പുതിയ ആദായ നികുതി ബിൽ പാർലമെന്റിലേക്ക്
text_fieldsനിർമല സീതാരാമൻ
ന്യൂഡൽഹി: ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് ആദായ നികുതിയിൽ കിഴിവ് വ്യവസ്ഥ ചെയ്യുന്ന പുതിയ ആദായ നികുതി ബിൽ- 2025 വ്യാഴാഴ്ച പാർലമെന്റിലേക്ക്. ക്രിപ്റ്റോ ഇടപാടുകൾ സംബന്ധിച്ച് വിശദമായ വിവരം ആവശ്യപ്പെടുന്ന പുതിയ വ്യവസ്ഥകൂടി ഉൾപ്പെടുത്തിയാണ് ബിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കുക.
നിലവിലെ ആദായ നികുതി നിരക്കുകളിലും മൂലധന നികുതി നിരക്കുകളിലും മാറ്റമൊന്നും നിർദേശിക്കാത്ത ബിൽ, ആദായ നികുതി കിഴിവിന് അർഹമായ സംഭാവനകൾക്കുള്ള ചട്ടങ്ങളിൽ ഭേദഗതി നിർദേശിക്കുന്നുണ്ട്.
നികുതി കണക്കാക്കുന്ന മൂല്യനിർണയ വർഷം(അസസ്മെന്റ് ഇയർ) ഇനി മുതൽ നികുതി വർഷം (ടാക്സ് ഇയർ) ആയി മാറും. ആദായ നികുതിയിൽനിന്നുള്ള കിഴിവുകൾ ഏതൊക്കെയെന്ന് പുതിയ ബില്ലിന്റെ എട്ടാം അധ്യായത്തിലാണുള്ളത്. ഈ അധ്യായത്തിലെ 123 മുതൽ 154 വരെയുള്ള വ്യവസ്ഥകൾ കിഴിവുകൾ ഏതൊക്കെയെന്ന് വ്യക്തമാക്കുന്നു. ശമ്പളത്തിന്റെ നികുതിയിൽനിന്നുള്ള ഇളവുകളായ സ്റ്റാൻഡേർഡ് ഡിഡക്ഷൻ, ഗ്രാറ്റ്വിറ്റി, ലീവ് എൻകാഷ്മെന്റ് തുടങ്ങിയ ഇളവുകൾ ഒരുമിച്ച് രേഖപ്പെടുത്തുന്ന തരത്തിലാണ് ബില്ലിൽ വിഭാവനം ചെയ്തിട്ടുള്ളത്. 2023-24ലെ ബജറ്റിൽ തുടങ്ങിയ അഗ്നിപഥ് പദ്ധതിക്ക് സംഭാവന ചെയ്യുന്നവർക്കുള്ള കിഴിവ് പുതിയ ബില്ലിലുമുണ്ട്.
ലോട്ടറി, കുതിരപ്പന്തയം, ശീട്ടുകളികൾ, ഓൺലൈൻ ഗെയിമുകൾ, വിർച്വൽ ഡിജിറ്റൽ സ്വത്തുക്കളിൽനിന്നുള്ള ട്രാൻസ്ഫർ എന്നിവക്കുള്ള നികുതിക്കായി പ്രത്യേക വ്യവസ്ഥ (194) ബില്ലിലുണ്ട്. 509ാമത്തെ വ്യവസ്ഥ പ്രകാരം തങ്ങളുടെ ക്രിപ്റ്റോ ഇടപാടുകൾ സംബന്ധിച്ച വിശദ വിവരം നികുതിദായകർ നൽകണം. ആദായ നികുതി ഇളവിന് അർഹമായ സംഭാവനകൾക്കുള്ള ചട്ടങ്ങളിലും പുതിയ ബിൽ ഭേദഗതി നിർദേശിക്കുന്നുണ്ട്.
നിലവിൽ 16 പട്ടികകളിലായി (ഷെഡ്യൂൾ) 298 വകുപ്പുകൾ (സെക്ഷൻ) ഉള്ള ആദായ നികുതി നിയമത്തിന് പകരം 23 അധ്യായങ്ങളിലായി (ചാപ്റ്റർ) 536 വ്യവസ്ഥകൾ (ക്ലോസ്) ആണ് പുതിയ ബില്ലിലുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.