കർണാടകയിലെ മന്ത്രിമാർ -സാധ്യത ഇങ്ങനെ...
text_fieldsബംഗളൂരു: കർണാടകയിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അധികാരത്തിലേറാനിരിക്കെ സത്യപ്രതിജ്ഞ ചെയ്യുന്നവരുടെ സാധ്യതാ പട്ടിക പുറത്ത്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരെ കൂടാതെ ജി. പരമേശ്വര, കെ.എച്ച് മുനിയപ്പ (ദലിത്), കെ.ജെ ജോർജ് (ക്രിസ്ത്യൻ), എം.ബി പാട്ടീൽ (ലിംഗായത്ത്), സതീഷ് ജാർക്കിഹോളി, പ്രിയങ്ക് ഖാർഗെ, രാമലിംഗ റെഡ്ഡി, സമീർ അഹമ്മദ് ഖാൻ (മുസ് ലിം) എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്യുകയെന്നാണ് ലഭിക്കുന്ന വിവരം.
34 പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സാധിക്കും. മന്ത്രിസഭയിലും ബോർഡ് കോർപറേഷൻ ചെയർമാൻ സ്ഥാനങ്ങളിലും ജാതി- മത പ്രാതിനിധ്യത്തിന് തുല്യപരിഗണന നൽകാനാണ് കോൺഗ്രസ് തീരുമാനം. മന്ത്രിയാകാൻ സാധ്യതയുള്ള പ്രിയങ്ക് ഖാർഗെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനാണ്.
ഉച്ചക്ക് 12.30ന് ബംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. ഗവർണർ താവർചന്ദ് ഗെഹ് ലോട്ട് സത്യപ്രതിജ്ഞ ചൊല്ലി നൽകും. ഒരു ലക്ഷംപേർ ചടങ്ങിന് സാക്ഷികളാവും. 75കാരനായ സിദ്ധരാമയ്യ രണ്ടാംതവണയാണ് കർണാടക മുഖ്യമന്ത്രിയാകുന്നത്.
രാജ്യത്തെ പ്രതിപക്ഷ നിരയിൽനിന്ന് 20 നേതാക്കൾ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. ബി.ജെ.പിയെ പൊതുശത്രുവാക്കി ദേശീയ-പ്രാദേശിക പാർട്ടികളുടെ സഖ്യം രൂപപ്പെടുത്താനുള്ള നീക്കം സജീവമാകുന്നതിനിടെയാണ് കർണാടകയിലെ വേദിയിൽ പ്രതിപക്ഷ നേതാക്കൾ ഒന്നിക്കുന്നത്. പോണ്ടിച്ചേരിയിലെയും വിവിധ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും ചടങ്ങിന് സാക്ഷ്യം വഹിക്കും.
ആർ.വി. ദേശ്പാണ്ഡെ, ദിനേശ് ഗുണ്ടുറാവു, കൃഷ്ണ ബൈരെ ഗൗഡ, ടി.ബി. ജയചന്ദ്ര, എച്ച്.സി. മഹാദേവപ്പ, ലക്ഷ്മി ഹെബ്ബാൾക്കർ, ചലുവരായ സ്വാമി, യു.ടി. ഖാദർ, തൻവീർസേട്ട്, എൻ.എ. ഹാരിസ്, ബി.കെ. ഹരിപ്രസാദ്, സലിം അഹമ്മദ് തുടങ്ങിയവരും പട്ടികയിൽ മുന്നിലുണ്ട്.
34 ലിംഗായത്ത് എം.എൽ.എമാരാണ് കോൺഗ്രസിലുള്ളത്. 22 എസ്.സി എം.എൽ.എമാരും 15 എസ്.ടി എം.എൽ.എമാരും ഒമ്പത് മുസ്ലിം എം.എൽ.എമാരും കോൺഗ്രസിൽ വിജയിച്ചിരുന്നു.
പ്രചാരണ കമ്മിറ്റി കൺവീനറായിരുന്ന എം.ബി. പാട്ടീലിന് പുറമെ, ജഗദീഷ് ഷെട്ടാറിനെയും ലക്ഷ്മൺ സവാദിയെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും. ഷെട്ടാർ തെരഞ്ഞെടുപ്പിൽ തോൽവി വഴങ്ങിയെങ്കിലും അദ്ദേഹത്തെ എം.എൽ.സിയാക്കി നാമനിർദേശം ചെയ്തു സർക്കാറിന്റെ ഭാഗമാക്കാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.