ലവ് ജിഹാദ് കേസുകളിൽ ജീവപര്യന്തം തടവ് ശിക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടുവരും -ഹിമന്ത ബിശ്വ ശർമ
text_fieldsഗുവാഹത്തി: ലവ് ജിഹാദ് കേസുകളിൽ ജീവപര്യന്തം തടവ് ശിക്ഷ ഉറപ്പുവരുത്തുന്ന നിയമം ഉടൻ കൊണ്ടുവരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഗുവാഹത്തിയിൽ നടന്ന ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു ഹിമന്ത. 'തെരഞ്ഞെടുപ്പ് സമയത്ത് നമ്മൾ ലൗ ജിഹാദിനെ കുറിച്ച് സംസാരിച്ചിരുന്നു. വരും ദിവസങ്ങളിൽ ലവ് ജിഹാദ് കേസുകൾക്ക് ജീവപര്യന്തം തടവ് ശിക്ഷ നൽകുന്ന പുതിയ നിയമം കൊണ്ടുവരും'- അസം മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മുസ്‍ലിംകൾക്ക് ഭൂമി വിൽപന നടത്തുന്നത് തടയാൻ സംസ്ഥാന സർക്കാർ വിവിധ നടപടികൾ സ്വീകരിക്കും. ഹിന്ദുക്കളും മുസ്‍ലിംകളും തമ്മിലുള്ള ഭൂമി ഇടപാടുകൾക്ക് സംസ്ഥാനസർക്കാറിന്റെ അനുമതി അനിവാര്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് മുസ്‍ലിംകൾക്ക് ഭൂമി വിൽപന നടത്തുന്നത് തടയാൻ സംസ്ഥാന സർക്കാർ വിവിധ നടപടികൾ സ്വീകരിക്കുമെന്നും ഹിമന്ത പറഞ്ഞു. ഹിന്ദുക്കളും മുസ്‍ലിംകളും തമ്മിലുള്ള ഭൂമി ഇടപാടുകൾക്ക് സംസ്ഥാന സർക്കാറിന്റെ അനുമതി അനിവാര്യമാക്കും.
നേരത്തെ ഇരുമതങ്ങൾക്കിടയിൽ ഭൂമി കൈമാറ്റം നടന്നിരുന്നു. ഹിന്ദുക്കളുടെ ഭൂമി മുസ്‍ലിംകളും മുസ്‍ലിംകളുടെ ഭൂമി ഹിന്ദുക്കളും വാങ്ങിയിരുന്നു. ഇത്തരം ഇടപാടുകൾ തടയാൻ സർക്കാരിന് കഴിയില്ല. എന്നാൽ ഹിന്ദുവിന്റെ ഭൂമി ഒരു മുസ്‍ലിമിനും തിരിച്ചും വാങ്ങുന്നതും വിൽക്കുന്നതും മുഖ്യമന്ത്രിയുടെ അനുമതിയോടെ മാത്രമായിരിക്കും ഹിമന്ത വ്യക്തമാക്കി.
ആദിവാസികൾ, പട്ടികജാതിക്കാർ, ഒബിസിക്കാർ എന്നിവർ താമസിക്കുന്ന ഭൂമി ഒരിക്കലും കൈമാറ്റം ചെയ്യാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അസമിലെ നിയോ വൈഷ്ണവ സംസ്‌കാരത്തിന്റെ പ്രധാന കേന്ദ്രങ്ങളായ ബാർപേട്ട, മജൂലി, ബട്ടദ്രാവ എന്നിവിടങ്ങളിലെ ഭൂമി വിൽപന നാട്ടുകാർക്ക് മാത്രമായി പരിമിതപ്പെടുത്തും.
അതുപോലെ, സർക്കാർ ജോലി ലഭിക്കുന്നതിനുള്ള നിർബന്ധിത യോഗ്യതാ മാനദണ്ഡം അസമിൽ ജനിച്ച വ്യക്തിയായിരിക്കണമെന്ന പുതിയ നിയമവും ഉടൻ നടപ്പാക്കുമെന്നും ഹിമന്ത പറഞ്ഞു. സർക്കാറിന്റെ ഒരു ലക്ഷം ജോലി നിയമങ്ങളിൽ സിംഹഭാഗവും തദ്ദേശീയരായ യുവാക്കളാകും.
അസമിൽ ജനിച്ചവരെ ഇവിടെ സർക്കാർ ജോലിക്ക് യോഗ്യരാക്കുന്ന രീതിയിലുള്ള താമസ നയം സംസ്ഥാന സർക്കാർ അവതരിപ്പിക്കുമെന്നും ഹിമന്ത വ്യക്തമാക്കി. 2041 ൽ അസം മുസ്‍ലിം ഭൂരിപക്ഷമായി മാറുമെന്ന് ഹിമന്ത ശർമ പ്രസ്താവിച്ചിരുന്നു. എല്ലാ പത്ത് വർഷം കൂടുമ്പോഴും മുസ്‍ലിം ജനസംഖ്യയിൽ 30 ശതമാനത്തിന്റെ വർധനവ് ഉണ്ടാകും. സംസ്ഥാനത്തെ ജനസംഖ്യാഅനുപാതത്തിൽ മാറ്റമുണ്ടാകുന്നത് ഗുരുതരമായ വിഷയമാണെന്നും ഹിമന്ത പറയുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.