കർഷകരെ കാറിടിച്ചു കൊന്ന സംഭവം; പുതിയ വിഡിയോ ദൃശ്യങ്ങൾ പുറത്ത്
text_fieldsലഖ്നോ: യു.പിയിലെ ലഖിംപൂരിൽ പ്രതിഷേധിക്കുകയായിരുന്ന കർഷകരെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്‍റെ പുതിയ വിഡിയോ ദൃശ്യങ്ങൾ പുറത്ത്. വ്യക്തതയുള്ള വിഡിയോ ദൃശ്യത്തിൽ മൂന്ന് വാഹനങ്ങൾ കർഷകരുടെ മേൽ അതിവേഗത്തിൽ ഇടിച്ചുകയറ്റുന്നത് കാണാം. സംഭവത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള കറുത്ത എസ്.യു.വി വാഹനമാണ് പിന്നിൽ നിന്നും അതിവേഗത്തിലെത്തി ആദ്യം കർഷകരെ ഇടിച്ചു തെറിപ്പിക്കുന്നത്. ഇതിന് പിന്നാലെ മറ്റ് രണ്ട് വാഹനങ്ങൾ കൂടി കടന്നുപോകുന്നുണ്ട്.
വാഹനത്തെ കർഷകർ ആക്രമിച്ചെന്നുള്ള കേന്ദ്ര മന്ത്രിയുടെയും മകന്‍റെയും വാദത്തെ പൂർണമായും തള്ളുന്നതാണ് പുതിയ വിഡിയോ. സമാധാനപരമായി പ്രതിഷേധിച്ചു കൊണ്ടിരിക്കെയാണ് കർഷകരെ ഇടിച്ചുതെറിപ്പിക്കുന്നത്.
വാഹനങ്ങളിലൊന്ന് ഓടിച്ചിരുന്നത് അജയ്കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്രയാണെന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കിയത്. എന്നാൽ, തന്‍റെ മകൻ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് മന്ത്രി അവകാശപ്പെടുന്നു. ഇടിയേറ്റ് നാലുപേരാണ് തൽക്ഷണം പിടഞ്ഞുവീണ് മരിച്ചത്. നാലുപേർ പിന്നീടും മരിച്ചു.
അതിനിടെ, ലഖിംപൂര്‍ ഖേരിയിലെ കർഷകരുടെ കൊലപാതകത്തിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുക. കർഷകരുടെ കൊലപാതകത്തിനു പിന്നാലെ സുപ്രീം കോടതി മേൽ നോട്ടത്തിൽ ഉന്നതതല അന്വേഷണം വെണമെന്നാവശ്യപ്പെട്ട് യുപിയിലെ രണ്ട് അഭിഭാഷകർ ഹരജി നൽകിയിരുന്നു. ഇതിനു പുറമെയാണ് സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്. കേസിൽ യുപി സർക്കാറിന്‍റെ വിശദീകരണം കോടതി തേടിയേക്കും. കർഷകരുടെ കൊലപാതകത്തിൽ രാജ്യ വ്യാപക പ്രതിഷേധം നടക്കുന്നതിനിടയിലാണ് കോടതിയുടെ ഇടപെടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.