിക്കണമെന്നും റെയിൽവേക്ക് ലോക്സഭാ സെക്രട്ടേറിയറ്റിൽ നിന്ന് നിർദ്ദേശം ലഭിച്ചു.
പാർലമെന്‍റ്, റെയിൽവേ വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന സൂചന അനുസരിച്ച് ഇന്ത്യൻ ടൂറിസം ഡെവലപ്മെന്‍റ് കോർപറേഷ(ഐ.ടി.ഡി.സി)നാണ് പുതിയ കാറ്ററിംഗ് കരാൻ നൽകുന്നതെന്നാണ് വിവരം. അശോക ഹോട്ടലിന്‍റെ നടത്തിപ്പും ഇവർക്കാണ്.
സാധാരണയായി എം.പിമാരുടെ കമ്മിറ്റിയാണ് പാർലമെന്‍റിലെ കാറ്ററിംഗ് ക്രമീകരണങ്ങളുടെ മേൽനോട്ടം വഹിച്ചിരുന്നത്. എന്നാൽ നിലവിലെ ലോക്സഭയ്ക്കുള്ള കമ്മിറ്റി ഇതുവരെ രൂപവത്കരിച്ചിട്ടില്ല. സെക്രട്ടേറിയറ്റ് ഓഫീസാണ് കാറ്ററിംഗ് ഏജൻസിയെ മാറ്റുന്നത് സംബന്ധിച്ച് തീരുമാനം എടുത്തതെന്നാണ് വിവരം.
കാറ്ററിംഗ് സേവനത്തിനായി നിലവിൽ നൂറിലധികം നോർത്തേൺ റെയിൽവേ ജീവനക്കാരാണ് പാർലമെന്‍റിലുള്ളത്. ഇതിനുപുറമെ സഭാ കാലയളവിൽ 75ലധികം ജീവനക്കാരെ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആന്‍റ് ടൂറിസം കോർപറേഷൻ നിയമിക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.