കർഷക സമരത്തിനെതിരെ പുതിയ നീക്കം; ദേശീയ മനുഷ്യാവകാശ കമീഷൻ റിപ്പോർട്ട് തേടി
text_fieldsന്യൂഡൽഹി: ഡൽഹി അതിർത്തിയിൽ തുടരുന്ന കർഷകസമരത്തിനെതിരായ ഏറ്റവും പുതിയ നീക്കത്തിൽ ദേശീയ മനുഷ്യാവകാശ കമീഷൻ കേന്ദ്രത്തിനും നാലു സംസ്ഥാന സർക്കാറുകൾക്കും നോട്ടീസ് അയച്ചു. വ്യവസായ- ഗതാഗത മേഖലകൾക്ക് കർഷക സമരമുണ്ടാക്കുന്ന പ്രത്യാഘാതം സംബന്ധിച്ച് റിപ്പോർട്ട് നൽകാനാണ് കേന്ദ്രത്തോടും യു.പി, രാജസ്ഥാൻ, ഡൽഹി, ഹരിയാന സർക്കാറുകളോടും കമീഷൻ ആവശ്യപ്പെട്ടത്.
കേന്ദ്രം കൊണ്ടുവന്ന മൂന്നു വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ സിംഘു, ടിക്രി, ഗാസിപൂർ എന്നിവിടങ്ങളിൽ കഴിഞ്ഞ വർഷം നവംബർ 25ന് കർഷകർ സമരം തുടങ്ങിയത്. കേന്ദ്ര സർക്കാറിനും ബി.ജെ.പിക്കും കടുത്ത തലവേദനയായ സമരം അവസാനിപ്പിക്കാൻ സുപ്രീംകോടതിക്ക് കഴിയാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം. സമരത്തിനെതിെര ബി.ജെ.പിയും കേന്ദ്ര സർക്കാറും ഉന്നയിക്കുന്ന ഏതാണ്ടെല്ലാ ആരോപണങ്ങൾക്കും വിശദീകരണം തേടിയാണ് ജസ്റ്റിസ് അരുൺകുമാർ മിശ്ര അധ്യക്ഷനായ കമീഷൻ നോട്ടീസ് അയച്ചത്. സമരം വ്യവസായ വാണിജ്യമേഖലയിലുണ്ടാക്കിയ പ്രത്യാഘാതം, ഗതാഗതമടക്കം, ഉപഭോക്താക്കൾക്കുണ്ടാക്കിയ അധിക ചെലവ്, ബുദ്ധിമുട്ടുകൾ എന്നിവ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇക്കണോമിക് ഗ്രോത്തിനെ (െഎ.ഇ.ജി) കമീഷൻ ചുമതലപ്പെടുത്തി. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, കേന്ദ്ര ആേരാഗ്യ മന്ത്രാലയം എന്നിവരും റിേപ്പാർട്ട് സമർപ്പിക്കണം.
മനുഷ്യാവകാശ പ്രവർത്തക സമരസ്ഥലത്ത് ലൈംഗികാതിക്രമത്തിനിരയായെന്ന ആരോപണത്തിൽ ജില്ല മജിസ്ട്രേറ്റിൽ നിന്ന് ഇതുവരെ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ഒക്ടോബർ 10നകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമീഷൻ നിർദേശിച്ചു.
സമരം ജനജീവിതത്തെയും ഉപജീവന മാർഗങ്ങളെയും പ്രായമായവരിലുണ്ടാക്കിയ പ്രത്യാഘാതത്തേയും പറ്റി പഠിക്കാൻ ഡൽഹി സ്കൂൾ ഒാഫ് സോഷ്യൽ വർക്കിനെയും ചുമതലപ്പെടുത്തി. 9000ത്തോളം ചെറുകിട, ഇടത്തരം, വലിയ കമ്പനികളെ കർഷകസമരം ഗുരുതരമായി ബാധിക്കുന്നതായി ആരോപണമുണ്ടെന്ന് കമീഷൻ നോട്ടീസിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.