അക്കൗണ്ടിൽ പണമില്ലേൽ എ.ടി.എമ്മിൽ കയറേണ്ട; പിഴയീടാക്കും; പുറമെ ജി.എസ്.ടിയും
text_fieldsമേയ് ഒന്നുമുതൽ എ.ടി.എമ്മുകളിൽ കയറുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ കീശ കാലിയാകുന്ന വഴിയറിയില്ല. സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന നിരവധി മാറ്റങ്ങളാണ് മേയ് ഒന്നു മുതൽ നടപ്പാക്കിയത്. എ.ടി.എം ഇടപാടുകൾക്ക് ജി.എസ്.ടി പ്രാബല്യത്തിൽ വന്നതാണ് പ്രധാനമാറ്റം.
അക്കൗണ്ടിൽ പൈസയില്ലെങ്കിൽ പിഴ
എ.ടി.എം വഴി പണം പിൻവലിക്കുമ്പോൾ അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലെങ്കിൽ 2023 മെയ് ഒന്ന് മുതൽ പിഴ ഈടാക്കി തുടങ്ങി. പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കിലെ ഉപയോക്താക്കൾക്കാണ് തിരിച്ചടി നേരിട്ടത്.
അക്കൗണ്ടിൽ മതിയായ പണമില്ലാതെ എ.ടി.എമ്മിൽ കയറി പണം പിൻവലിക്കാൻ ശ്രമിക്കുമ്പോൾ പരാജയപ്പെടുന്ന ഇടപാടുകൾക്ക് ഉപഭോക്താക്കളിൽ നിന്നായിരിക്കും ചാർജ് ഈടാക്കുന്നത്. ഇത്തരം ഇടപാടുകൾക്ക് 10 രൂപയും കൂടാതെ ജി.എസ്.ടിയും പിഴയായി ഈടാക്കുമെന്ന് പി.എൻ.ബി വെബ്‌സൈറ്റിൽ പറയുന്നു. മാത്രമല്ല അധിക നിരക്ക് ഈടാക്കുന്നതിനെക്കുറിച്ച് ഉപഭോക്താക്കളെ അറിയിക്കുന്നതിനായി എസ്.എം.എസ് അലർട്ടുകളും ബാങ്ക് നൽകിത്തുടങ്ങിയിട്ടുണ്ട്.
കൂടാതെ അക്കൗണ്ടിൽ മതിയായ ബാലൻസ് ഉണ്ടെങ്കിലും എ.ടി.എമ്മിൽ നിന്ന് ഇടപാട് പരാജയപ്പെടുകയാണെങ്കിൽ പ്രശ്നം പരിഹരിക്കാൻ പഞ്ചാബ് നാഷനൽ ബാങ്ക് മാർഗ നിർദേശങ്ങൾ പുറത്തുവിട്ടു. എ.ടി.എം ഇടപാട് പരാജയപ്പെട്ടൽ അത് സംബന്ധിച്ച് ഉപഭോക്താക്കളുടെ പരാതി ലഭിച്ച് ഏഴു ദിവസത്തിനകം ബാങ്ക് പ്രശ്നം പരിഹരിക്കും. മാത്രമല്ല 30 ദിവസത്തിനകം പ്രശ്നം പരിഹരിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടാൽ ഉപഭോക്താക്കൾക്ക് പ്രതിദിനം 100 രൂപ നിരക്കിൽ നഷ്ടപരിഹാരം ലഭിക്കും.
ടാറ്റ മോട്ടോഴ്സ് കാറുകളുടെ വില കൂട്ടി
രാജ്യത്ത് ഏറ്റവും കൂടുതൽ വിൽപനയുള്ള കാർനിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് വില വർധിപ്പിച്ചതാണ് മറ്റൊന്ന്. ടാറ്റ മോട്ടോഴ്സിന്റെ എല്ലാ മോഡലുകൾക്കും 0.6 ശതമാനം വരെ വില കൂട്ടിയിട്ടുണ്ട്. ഈ വർഷം ഇത് രണ്ടാംതവണയാണ് ടാറ്റ മോട്ടോഴ്സ് കാർ വില വർധിപ്പിക്കുന്നത്. ഓഡിയും വില വർധിപ്പിക്കാനൊരുങ്ങുകയാണ്. എസ്.യു.വിയുടെ ക്യൂ3, ക്യൂ3 സ്പോർട്ബാക്ക് എന്നിവയുടെ വില ഒരു ലക്ഷം വരെ വർധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.