നടക്കാൻ പോകുന്നത് വെട്ടിമുറിച്ച് പുതുതായുണ്ടാക്കിയ ജമ്മു-കശ്മീരിലെ പ്രഥമ നിയമസഭ തെരഞ്ഞെടുപ്പ്
text_fieldsന്യൂഡൽഹി: ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കി പ്രത്യേക പദവി എടുത്തുകളഞ്ഞ് ജമ്മു-കശ്മീരിനെ രണ്ടാക്കി വെട്ടിമുറിച്ച് പുതുതായുണ്ടാക്കിയ ജമ്മു-കശ്മീർ സംസ്ഥാനത്തെ പ്രഥമ നിയമസഭ തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്.
പഴയ ജമ്മു-കശ്മീർ സംസ്ഥാനത്തിന്റെ വലിയൊരു ഭൂപ്രദേശമായിരുന്ന ലഡാകിനെ മുറിച്ചുമാറ്റി കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയതിനാൽ അവിടെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കില്ല. അവശേഷിച്ച ജമ്മുവിലും കശ്മീരിലും മണ്ഡല പുനർ നിർണയം നടത്തിയും ഗോത്രവിഭാഗങ്ങൾക്കും പട്ടികജാതിക്കാർക്കും പുതുതായി സംവരണ മണ്ഡലങ്ങൾകൊണ്ട് സാഹചര്യങ്ങൾ പരമാവധി തങ്ങൾക്ക് അനുകൂലമാക്കിയിരിക്കുകയാണ് ബി.ജെ.പി. ഇതോടെ 90 അംഗ നിയമസഭയിൽ ഒമ്പത് മണ്ഡലങ്ങൾ പട്ടിക വർഗക്കാർക്കും ഏഴ് മണ്ഡലങ്ങൾ പട്ടിക ജാതിക്കാർക്കുമായി മാറ്റിയിട്ടുണ്ട്.
2014 നവംബർ -ഡിസംബർ മാസത്തിലാണ് ഏറ്റവുമൊടുവിൽ അവിഭക്ത ജമ്മു-കശ്മീർ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. തുടർന്ന് ബി.ജെ.പി- പി.ഡി.പി (പീപ്ൾസ് ഡെമോക്രാറ്റിക് പാർട്ടി) സഖ്യമുണ്ടാക്കി മഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലിരിക്കുമ്പോഴാണ് 2018ൽ പൊടുന്നനെ ബി.ജെ.പി പിന്തുണ പിൻവലിക്കുകയും മോദി സർക്കാർ ഗവർണറെക്കൊണ്ട് നിയമസഭ പിരിച്ചുവിടുവിപ്പിക്കുകയും സംസ്ഥാനം രണ്ടായി മുറിക്കുകയും 370ം അനുച്ഛേദം റദ്ദാക്കുകയും ചെയ്തത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ ഫാറൂഖ് അബ്ദുല്ല നയിക്കുന്ന ജമ്മു-കശ്മീർ നാഷനൽ കോൺഫറൻസിനും ബി.ജെ.പിക്കും രണ്ട് സീറ്റുകളും ലഭിച്ചപ്പോൾ അഞ്ചാമത്തെ സീറ്റിൽ അബ്ദുൽ റാശിദ് ശൈഖ് എന്ന സ്വതന്ത്ര സ്ഥാനാർഥിയാണ് ജയിച്ചത്. ഒറ്റക്ക് മത്സരിച്ച് നിയമസഭയിൽ ഭൂരിപക്ഷം നേടുമെന്ന് നാഷനൽ കോൺഫറൻസും പ്രഖ്യാപിച്ചതിനാൽ ‘ഇൻഡ്യ’ മുന്നണിയിലെ കോൺഗ്രസും പി.ഡി.പിയും ഒറ്റക്കൊറ്റക്ക് മത്സരിക്കാനിടയുണ്ട്. ഗുലാം നബി ആസാദിന്റെ പുതിയ പാർട്ടി ഒറ്റക്കുനിന്നോ ഒപ്പം നിന്നോ ബി.ജെ.പിയെ സഹായിക്കാനിടയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.