'പുതിയ വാട്സ്ആപ് നയം മൗലികാവകാശ ലംഘനം'
text_fieldsന്യൂഡൽഹി: സ്വകാര്യതക്കുള്ള മൗലികാവകാശത്തിെൻറ ലംഘനമാണ് പുതിയ വാട്സ്ആപ് നയമെന്ന് ഡൽഹി ഹൈകോടതിയിൽ വാദം. ഒരു വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിനൽകുന്ന വാട്സ്ആപ്പിെൻറ പുതിയ നയത്തിനെതിരെ സമർപ്പിച്ച ഹരജിയിൽ അഡ്വ. ചൈതന്യ രോഹിലയാണ് ഹൈകോടതിയിൽ ഇക്കാര്യം ബോധിപ്പിച്ചത്. പുതിയ നയം നടപ്പാക്കുന്നതിൽനിന്ന് വാട്സ്ആപ്പിനെ ഹൈകോടതിയും കേന്ദ്ര സർക്കാറും തടയണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടു. അതിനിടെ സ്വകാര്യത സംരക്ഷിക്കുമെന്ന വാട്സ്ആപ്പിെൻറ അവകാശവാദം വസ്തുതവിരുദ്ധമാണെന്ന വിശദീകരണവുമായി സൈബർ വിദഗ്ധരും രംഗത്തുവന്നു.
വരിക്കാരുടെ വിവരങ്ങൾ ലോകത്തെ ഏറ്റവും വലിയ സമൂഹ മാധ്യമമായ ഫേസ്ബുക്കുമായി പങ്കുവെക്കുമെന്ന് പറഞ്ഞിരിക്കുകയാണെന്നും അതോടെ വാട്സ്ആപ് വരിക്കാർ ഫേസ്ബുക്ക് ഗ്രൂപ് കമ്പനികളുടെ നിരീക്ഷണത്തിലായിത്തീരുമെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.
സർക്കാറിെൻറ ഒരു നിയന്ത്രണവുമില്ലാതെയാണ് സ്വകാര്യ വ്യക്തിവിവരങ്ങളിലേക്ക് വാട്സ്ആപ് കടന്നുകയറുന്നതെന്ന് ഹരജിയിൽ ബോധിപ്പിച്ചു. ജനുവരി നാലിന് പുതിയ സ്വകാര്യത നയം ഇറക്കിയ വാട്സ്ആപ് അത് നിർബന്ധമായും അംഗീകരിക്കണമെന്ന് എല്ലാ വരിക്കാരോടും ആവശ്യപ്പെട്ടിരിക്കയാണ്. അംഗീകരിക്കാത്തപക്ഷം വാട്സ്ആപ് അക്കൗണ്ട് ഫെബ്രുവരി എട്ടിന് റദ്ദാക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പുതിയ നയപ്രഖ്യാപനത്തോടെ വാട്സ്ആപ്പിൽനിന്ന് ലക്ഷക്കണക്കിനാളുകൾ സ്വതന്ത്ര ആപ്പായ സിഗ്നലിലേക്കും റഷ്യൻ ആപ്പായ ടെലിഗ്രാമിലേക്കും മാറാൻ തുടങ്ങിയിരുന്നു. അതോടെ സ്വകാര്യത സംരക്ഷിക്കുമെന്ന പരസ്യവുമായി വാട്സ്ആപ് രംഗത്തുവന്നു.
എന്നാൽ, വാട്സ്ആപ് പരസ്യത്തിലെ അവകാശവാദം ചോദ്യം ചെയ്ത സൈബർ വിദഗ്ധർ അവ വസ്തുതവിരുദ്ധമാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കുറ്റപ്പെടുത്തി. തങ്ങൾ ശേഖരിക്കുകയും കൈമാറുകയും ചെയ്യുന്ന വിവരങ്ങൾ എന്തൊക്കെയാണെന്നാണ് വാട്സ്ആപ് പരസ്യത്തിലൂടെ പറയേണ്ടിയിരുന്നതെന്ന് ഇൻറർനെറ്റ് ജനാധിപത്യത്തിനുവേണ്ടി പ്രവർത്തിക്കുന്ന അഡ്വ. തൃപ്തി ജെയിൻ ചൂണ്ടിക്കാട്ടി.
വാട്സ്ആപ് വിവരങ്ങൾ ചോർത്തില്ലെന്ന ന്യായീകരണവുമായി മേധാവി
ന്യൂഡൽഹി: പുതിയ സ്വകാര്യത നയവുമായി ബന്ധപ്പെട്ട് സർക്കാർ നടത്തുന്ന ഏത് അന്വേഷണത്തിനും മറുപടി പറയാൻ സന്നദ്ധരാണെന്ന് വാട്സ്ആപ്. ഉപയോക്താക്കളുടെ വിവരങ്ങൾ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ഫേസ്ബുക്കുമായി പങ്കുവെക്കുമെന്ന വാട്സ്ആപ്പിെൻറ പുതിയ നയത്തിനെതിരെ പ്രതിഷേധങ്ങളും ബദൽ വഴി തേടലും തകൃതിയായതോടെയാണ് വിശദീകരണവുമായി ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് ആപ് രംഗത്തുവന്നിരിക്കുന്നത്. ഇതേ തുടർന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ ദശലക്ഷക്കണക്കിന് ഉപയോക്താക്കളെയാണ് വാട്സ്ആപ്പിന് നഷ്ടമായത്. ഉപയോക്താക്കളുടെ സ്വകാര്യത തുടർന്നും സുരക്ഷിതമായിരിക്കുമെന്നും അവരുടെ വിശ്വാസ്യത നിലനിർത്താൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും വാട്സ്ആപ് മേധാവി വിൽ കാത്കാർട്ട് പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വാട്സ്ആപ്പിൽനിന്ന് സിഗ്നലിലേക്കും ടെലഗ്രാമിലേക്കും കൂട്ടത്തോടെ ഒഴുകുന്നതിനെക്കുറിച്ച ചോദ്യത്തിന് കൂടുതൽ മെസഞ്ചർ പ്ലാറ്റ്ഫോമുകൾ വരുന്നത് ലോകത്തിന് ഗുണകരമാണെന്നും ഉപയോക്താക്കൾക്ക് കൂടുതൽ സ്വകാര്യതയും സുരക്ഷയും അതിലൂടെ ഉറപ്പുവരുമെന്നും വാട്സ്ആപ് അതിൽ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.