ചുമ സിറപ് കയറ്റുമതിക്ക് ജൂൺ മുതൽ പുതിയ ചട്ടം
text_fieldsന്യൂഡൽഹി: ഇന്ത്യൻ നിർമിത ചുമ സിറപ്പിന്‍റെ ഗുണനിലവാരത്തിൽ വിദേശ രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ച പശ്ചാത്തലത്തിൽ മരുന്ന് കയറ്റുമതിക്ക് പുതിയ ചട്ടം കൊണ്ടുവന്ന് കേന്ദ്ര സർക്കാർ.
ചുമ മരുന്നിന്‍റെ സാമ്പിൾ നിർദിഷ്ട സർക്കാർ ലാബുകളിൽ പരിശോധിച്ചതിനുശേഷമേ കയറ്റുമതിക്ക് അനുമതി ലഭിക്കുകയുള്ളൂ. ഇതുസംബന്ധിച്ച് ദ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡി.ജി.എഫ്.ടി) തിങ്കളാഴ്ച വിജ്ഞാപനം ഇറക്കി.
ജൂൺ ഒന്നുമുതൽ ചട്ടം പ്രാബല്യത്തിൽ വരും. ഇന്ത്യൻ ഫാർമക്കോപ്പിയ കമീഷൻ, റീജനൽ ഡ്രഗ് ടെസ്റ്റിങ് ലാബ് (ചണ്ഡിഗഢ്), സെൻട്രൽ ഡ്രഗ്സ് ലാബ് (കൊൽക്കത്ത), സെൻട്രൽ ഡ്രഗ് ടെസ്റ്റിങ് ലാബ് (ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഗുവാഹതി) തുടങ്ങിയവയാണ് ലാബുകൾ.
ഇന്ത്യൻ നിർമിത ചുമ സിറപ്പ് കഴിച്ച് കഴിഞ്ഞ വർഷം ഗാംബിയയിലും ഉസ്ബകിസ്താനിലും കുട്ടികൾ മരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വിദേശ രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചത്.
ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ 65 കുട്ടികള്‍ മരിച്ച സംഭവത്തിന് പിന്നാലെയാണ് ഉസ്‌ബകിസ്താനിൽ 19 മരണം റിപ്പോര്‍ട്ട് ചെയ്തത്. ഹരിയാനയിലെ സോനാപതിലുള്ള എം.എസ് മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡാണ് ഗാംബിയയിലേക്ക് അയച്ച മരുന്ന് നിർമിച്ചത്. നോയിഡ ആസ്ഥാനമായുള്ള മരിയോണ്‍ ബയോടെക് നിർമിച്ച ചുമ മരുന്നായിരുന്നു ഉസ്‌ബകിസ്താനിൽ വില്ലനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.