ബിഹാറിൽ മദ്യനിരോധന ആഘാതം പഠിക്കാൻ പുതിയ സർവേ വേണം -നിതീഷ് കുമാർ
text_fieldsപട്ന: ബിഹാറിൽ ഏർപ്പെടുത്തിയ മദ്യ നിരോധനത്തിന്റെ ആഘാതം പഠിക്കാൻ പുതിയ സർവേ വേണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ. ലഹരിക്കെതിരെ സംഘടിപ്പിച്ച ചടങ്ങിലാണ് നിതീഷ് ഇക്കാര്യം സൂചിപ്പിച്ചത്. സർക്കാർ ഉദ്യോഗസ്ഥരും മറ്റ് പൊതുപ്രവർത്തകരും ലഹരിക്കെതിരെ പ്രതിജ്ഞയെടുക്കുന്നതടക്കം പരിപാടികളുമായി എല്ലാ വർഷവും നാശമുക്തി ദിവസ് ആചരിക്കുകയാണ്.
ഏഴ് വർഷം മുൻപാണ് ബിഹാറിൽ മദ്യ നിരോധനം ഏർപ്പെടുത്തിയത്. എൻജിനീയറിങ് പഠിക്കാൻ പട്നയിൽ വന്നപ്പോൾ അയൽപക്കത്ത് താമസിച്ചിരുന്നയാൾ മദ്യപിച്ച് സ്ഥിരമായി ശല്യം ചെയ്യുമായിരുന്നു. ഇതാണ് തന്നെ മദ്യത്തിൽ നിന്ന് അകറ്റി നിർത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 1970-കളിൽ മുഖ്യമന്ത്രിയായിരുന്ന തന്റെ ഉപദേഷ്ടാവ് കർപ്പൂരി ഠാക്കൂറിന്‍റെ ഭരണത്തിൻ കീഴിലുള്ള മദ്യ നിരോധന ശ്രമങ്ങളും അദ്ദേഹം വിവരിച്ചു.
എന്നാൽ ആ സർക്കാർ രണ്ട് വർഷത്തിൽ കൂടുതൽ നീണ്ടുനിന്നില്ല. തുടർന്നുള്ള ഭരണം മദ്യനിരോധനം റദ്ദാക്കി. പലരുടെയും കടുത്ത എതിർപ്പ് അവഗണിച്ച് 2016 ഏപ്രിലിലാണ് വീണ്ടും നിരോധന നടപടി ആരംഭിച്ചത്. 2018 ൽ നടത്തിയ സർവേയിൽ മികച്ച പ്രതികരണമാണ് മദ്യ നിരോധനത്തിന് ലഭിച്ചത്. സർവേ പ്രകാരം വരുമാനത്തിന്‍റെ കൂടുതൽ പങ്കും ആളുകൾ മദ്യം വാങ്ങാനാണ് ഉപയോഗിക്കുന്നത്. ആളുകൾ അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും അവരുടെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും വേണ്ടി ചിലവഴിക്കുന്ന പണത്തെക്കാൾ മദ്യത്തിനായി ചിലവഴിക്കുന്നു. മദ്യപാനം മൂലമുണ്ടാകുന്ന മാരകമായ റോഡപകടങ്ങൾ ഉൾപ്പെടെയുള്ളവ ലോകാരോഗ്യ സംഘടനയുടെ പഠനങ്ങളിൽ രേഖപ്പെടുത്തുന്നുണ്ട് -നിതീഷ് പറഞ്ഞു.
ദിവസങ്ങൾക്ക് മുൻപാണ് ബിഹാറിലെ ജാതി സർവേ പുറത്തുവിട്ടത്. സംസ്ഥാനത്തെ 215 പട്ടികജാതികൾ, പട്ടികവർഗ, പിന്നോക്ക വിഭാഗങ്ങൾ, പിന്നാക്ക വിഭാഗത്തിലെ അതി ദരിദ്രർ എന്നിവരുടെ സാമ്പത്തിക സ്ഥിതി വിവരിക്കുന്നതാണ് റിപ്പോർട്ട്. കുടുംബങ്ങളിൽ മൂന്നിലൊന്നും ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്നും പ്രതിമാസ വരുമാനം 6,000 രൂപയോ അതിൽ കുറവോ ആണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
പട്ടികജാതി വിഭാഗത്തിലുള്ള 42 ശതമാനത്തിലധികം കുടുംബങ്ങളും മുന്നാക്ക വിഭാഗത്തിൽ നിന്നുള്ള 25 ശതമാനം പേരും ദരിദ്രരാണ്. കൂടാതെ പട്ടികവർഗ കുടുംബങ്ങളിൽ 42.70 ശതമാനവും ദരിദ്രരാണ്. പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള 33.16 ശതമാനവും, അങ്ങേയറ്റം പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള 33.58 ശതമാനം പേരും അതി ദരിദ്രരാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.