ദീപാവലിക്ക് ന്യൂയോർക്ക് സിറ്റിയിലെ പൊതു വിദ്യാലയങ്ങൾക്ക് അവധി
text_fieldsന്യൂയോർക്ക് സിറ്റി: ദീപാവലി ദിനത്തിൽ ന്യൂയോർക്ക് സിറ്റിയിലെ പൊതു വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. അടുത്ത വർഷം മുതൽ അവധി പ്രാബല്യത്തിൽ വരുമെന്ന് മേയർ എറിക് ആദംസ് വ്യക്തമാക്കി. ന്യൂയോർക്ക് അസംബ്ലി അംഗം ജെനിഫർ രാജ്‌കുമാറും ന്യൂയോർക്ക് സിറ്റി സ്‌കൂൾ ചാൻസലർ ഡേവിഡ് ബാങ്ക്‌സും മേയർ എറിക് ആദംസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അവധി നൽകാൻ തീരുമാനിച്ചത്.
കുറഞ്ഞത് 180 സ്കൂൾ പഠനദിനങ്ങൾ വേണമെന്നാണ് ന്യൂയോർക്ക് സ്റ്റേറ്റ് വിദ്യാഭ്യാസ നിയമങ്ങൾ നിർദേശിക്കുന്നത്. അതിനാൽ സ്കൂൾ കലണ്ടറിൽ കൂടുതൽ അവധി ദിനങ്ങൾ ഉൾപ്പെടുത്താൻ കഴിയില്ല. ഈ സാഹചര്യത്തിൽ ആരും ആചരിക്കാത്ത വാർഷിക ദിന സ്കൂൾ അവധി നീക്കം ചെയ്ത് ദീപാവലി അവധി കൂട്ടിച്ചേർക്കാനാണ് തീരുമാനം.
ന്യൂയോർക്ക് സ്റ്റേറ്റ് ഓഫിസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ദക്ഷിണേഷ്യൻ -അമേരിക്കൻ വനിതയാണ് ജെന്നിഫർ രാജ്കുമാർ. ആഡംസിന്റെ പിന്തുണക്ക് നന്ദി പറഞ്ഞ ജെന്നിഫർ രാജ്കുമാർ, നഗരത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു മേയർ ദീപാവലി സ്‌കൂൾ അവധിയാക്കുന്നതെന്നും കൂട്ടിച്ചേർത്തു.
ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷിക്കുന്ന ഹിന്ദു, ബുദ്ധ, സിഖ്, ജൈന മതങ്ങളിലെ 2,00,000ലധികം ന്യൂയോർക്കുകാർ ലഭിച്ച അംഗീകാരമാണിത്. നമ്മുടെ സമയം വന്നിരിക്കുന്നുവെന്ന് പറയുന്നതിൽ ജെന്നിഫർ രാജ്കുമാർ അഭിമാനിക്കുന്നുവെന്നും എറിക് ആദംസ് വ്യക്തമാക്കി.
പൊതു അവധി നൽകാനുള്ള തീരുമാനത്തിൽ ന്യൂയോർക്കിലെ ഇന്ത്യൻ കൗൺസിൽ ജനറൽ രൺദീർ ജെയ്‍സ്വാൾ നന്ദി പറഞ്ഞു. ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന്റെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു ഇത്. ഈ അംഗീകാരം ന്യൂയോർക്ക് നഗരത്തിലെ വൈവിധ്യത്തിനും ബഹുസ്വരതക്കും ആഴത്തിലുള്ള അർഥം നൽകുന്നു.
അതുപോലെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉള്ളവർക്ക് ഇന്ത്യൻ ധാർമ്മികതയും പൈതൃകവും അടുത്തറിയാനും ആഘോഷിക്കാനും സാധിക്കുമെന്നും ജെയ്‍സ്വാൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.