പുതിയ പാര്‍ലമെന്റ് മന്ദിരം 28ന് ഉദ്ഘാടനം ചെയ്‌തേക്കും
text_fieldsന്യൂഡല്‍ഹി: സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി പണിത പുതിയ പാര്‍ലമെന്റ് മന്ദിരം ഈ മാസം 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌തേക്കും. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറി ഒമ്പത് വര്‍ഷം പൂര്‍ത്തിയാകുന്നതിന്‍റെ അടയാളപ്പെടുത്തലായി പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കാനാണ് കേന്ദ്ര സർക്കാരിന്‍റെ തീരുമാനം. അതുകൊണ്ട് തന്നെ വലിയ ആഘോഷ പരിപാടികളാണ് ഇതിന്റെ ഭാഗമായി സംഘടിപ്പിക്കാനൊരുങ്ങുന്നത്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.
പുതിയ പാർലമെന്‍റ് മന്ദിര നിർമാണം അന്തിമ ഘട്ടത്തിലാണ്. 970 കോടി രൂപ ചെലവില്‍ ടാറ്റ പ്രോജക്ട്‌സ് ആണ് 64,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടം നിര്‍മിച്ചത്. നാലു നില കെട്ടിടത്തിൽ രാജ്യസഭയിലും ലോക്‌സഭയിലുമായി 1224 എംപിമാരെയും മറ്റ് ഉദ്യോഗസ്ഥരെയും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതാണ് പുതിയ പാര്‍ലമെന്റ്.
ഇരുസഭകളിലെയും ഉദ്യോഗസ്ഥർക്ക് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി രൂപകല്പന ചെയ്ത പുതിയ യൂണിഫോം ഉണ്ടായിരിക്കും. പുതിയ കെട്ടടത്തിൽ മൂന്ന് വാതിലുകളാണുള്ളത് - ഗ്യാൻ ദ്വാർ, ശക്തി ദ്വാർ, കർമ്മ ദ്വാർ, കൂടാതെ എംപിമാർക്കും വിഐപികൾക്കും സന്ദർശകർക്കും വെവ്വേറെ എൻട്രികളും ഉണ്ടാവും.
2020 ഡിസംബറിൽ പ്രധാനമന്ത്രി മോദിയാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിട്ടത്. മാര്‍ച്ചില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ദിരത്തിലെത്തി നിര്‍മാണ പുരോഗതി വിലയിരുത്തിയിരുന്നു. 2014 മേയ് 26നായിരുന്നു നരേന്ദ്രമോദി അധികാരത്തിലേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.