ലോക്സഭ തെരഞ്ഞെടുപ്പ്: തീയതി നാളെ പ്രഖ്യാപിക്കും
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് തീയതികൾ ശനിയാഴ്ച പ്രഖ്യാപിച്ചേക്കും. നാളെ വൈകീട്ട് മൂന്ന് മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. ഏഴോ എട്ടോ ഘട്ടങ്ങളായാവും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ കമീഷൻ അംഗങ്ങൾ എല്ലാ സംസ്ഥാനങ്ങളിലും പര്യടനം പൂർത്തിയാക്കിയിരുന്നു. ജമ്മു കശ്മീരിലായിരുന്നു അവസാന പര്യടനം. ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, ഒഡിഷ, സിക്കിം നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പും ഇതിനൊപ്പം പ്രഖ്യാപിക്കും.
543 ലോക്സഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ബി.ജെ.പി 267 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ ഇതിനകം പ്രഖ്യാപിച്ചപ്പോൾ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് 82 മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്.
തെരഞ്ഞെടുപ്പ് കമീഷനിലെ പുതിയ അംഗങ്ങളായി ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു എന്നിവർ ചുമതലയേറ്റിരുന്നു. മുഖ്യ കമീഷണർ രാജീവ് കുമാറുമായുള്ള തർക്കത്തെ തുടർന്ന് ഈ മാസം ഏഴിന് രാജിവെച്ച അരുൺ ഗോയലിന്റെയും കഴിഞ്ഞമാസം വിരമിച്ച അനൂപ് ചന്ദ്ര പാണ്ഡെയുടെയും ഒഴിവുകൾ നികത്താൻ തെരഞ്ഞെടുക്കപ്പെട്ട ഇരുവരും 1988 ബാച്ച് റിട്ട. ഐ.എ.എസ് ഓഫിസർമാരാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് ലോക്സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർ അംഗങ്ങളുമായ സമിതിയാണ് ഇവരുടെ പേരുകൾ രാഷ്ട്രപതിക്ക് ശിപാർശ ചെയ്തത്. അധീർ രഞ്ജൻ ചൗധരിയുടെ എതിർപ്പ് അവഗണിച്ചാണ് നിയമനം. 2023ൽ കൊണ്ടുവന്ന വിവാദ നിയമം ഉപയോഗിച്ച് പുതുതായി രണ്ട് കമീഷണർമാരെ നിയമിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ സുപ്രീംകോടതി പരിഗണിക്കാനിരിക്കേയാണ് ഇരുവരുടെയും നിയമനത്തിന് രാഷ്ട്രപതി അംഗീകാരം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.