ലഡാക്കിലെ ചൈനീസ് പിന്മാറ്റത്തിന്‍റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്
text_fieldsന്യൂഡൽഹി: ലഡാക്കിലെ പാങ്ഗോങ് തടാകക്കരയിൽ നിന്ന് ചൈനീസ് സൈന്യം പിന്മാറിയതിന്‍റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. മാക്സർ ടെക്നോളജീസ് ആണ് പാങ്ഗോങ് തടാകക്കരയുടെ ചൊവ്വാഴ്ച മുതലുള്ള ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ടത്.
ജനുവരി അവസാനത്തിൽ ശേഖരിച്ച ഉപഗ്രഹ ചിത്രത്തിൽ തടാകക്കരയിൽ കടന്നു കയറിയ ചൈനീസ് സൈനികർ അവിടെ സൈനിക ക്യാമ്പുകൾ സ്ഥാപിച്ചതായി കാണാം. എന്നാൽ, പുതിയ ചിത്രത്തിൽ പ്രദേശത്ത് നിന്ന് ചൈനീസ് സൈനിക ക്യാമ്പുകൾ പിൻവാങ്ങിയിട്ടുണ്ട്. സമാന രീതിയിൽ ഇന്ത്യയുടെ ഭാഗത്ത് നിന്നും പിൻമാറ്റം ആരംഭിച്ചതായി ഉന്നത അധികൃതർ വ്യക്തമാക്കിയതായി വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
പാങ്ഗോങ് തടാകത്തിന്‍റെ തെക്ക്-വടക്ക് മേഖലകളില്‍ നിന്ന് ഇന്ത്യ-ചൈന സൈന്യങ്ങൾ പിന്മാറാൻ ധാരണയിലെത്തിയിരുന്നു. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും സേനാ പിന്‍മാറ്റം തുടങ്ങിയതായി പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിങ് രാജ്യസഭയിൽ അറിയിച്ചതിന് പിന്നാലെയാണ് പിന്മാറുന്നതിന്‍റെ വിഡിയോ ഇന്ത്യൻ സൈന്യം പുറത്തുവിട്ടത്.
ടെന്‍റുകളും ബങ്കറുകളുമായി മലകൾക്ക് മുകളിലൂടെ നടന്നു നീങ്ങുന്ന ചൈനീസ് സൈനികരെ ദൃശ്യങ്ങളിൽ കാണാം. ഏപ്രിലിന് ശേഷമുളള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇരുരാജ്യങ്ങളും നീക്കുമെന്നും ചില വിഷയങ്ങളില്‍ കൂടി ധാരണയാകാനുണ്ടെന്നും രാജ്‌നാഥ് സിങ് അറിയിച്ചിരുന്നു.
കഴിഞ്ഞ ഏപ്രിലിൽ തുടക്കം കുറിച്ച സംഘർഷത്തിനാണ് ഇരുരാജ്യങ്ങളുടെയും പിന്മാറ്റത്തിലൂടെ പരിഹാരമായത്. യഥാർഥ നിയന്ത്രണരേഖയിലെ ഇന്ത്യൻ പ്രദേശത്ത് ചൈനീസ് സൈനികർ കടന്നുകയറിയത് സംഘർഷത്തിനും ഏറ്റുമുട്ടലിലേക്കും വഴിവെച്ചിരുന്നു.
ഗൽവാൻ താഴ്വരയിലെ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടമായി. പാങ്ഗോങ് തടാകത്തിന്‍റെ വടക്കൻ ഭാഗത്ത് ഫിംഗർ 8ന് സമീപം ചൈനീസ് സൈന്യവും ദാൻ സിങ് താപക്കടുത്ത് ഫിംഗർ 3ന് സമീപം ഇന്ത്യൻ സൈന്യവും നിലയുറപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.