അയോധ്യയിലെ പുതിയ മസ്ജിദ്: റിപബ്ലിക് ദിനത്തിൽ ദേശീയ പതാക ഉയർത്തി നിർമാണം തുടങ്ങും
text_fieldsഅയോധ്യ: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ അയോധ്യയിൽ നിർമിക്കുന്ന മസ്ജിദിന്‍റെ നിർമാണം റിപബ്ലിക് ദിനത്തിൽ വൃക്ഷത്തെകൾ നട്ടും ദേശീയ പാതാക ഉയർത്തിയും ആരംഭിക്കും. രാമക്ഷേത്രം നിർമിക്കുന്ന സ്ഥലത്തുനിന്ന് 25 കിലോമീറ്റർ അകലെ അഞ്ച് ഏക്കർ സ്ഥലത്താണ് ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫണ്ടേഷൻ ട്രസ്റ്റിന്‍റെ കീഴിൽ നിർമാണം ആരംഭിക്കുന്നത്. ജനുവരി 26ന് രാവിലെ 8.30നാണ് ചടങ്ങ് ആരംഭിക്കുക.
ഇതിന്‍റെ ഭാഗമായി ഫൗണ്ടേഷനിലെ ഒമ്പത് ട്രസ്റ്റിമാർ ഞായറാഴ്ച യോഗം ചേർന്നു. വിദേശ സംഭാവന സ്വീകരിക്കുന്നതിൽ ആദായനികുതി വകുപ്പിന്‍റെ ക്ലിയറൻസ് ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കൽ, 26ലെ കാര്യപരിപാടികൾ എന്നിവ യോഗം ചർച്ചചെയ്തു.
പ്രദേശത്തെ നാട്ടുകാരെ സേവിക്കാനും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുമാണ് വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നത്. ആമസോൺ മഴക്കാടുകൾ, ആസ്‌ട്രേലിയ എന്നിവക്ക് പുറമെ മറ്റു വിദേശ നാടുകളിൽനിന്നുള്ള മരങ്ങൾ ഇവിടെ വളരും. ഇതോടൊപ്പം ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള ചെടികളും നട്ടുപിടിപ്പിക്കും.
പള്ളിയോടനുബന്ധിച്ച് നിർമിക്കുന്ന ആശുപത്രി, മ്യൂസിയം, ലൈബ്രറി, കമ്മ്യൂണിറ്റി കിച്ചൺ, ഇന്തോ-ഇസ്ലാമിക് കൾച്ചറൽ റിസർച്ച് സെന്‍റർ, പബ്ലിക്കേഷൻ ഹൗസ് എന്നിവയുടെ പ്ലാൻ അംഗീകരിക്കാൻ അപേക്ഷ നൽകാനും യോഗം തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായുള്ള മണ്ണ് പണിശോധന ആരംഭിച്ചിട്ടുണ്ട്.
പള്ളിയോടനുബന്ധിച്ച് 300 കിടക്കകളുള്ള മൾട്ടി സ്പെഷാലിറ്റി ആശുപത്രി, ദിവസം രണ്ടുനേരം സൗജന്യ ഭക്ഷണം വിളമ്പുന്ന സമൂഹ അടുക്കള, ഹിന്ദു-മുസ്ലിം സംസ്കൃതി വിവരിക്കുന്ന മ്യൂസിയം, ഇന്ത്യയിലെ ഇസ്ലാമിക സംസ്കാരവും സാഹിത്യവും സംബന്ധിച്ച പഠനത്തിന് ഗവേഷണ സൗകര്യമുള്ള ലൈബ്രറി, പുസ്തക പ്രസാധനശാല എന്നിവയെല്ലാമാണ് ഇവിടെ ഉയരുക.
ധന്നിപ്പുർ ഗ്രാമത്തിൽ സർക്കാർ അനുവദിച്ച അഞ്ച് ഏക്കർ ഭൂമിയിലാണ് നിർമാണം. പരമ്പരാഗത ശൈലിയിൽനിന്ന് ഭിന്നമായി ആധുനിക രീതിയിലാണ് മസ്ജിദ് രൂപകൽപന ചെയ്തിരിക്കുന്നത്. വൃത്താകൃതിയിലുള്ള മസ്ജിദിൽ രണ്ട് നിലയിലായി 2000 പേർക്ക് നമസ്കരിക്കാൻ സൗകര്യമുണ്ടാകും.
1700 ചതുരശ്ര മീറ്റർ ചുറ്റളവിലാണ് മസ്ജിദ് നിർമിക്കുന്നത്. കാലോചിത രീതിയിലുള്ള രണ്ട് മിനാരങ്ങളും ഗ്ലാസ് താഴികക്കുടവുമുണ്ട്. പൂർണമായും സൗരോർജം ഉപയോഗിക്കുന്നതിനാൽ 'സീറോ എനർജി' ആയിരിക്കും മസ്ജിദിന്‍റെ മറ്റൊരു സവിശേഷത.
ആദ്യഘട്ടത്തിൽ മസ്ജിദ് മാത്രമാണ് നിർമിക്കുന്നത്. ആശുപത്രിയും മറ്റും രണ്ടാംഘട്ടത്തിലാണ്. പോഷകാഹാരക്കുറവുമൂലം രോഗങ്ങളുള്ള കുട്ടികൾക്കും ഗർഭിണികൾക്കുമുൾപ്പെടെ സമീപ്രദേശങ്ങളിലുള്ളവർക്ക് പ്രയോജനപ്പെടുന്ന രീതിയിലാണ് ആശുപത്രി വിഭാവനം ചെയ്തിരിക്കുന്നത്. ഭാവിയിൽ ആശുപത്രിയോട് ചേർന്ന് നഴ്സിങ്-പാരാമെഡിക്കൽ കോളജും നിർമിക്കാൻ ആലോചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.