'പുതിയ കശ്മീർ ഇതാണ്' -തന്നെയും കുടുംബത്തെയും വീട്ടുതടങ്കലിലാക്കിയതായി ഉമർ അബ്ദുല്ല
text_fieldsഉമർ അബ്ദുല്ല
ശ്രീനഗർ: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയെയും കുടുംബത്തെയും വീണ്ടും വീട്ടുതടങ്കലിലാക്കി. ട്വിറ്ററിലൂടെയാണ് നാഷനൽ കോൺഫറൻസ് നേതാവായ ഉമർ വിവരം അറിയിച്ചത്.
തന്‍റെ പിതാവും പാർട്ടി അധ്യക്ഷനുമായ ഫാറൂഖ് അബ്ദുല്ല, സഹോദരി, കുട്ടികള്‍ എന്നിവരെയും അധികൃതര്‍ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് ഉമര്‍ ട്വീറ്റ് ചെയ്തു. ഗുപ്കാറിലെ വീടിനു പുറത്ത് വാഹനങ്ങളിലെത്തിയ പൊലീസ് സംഘത്തിന്‍റെ ചിത്രങ്ങൾ അദ്ദേഹം ട്വീറ്റ് ചെയ്തു.
'2019 ആഗസ്റ്റിനു ശേഷമുള്ള പുതിയ ജമ്മു കശ്മീരാണിത്. യാതൊരു വിശദീകരണവുമില്ലാതെ ഞങ്ങളെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയാണ്. സിറ്റിങ് എം.പി കൂടിയായ പിതാവിനെയും എന്നെയും വീട്ടുതടങ്കലിലാക്കിയത് ദൗർഭാഗ്യകരമാണ്. സഹോദരിയേയും കുട്ടികളേയും അവരുടെ വീട്ടിലും പൂട്ടിയിട്ടിരിക്കുകയാണ്' ഉമർ ട്വിറ്ററിൽ കുറിച്ചു. വീട്ടുജോലിക്കാരെ അകത്തേക്ക് കടത്തിവിടുന്നില്ലെന്ന് മറ്റൊരു ട്വീറ്റില്‍ ഉമർ ആരോപിച്ചു.
പി.ഡി.പി അധ്യക്ഷയും മുൻമുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിയെ ശനിയാഴ്ച വീട്ടുതടങ്കലിലാക്കിയിരുന്നു. 2019ലെ പുല്‍വാമ ആക്രമണത്തിന്‍റെ രണ്ടാം വാര്‍ഷിക ദിനമായതിനാൽ നേതാക്കൾക്കും വി.ഐ.പികൾക്കും സുരക്ഷാ ഭീഷണിയുണ്ടെന്ന ഇന്‍റലിജൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ജമ്മു കശ്മീര്‍ പൊലീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
വീട്വിട്ട് പുറത്ത്പോകരുതെന്ന നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷ വർധിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഞായറാഴ്ച ജമ്മുവിലെ ബസ്സ്റ്റാൻഡിൽ വെച്ച് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു. ഇവ നിർവീര്യമാക്കാൻ ശ്രമം തുടങ്ങി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.