ബിൽകീസ്: വിദ്വേഷത്തീയിൽ അതിജീവനത്തിന്‍റെ ആത്മബലം മുളപ്പിച്ചവൾ
text_fieldsസ്വന്തം ചാരത്തിൽനിന്നുയിർക്കുന്ന ഫീനിക്സ് വെറും ഐതിഹ്യം. എന്നാൽ, ഗുജറാത്ത് വംശഹത്യ കാലത്ത് വംശീയ വൈതാളികർ വലിച്ചുകീറിയ ഉടലുമായി ഉടപ്പിറപ്പുകളുടെ മൃതശരീരങ്ങൾക്കിടയിൽ ബോധമറ്റു കിടന്ന ബിൽക്കീസ് രണ്ടാം നാൾ ഉയിർത്തെഴുന്നേറ്റത് ഫീനിക്സിനെയും വെല്ലുത്ത കരുത്തിലേക്കാണ്. 2002 മാർച്ച് രണ്ടിന് ഹിന്ദുത്വ ഭീകരത അഴിഞ്ഞാടിയ ദാഹോഡ് ജില്ലയിലെ ചപ്പർവാഡ് ആദിവാസിമേഖലയിലെ ആ കുന്നിൻപുറത്തു 19കാരി ഗർഭിണിയെ വർഗീയ ഭീകരർ കൂട്ടമാനഭംഗത്തിനിരയാക്കി വലിച്ചെറിഞ്ഞത് ജീവനറ്റെന്ന ഉറപ്പിലായിരുന്നു. രണ്ടാം നാൾ ചുട്ടുനീറുന്ന ശരീരവും മനസ്സുമായി അവൾ ബോധത്തിലേക്കുണർന്നു നോക്കുമ്പോൾ ചുറ്റിലും കണ്ടത് ജീവന്‍റെ ഞെട്ടറ്റുപോകുന്ന കാഴ്ചകൾ-മാതാവ് ഹലീമ, മൂന്നു വയസ്സുള്ള കടിഞ്ഞൂൽ കൺമണി സാലിഹ, രണ്ടു പൊന്നാങ്ങളമാർ, സഹോദരിമാർ, അമ്മാവൻ, രണ്ട് അമ്മായിമാർ, അവരുടെ മകൾ ഷമീം, അവൾ കഴിഞ്ഞ ദിവസം ജന്മം നൽകിയ ചോരപ്പൈതൽ...സ്വന്തം ചോരയായ 14 പേരുടെ മൃതദേഹങ്ങൾ തലങ്ങും വിലങ്ങും മരവിച്ചു കിടക്കുന്നു. അന്ന് അവളുടെ അടിവയറ്റിൽ എല്ലാറ്റിനും മൂകസാക്ഷിയായി കിടന്ന കുഞ്ഞിനെ ഇന്നു ബിരുദധാരിണിയാക്കി വളർത്തിയെടുക്കുകയാണ് ബിൽകീസ്-വംശഹത്യയുടെ ഇരുപതാമാണ്ടിൽ അതിശയകരമായ അതിജീവനകഥകളിലെ പൊന്നേടുകളിലൊന്നായി.
അന്ന്
ബലിപെരുന്നാൾ ആഘോഷം കഴിഞ്ഞ് ഭർത്താവ് യാക്കൂബിനും മകൾ സാലിഹക്കുമൊപ്പം രാധിക്പൂരിലെ തറവാട്ടുവീട്ടിലേക്കു പോയ 2002 ഫെബ്രുവരി 27നാണ് ഗോധ്രയിൽ ട്രെയിൻ തീവെക്കപ്പെട്ടത്. അടുത്ത ദിനം വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത ബന്ദിൽ പ്രദേശത്തെ മുസ്ലിംവീടുകളും കടകളും അക്രമത്തിനിരയായതറിഞ്ഞ് ബിൽകീസിന്‍റെ കുടുംബം മൂന്നു നാലു ഗ്രാമങ്ങൾക്കപ്പുറം ദേവ്ഗഢ് ബരിയയിലുള്ള യാക്കൂബിന്‍റെ വീട്ടിലേക്കു പോകാൻ തീരുമാനിച്ചു. യാക്കൂബും അളിയനും നേരത്തേ പുറപ്പെട്ടു. കുടുംബത്തിലെ സ്ത്രീകളടക്കമുള്ള 15 പേരുടെ സംഘത്തിൽ പിറകിലായിരുന്നു ബിൽകീസിന്‍റെ യാത്ര. ആദ്യനാൾ സംഘത്തിന് രാത്രി അഭയം നൽകിയത് ചുന്ദഡിയിലെ ഹിന്ദു കുടുംബങ്ങളാണ്. കാൽനട സംഘത്തിന്‍റെ രണ്ടാം നാളിലെ അഭയകേന്ദ്രം കുവാജർ ഗ്രാമത്തിലെ പള്ളിയായിരുന്നു. കൂട്ടത്തിലെ പൂർണ ഗർഭിണിയായിരുന്ന ഷമീം അവിടെവെച്ച് ഒരു കുഞ്ഞിനു ജന്മം നൽകി. ഗ്രാമത്തിലെ ഒരു വീട്ടിൽ നിന്നു പ്രാഥമികശുശ്രൂഷ കഴിഞ്ഞ് പിറ്റേന്നാൾ യാത്രതിരിച്ച അവരെ വഴിയിൽ ഒരു ആദിവാസി തന്‍റെ വീട്ടിലേക്കു ക്ഷണിച്ചു അവരെ ആദിവാസി വേഷം കെട്ടിച്ചു. യാത്രയിൽ തിരിച്ചറിയപ്പെടാതിരിക്കാനായിരുന്നു അയാളുടെ സഹായം. മാർച്ച് മൂന്നിന് യാത്ര തുടരുന്നതിനിടെ അഞ്ചുമാസം ഗർഭിണിയായ ബിൽകീസ് നിർജലീകരണം ബാധിച്ച് തളർന്നു. തലേന്നാൾ പ്രസവം കഴിഞ്ഞ ഷമീമും ചോരക്കുഞ്ഞിനെയുമെടുത്തു നടന്നു തളർന്നിരുന്നു. രാവിലെ 11 . ഒരു ഭാഗത്ത് വയലും മറുഭാഗത്ത് വനപ്രദേശവുമായതിനാൽ വിശ്രമിച്ചുപോകാം എന്നുകരുതി അവർ തങ്ങിയതേയുള്ളൂ, രണ്ടു ജീപ്പിൽ വാളും കത്തിയും വടികളുമായെത്തിയ മുപ്പതോളം പേർ അവരെ വളഞ്ഞു. 12 പേരെങ്കിലും ബിൽകീസിന്‍റെ സ്വന്തം നാട്ടുകാർ. അവരിലൊരാൾ ബിൽകീസിന്‍റെ പിഞ്ചു കുഞ്ഞിനെ വാങ്ങി തല പാറയിലിടിച്ചു വലിച്ചെറിഞ്ഞു. മധ്യവയസ്കരായ രണ്ടുപേർ ബിൽകീസിനെ കടന്നുപിടിച്ചു വിവസ്ത്രയാക്കി മരത്തിൽ ചേർത്തുകെട്ടുമ്പോൾ കെഞ്ചിനോക്കി: ''ചാച്ചാ, ഞാൻ അഞ്ചു മാസം ഗർഭിണിയാണ്, വിട്ടയക്കണം''. ഭീകരർ വഴങ്ങിയില്ല. കൂടെയുണ്ടായിരുന്ന ഷമീമിനെയും മറ്റു സ്ത്രീകളെയും അവർ മാനഭംഗത്തിനിരയാക്കി കൊന്നു. കൂട്ടിനു വന്ന രണ്ടു പുരുഷന്മാരെയും. ചോരക്കുഞ്ഞിനെ കഴുത്തുഞെരിച്ചു വലിച്ചെറിഞ്ഞു. രണ്ടു നാൾ കഴിഞ്ഞു ബോധം വീണ്ടെടുത്ത ബിൽകീസ് ഒരു വിധം ഇഴഞ്ഞും നീങ്ങിയും അടുത്തുള്ള ആദിവാസിഗ്രാമത്തിലെത്തി. ഒരു സ്ത്രീ അവൾക്ക് വസ്ത്രം നൽകി. സമീപത്തുകണ്ട പൈപ്പിൽ നിന്നു വെള്ളം കുടിച്ചതോടെ ജീവൻ വീണ്ടു കിട്ടിയതുപോലെ. ആ ഉണർവ് ഒരു പോരാട്ടത്തിനുള്ള ഉന്മേഷത്തിലേക്കായിരുന്നു. അവിടെ കണ്ട ഒരു ഹോംഗാർഡിനോട് കഥകളെല്ലാം പറഞ്ഞു. അയാൾ അവളെ സമീപത്തുള്ള ലിംഖേഡ പൊലീസ് സ്റ്റേഷനിലെത്തിച്ചു. തന്നെയും കുടുംബാംഗങ്ങളെയും ആക്രമിച്ചവരുടെ പേരുവിവരമടക്കം അവർ നൽകിയെങ്കിലും പൊലീസ് അവർക്കു ബോധിച്ച കാര്യങ്ങൾ ചേർത്താണ് എഫ്.ഐ.ആർ ഇട്ടത്. എന്നാൽ, ബിൽകീസും ഭർത്താവ് യാക്കൂബും വിട്ടുകൊടുത്തില്ല. ''ആ ദുരന്തമുഖത്തു നിന്നു ശ്വാസം നിലക്കാതെ അവൾ പിടിച്ചുനിന്നത് ദൈവാധീനത്താലുള്ള ഹിമ്മത്തി (കരുത്തി)ലാണ്. ആക്രമികൾ ഏതാനും തെളിവുകൾ അവശേഷിപ്പിച്ചതും അല്ലാഹുവിന്‍റെ ഇടപെടൽതന്നെ. ആ ദൈവസഹായത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും കരുത്തിൽ നീതി ലഭ്യമാക്കുവോളം അവർ പൊരുതി. ഗുജറാത്ത് പൊലീസിനെ വിട്ട് ദേശീയ മനുഷ്യാവകാശ കമീഷനിലും സി.ബി.ഐയിലുമെത്തി. സി.ബി.ഐ ജോയന്‍റ് ഡയറക്ടർ വിവേക് ദുബെയുടെ സഹായത്തെയും അവർ ദൈവിക ഇടപെടലെന്നു കണ്ടു. അങ്ങനെ ഗുജറാത്തിലെ മരണവ്യാപാരികളിലൊരു പറ്റത്തിനും അവർക്കു അരുനിന്ന ഉദ്യോഗസ്ഥർക്കും ജീവപര്യന്തം ശിക്ഷ വാങ്ങിക്കൊടുക്കുവോളം ബിൽകീസ് പൊരുതിനിന്നു; പോർമുഖങ്ങളിൽ ചേർത്തുപിടിച്ച് യാക്കൂബും.
ഇന്ന്
ഗുജറാത്ത് വംശഹത്യക്ക് ഇരുപതാണ്ട് തികയുമ്പോൾ കൺമണികളായ അഞ്ചു മക്കളെ ചേർത്തുപിടിച്ചു പുതുജീവിതംകൊണ്ട് പഴയ ദുരന്തകഥകളെ മായ്ചുകളയുകയാണ് ബിൽകീസും യാക്കൂബും. ദേവ്ഗഢ് ബരിയയിൽ വംശഹത്യ ദുരിതബാധിതർക്കായി ജംഇയ്യതുൽ ഉലമായെ ഹിന്ദ് സംവിധാനിച്ച റഹ്മനഗർ കോളനിയിലെ വീട്ടിൽ കാണാൻ ചെന്നപ്പോൾ അതിജീവനത്തിന്‍റെ ആത്മബലത്തിൽ കൊരുത്തെടുക്കുന്ന ഭാവി സ്വപ്നങ്ങളെക്കുറിച്ചാണ് അവർ പറഞ്ഞതു മുഴുവൻ. അന്നത്തെ ദുരിതപ്പെയ്ത്തിൽ ഗർഭത്തിൽ മൂകസാക്ഷിയായിരുന്നവൾ ഇന്നു കുടുംബത്തിൽ മൂത്തവളുടെ സ്ഥാനത്ത്- അതിജീവനത്തിന്‍റെ പ്രതീകമായ ഹാജറബീവിയുടെ പേരാണ് അവൾക്ക്. ബി.എ അവസാനവർഷ വിദ്യാർഥിനിയായ അവൾ പഠിക്കാനും പാടാനും മിടുക്കി. ബിരുദം നേടി നിയമത്തിനു ചേർന്നു പഠിക്കാനാണ് ആഗ്രഹം. തങ്ങൾക്കു നീതി ലഭ്യമാക്കിയതിനു പകരം മറ്റുള്ളവർക്ക് അത് തരപ്പെടുത്തിക്കൊടുത്തല്ലേ അല്ലാഹുവിനോടു നന്ദി പറയാനാകൂ എന്ന് യാക്കൂബ്. അവസരം ലഭിച്ചാൽ മകളെ കേരളത്തിൽ വിട്ട് പഠിപ്പിക്കണമെന്ന ആഗ്രഹവും അദ്ദേഹത്തിനുണ്ട്. രണ്ടാമത്തെ മകൾ ഫാത്തിമ സയൻസ് ഗ്രൂപ്പിൽ പ്ലസ് ടു ചെയ്യുന്നു. മൂന്നാമൻ അഹ്മദ് യാസീൻ സി.ബി.എസ്.ഇ 10ാം തരത്തിലാണ്. രക്തസാക്ഷിയായ മൂത്തവൾ സാലിഹയുടെ ഓർമപ്പേരു നൽകിയ മൂന്നാമത്തെ മകൾ സാലിഹ ഏഴിലാണ്. കുരുന്നു ഹഫ്സ ഒന്നാം ക്ലാസിലും.
കേസ് നടത്തിപ്പിൽ സഹായിച്ച ഗഗൻ സേഥി, ഫറാ നഖ്വി തുടങ്ങിയ ആക്ടിവിസ്റ്റുകളുടെയും അഹ്മദാബാദിലെ ഇസ്ലാമി റിലീഫ് കമ്മിറ്റിയുടെയുമൊക്കെ മാർഗദർശനത്തിൽ മക്കളെയെല്ലാം പഠിപ്പിച്ചു മിടുക്കരാക്കണമെന്നതാണ് ബിൽകീസിന്‍റെ സ്വപ്നം. തൊഴിലിനൊപ്പം ജാതിമതഭേദമെന്യേ സാമൂഹികപ്രവർത്തനത്തിലും സജീവമാണ് യാക്കൂബ്. 20 വർഷം മുമ്പ് കുടുംബത്തെ നിലംപരിശാക്കിയ വംശീയഭീകരതയുടെ വിദ്വേഷത്തീയിൽനിന്നു അതിജീവനത്തിന്‍റെ മാനവികവിത്തുകൾ മുളപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് വംശഹത്യ ഇരകളിൽ പലരെപ്പോലെ ഇവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.