ജി20 ഉച്ചകോടി: സംയുക്ത പ്രസ്താവനയിൽ ധാരണയായെന്ന് നരേന്ദ്ര മോദി
text_fieldsന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ യുദ്ധം സംബന്ധിച്ച വെല്ലുവിളികൾക്കിടയിൽ ജി20 രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയിൽ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സംയുക്ത പ്രസ്താവനയിൽ ധാരണയായ വിവരം അറിയിച്ചത്.
തനിക്ക് നല്ല വാർത്ത ലഭിച്ചുവെന്ന് പറഞ്ഞാണ് സംയുക്ത പ്രസ്താവനയിൽ ധാരണയായ വിവരം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. നമ്മുടെ ടീമിന്റെ കഠിനാധ്വാനത്തിന്റെ ഫലമായി ജി20 രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയിൽ ധാരണയായിട്ടുണ്ട്. ഈ സന്ദർഭത്തിൽ ഇതിനായി പ്രവർത്തിച്ച എന്റെ ഷെർപ്പയെയും മന്ത്രിമാരേയും അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വികസനപരവും ഭൗമരാഷ്ട്രീയപരവുമായ എല്ലാ വിഷയങ്ങളിലും 100 ശതമാനം സമവായത്തോടെയാണ് ഉച്ചകോടിക്കുള്ള സംയുക്ത പ്രസ്താവന തയാറാക്കിയതെന്ന് ജി20 ഷെർപ്പ അമിതാഭ് കാന്ത് പറഞ്ഞു. യുക്രെയ്ൻ വിഷയത്തിലടക്കം ഉണ്ടായിരുന്ന അഭിപ്രായ ഭിന്നതകൾ പരിഹരിച്ചാണ് ജി20യുടെ സംയുക്ത പ്രസ്താവന തയാറാക്കിയിരിക്കുന്നതെന്നാണ് വിവരം.
രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ജി20 ഉച്ചകോടിക്ക് ഇന്നാണ് ഡൽഹിയിൽ തുടക്കമായത്. 30തിലധികം രാജ്യങ്ങൾ ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. അതേസമയം, ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ്ങും റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനും ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.