കോൺഗ്രസ്: ഇടവേള കഴിയാതെ രണ്ടാമൂഴമില്ല
text_fieldsന്യൂഡൽഹി: കോൺഗ്രസ് ഭാരവാഹിത്വത്തിൽ ഇടവേള കഴിയാതെ ഇനി രണ്ടാമൂഴമില്ല. ജില്ല കോൺഗ്രസ് കമ്മിറ്റി മുതൽ മുകളിലേക്കുള്ള നേതൃപദവികളുടെ കാര്യത്തിൽ ഈ നയം നടപ്പാക്കുന്നതിൽ വെള്ളിയാഴ്ച ഉദയ്പുരിൽ തുടങ്ങുന്ന ചിന്താശിബിരം അന്തിമ തീരുമാനമെടുക്കും.
രണ്ടാമൂഴത്തിന് ഇടവേള കൽപിക്കാൻ തന്നെയാണ് തീരുമാനമെടുക്കുന്നതെങ്കിൽ, കസേര മുറുകെ പിടിക്കാൻ ഗ്രൂപ്പും പോരും കരുനീക്കവും നടക്കുന്നവർ പ്രയാസപ്പെടേണ്ടി വരും. ചിന്താശിബിരത്തിലെ ചർച്ചക്കായി വെക്കുന്ന വിവിധ നിർദേശങ്ങളിൽ ഒന്നാണിത്. പദവിയിൽ ആദ്യ ടേം പൂർത്തിയാക്കുന്നവർക്ക് മൂന്നു വർഷം വരെ ഇടവേള നൽകാനും അതുവഴി കൂടുതൽ പേർക്ക് അവസരം നൽകാനുമാണ് നിർദേശം. യുവനിരക്ക് കൂടുതൽ അവസരം നൽകുന്നതിനൊപ്പം ഒരാൾക്ക് ഒരു പദവി, ഒരു കുടുംബത്തിന് ഒറ്റ ടിക്കറ്റ് തുടങ്ങിയ നിർദേശങ്ങളും ചർച്ചക്കു വെക്കുന്നുണ്ട്. രണ്ടു നിർദേശങ്ങളും പാർട്ടി നടപ്പാക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതാണ്. 2008ൽ കർണാടകത്തിൽ ഒരു കുടുംബത്തിന് ഒരു ടിക്കറ്റ് പദ്ധതി പ്രഖ്യാപിച്ചെങ്കിലും കടുത്ത എതിർപ്പാണ് നേരിടേണ്ടി വന്നത്.
ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പാർട്ടി സക്രിയമാക്കാൻ നിരവധി നിർദേശങ്ങൾ വിവിധ ഉപസമിതികളിൽ നിന്ന് പ്രവർത്തക സമിതിക്കു മുമ്പാകെ എത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാര്യങ്ങൾക്കായി പ്രത്യേക ജനറൽ സെക്രട്ടറി, പാർലമെന്ററി ബോർഡ് എന്നീ നിർദേശങ്ങളും അതിൽ ഉൾപ്പെടുന്നു. ബി.ജെ.പി വിരുദ്ധ പാർട്ടികളെ ഒന്നിപ്പിക്കുന്നതിന് കോൺഗ്രസ് നേതൃത്വം നൽകുന്ന വിധത്തിൽ പാർട്ടി തന്ത്രം രൂപപ്പെടുത്തും. ഇതു സംബന്ധിച്ച ചർച്ചകൾക്കായി മുതിർന്ന നേതാക്കളെ നിയോഗിക്കും. അതേസമയം, നേതാവാരെന്ന അനിശ്ചിതത്വം നിലനിർത്തിയാണ് 400ൽപരം വരുന്ന കോൺഗ്രസ് സംഘം ഉദയ്പുരിലേക്ക് ചിന്താശിബിരത്തിന് പോകുന്നത്. പാർട്ടി, തെരഞ്ഞെടുപ്പ് തന്ത്രങ്ങളെല്ലാം ചർച്ച ചെയ്യുന്നുണ്ടെങ്കിലും സംഘടന തെരഞ്ഞെടുപ്പ് കാര്യങ്ങൾ അനിശ്ചിതത്വത്തിൽ തന്നെ. രാഹുൽ സെപ്റ്റംബറിൽ പദവി ഏറ്റെടുക്കുക, 2024 വരെ സോണിയ പാർട്ടി അധ്യക്ഷ സ്ഥാനത്ത് തുടരുക എന്നീ നിർദേശങ്ങൾ ഒരുപോലെ പാർട്ടിക്ക് മുന്നിലുണ്ട്.
സോണിയ മത്സര രംഗത്തു നിന്ന് പിന്മാറുന്ന അടുത്ത തെരഞ്ഞെടുപ്പിൽ, ഒരു കുടുംബത്തിന് ഒരു ടിക്കറ്റ് നിബന്ധനക്ക് അനുസൃതമായി രാഹുൽ മാത്രമാണോ മത്സരിക്കുക എന്ന കാര്യവും ചർച്ചയുടെ അവസ്ഥയിൽ തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.