'പുതിയ സോഷ്യൽ മീഡിയ നയം അപകടകരം; ഉദ്യോഗസ്ഥർക്ക് അമിത അധികാരം നൽകുന്നു'
text_fieldsന്യൂഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിയന്ത്രിക്കാൻ പാർലമെന്‍റിന്‍റെ അനുമതിയില്ലാതെ സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ കൊണ്ടുവന്നതിനെ വിമർശിച്ച് കോൺഗ്രസ്. ഉദ്യോഗസ്ഥർക്ക് അമിത അധികാരം നൽകുന്നതാണ് പുതിയ നിർദേശങ്ങളെന്നും കോൺഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വി പറഞ്ഞു. സോഷ്യൽ മീഡിയയെ നിയന്ത്രണാതീതമായി വിടാൻ കഴിയില്ല. എന്നാൽ നിയമാനുസൃതമല്ലാത്ത നിർദേശങ്ങളിലൂടെയും എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെയും സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കരുത്. അഭിപ്രായ സ്വാതന്ത്ര്യത്തിനും സർഗ്ഗാത്മകതയ്ക്കും പുതിയ നിയമങ്ങൾ അങ്ങേയറ്റം അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യൽ മീഡിയ നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരുന്നതിന് മുമ്പ് പാർലമെന്‍റിന്‍റെ പരിശോധന ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താ പ്രസാധകർ, ഒടിടി പ്ലാറ്റ്ഫോമുകൾ, ഡിജിറ്റൽ മീഡിയ എന്നിവയ്ക്ക് എത്തിക്സ് കോഡ്, ത്രിതല പരാതി പരിഹാര സംവിധാനം എന്നിവ ബാധകമാണെന്ന് സർക്കാർ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. മന്ത്രിമാരായ പ്രകാശ് ജാവദേക്കറും രവിശങ്കർ പ്രസാദും സംയുക്ത പത്രസമ്മേളനത്തിൽ 2021 ലെ ഇൻഫർമേഷൻ ടെക്നോളജി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ് ചട്ടങ്ങളും പ്രഖ്യാപിക്കുകയായിരുന്നു.
'ഒരു മേഖലയിലും 'ജംഗിൾ രാജ്' വരണമെന്ന് ഞങ്ങൾ പറയുന്നില്ല. അതുപോലെ തന്നെ, നിയമാനുസൃതമല്ലാത്ത നിയമനിർമാണവും പാടില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിനും സർഗ്ഗാത്മകതയ്ക്കും പുതിയ നിർദേശങ്ങൾ അങ്ങേയറ്റം അപകടകരമാണ്'-സിങ്‌വി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.