പഞ്ചാബിൽ അമരീന്ദറിന്റെ പിൻഗാമിയെ ഇന്ന് ഉച്ചക്ക് ശേഷം അറിയാം
text_fieldsന്യൂഡൽഹി: പുതിയ പഞ്ചാബ് മുഖ്യമന്ത്രിയെ ഞായറാഴ്ച ഉച്ചക്ക് ശേഷം അറിയാം. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനായി കോൺഗ്രസ് നിർണായക നിയമസഭ കക്ഷിയോഗം വിളിച്ചുചേർത്തിട്ടുണ്ട്.
ശനിയാഴ്ച ചേർന്ന നിയമസഭ കക്ഷി യോഗം മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യവുമായി 50ലധികം എം.എൽ.എമാർ ഹൈകമാൻഡിനെ സമീപിച്ചതോടെയാണ് ക്യാപ്റ്റൻ അമരീന്ദർ സിങ് ശനിയാഴ്ച രാജിവെച്ചത്.
പഞ്ചാബിൽ ഭരണകക്ഷിയായ കോൺഗ്രസിൽ നാളുകളായി തുടരുന്ന ഉൾപ്പോരിനൊടുവിലായിരുന്നു അമരീന്ദറിന്റെ രാജി. അപമാനിതനായാണ് പടിയിറങ്ങുന്നതെന്ന് രാജി നൽകിയശേഷം അമരീന്ദർ മാധ്യമങ്ങളോടു പറഞ്ഞു.
''ഞാൻ ഇന്ന് രാജിവെക്കുകയാണെന്ന് രാവിലെ സോണിയ ഗാന്ധിയെ അറിയിച്ചിരുന്നു. പാർട്ടി എം.എൽ.എമാരെ രണ്ടു തവണ ഡൽഹിയിലേക്ക് വിളിപ്പിക്കുകയുണ്ടായി. ഇപ്പോൾ ചണ്ഡിഗഢിൽ നിയമസഭ കക്ഷിയോഗവും ചേർന്നു. സർക്കാറിനെ നയിക്കാൻ എനിക്ക് കഴിയില്ലെന്ന ചെറിയ സംശയം ഉയർന്നാൽ പോലും ഞാൻ അപമാനിതനായി.'' -അമരീന്ദർ പറഞ്ഞു. ഇനി പാർട്ടിക്ക് വിശ്വാസമുള്ള ആരെ വേണമെങ്കിലും മുഖ്യമന്ത്രിയാക്കാമെന്നും അമരീന്ദർ പറഞ്ഞു. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായ നവ്ജോത് സിങ് സിദ്ദുവും അമരീന്ദറും തമ്മിലുള്ള ഭിന്നതക്കൊടുവിലാണ് അമരീന്ദറിെൻറ രാജി.
മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ളവരിൽ മുന്നിൽ നിൽക്കുന്നത് പഴയ പി.സി.സി പ്രസിഡൻറ് സുനിൽ ഝാക്കറാണ്. പ്രതാപ്സിങ് ബജ്വ, രവ്നീത്സിങ് ബിട്ടു എന്നിവരെയും പരിഗണിക്കുന്നു. അമരീന്ദറിനോട് ഏറ്റുമുട്ടിയ നവ്ജോത്സിങ് സിദ്ദു പി.സി.സി പ്രസിഡൻറ് സ്ഥാനത്തു തുടരും.
ഭാവി പരിപാടികളെ പറ്റി ആരാഞ്ഞ മാധ്യമപ്രവർത്തകരോട്, തെൻറ മുന്നിൽ സാധ്യതകളുണ്ടെന്നും ആവശ്യമായ സമയത്ത് അത് ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജി സ്വീകരിച്ച ഗവർണർ, പുതിയ മന്ത്രിസഭ നിലവിൽ വരുന്നതുവരെ മുഖ്യമന്ത്രി പദത്തിൽ തുടരാൻ അമരീന്ദറിനോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.