തെലങ്കാനയിൽ പുതിയ രാഷ്ട്രീയ നീക്കം?
text_fieldsബംഗളൂരു: ഈ വർഷം നടക്കാനിരിക്കുന്ന തെലങ്കാന തെരഞ്ഞെടുപ്പിൽ സഖ്യ സാധ്യതയുടെ സൂചനയായി വൈ.എസ്.ആർ തെലങ്കാന പാർട്ടി അധ്യക്ഷ വൈ.എസ്. ശർമിളയും കർണാടക ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാറും തമ്മിൽ കൂടിക്കാഴ്ച നടത്തി.
തിങ്കളാഴ്ച ബംഗളൂരുവിൽ ശിവകുമാറിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കർണാടകയിൽ കോൺഗ്രസ് ഉജ്ജ്വല തിരിച്ചുവരവ് നടത്തിയതിൽ നേതൃപരമായ പങ്കുവഹിച്ച ശിവകുമാർ ഉപമുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്.
നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിനുപിന്നാലെ കോൺഗ്രസിന്റെ വിജയത്തെയും ശിവകുമാറിന്റെ നേതൃത്വത്തെയും പ്രശംസിച്ച ശർമിള, തെലങ്കാനയിൽ കെ. ചന്ദ്രശേഖര റാവു സർക്കാറിനെ പുറത്താക്കാൻ തങ്ങൾ ആരുമായും തുറന്ന ചർച്ചക്ക് തയാറാണെന്ന് വ്യക്തമാക്കിയിരുന്നു.
കെ.സി.ആർ താലിബാൻ പ്രസിഡന്റിനെ പോലെയാണ് ഭരിക്കുന്നതെന്നായിരുന്നു കഴിഞ്ഞദിവസം ശർമിളയുടെ ട്വീറ്റ്. കോൺഗ്രസ് വിരുദ്ധ പ്രതിപക്ഷ ചേരിയിലാണ് ആം ആദ്മി, ജെ.ഡി-എസ് തുടങ്ങിയവക്കൊപ്പം ബി.ആർ.എസും നിൽക്കുന്നത്.
തെലങ്കാനയിൽ കോൺഗ്രസുമായി കടുത്ത ശത്രുത പുലർത്തുന്ന കെ.സി.ആറിന്റെ ഭാരത് രാഷ്ട്ര സമിതിക്കെതിരെ (ബി.ആർ.എസ്) സഖ്യത്തിന് കോൺഗ്രസും ശ്രമം നടത്തുന്നുണ്ട്. കർണാടക കോൺഗ്രസിലെ ട്രബ്ൾ ഷൂട്ടറായ ശിവകുമാറിന്റെ നയതന്ത്ര മിടുക്ക് വൈ.എസ്.ആർ.ടി.പിയുമായുള്ള സഖ്യത്തിലൂടെ തെലങ്കാനയിലും പയറ്റാനാണ് കോൺഗ്രസ് നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.