മ്യാന്മർ സൈന്യവുമായി വ്യവസായ ബന്ധം; അദാനി കമ്പനിയെ നീക്കി ന്യൂയോർക് ഓഹരി വിപണി
text_fieldsവാഷിങ്ടൺ: യാംഗോണിലെ തുറമുഖ നടത്തിപ്പിന് സൈനിക പിന്തുണയോടെയുള്ള മ്യാന്മർ എക്കണോമിക് കോർപറേഷന് 225 കോടി നൽകിയെന്ന ആരോപണ നിഴലിലുള്ള അദാനി ഗ്രൂപിനെ സൂചികയിൽനിന്ന് നീക്കി ന്യൂയോർക് ആസ്ഥാനമായുളള എസ് ആന്‍റ് പി ഡോ ജോൺസ്. അദാനിയുടെ അദാനി പോർട്സ് ആന്‍റ് സ്പെഷൽ എക്കണോമിക് സോണിനെയാണ് ഓഹരി സൂചികയിൽനിന്ന് നീക്കിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഭരണകൂടത്തെ പുറത്താക്കി അധികാരം പിടിച്ച മ്യാന്മർ സൈന്യം ആഴ്ചകളായി തുടരുന്ന കുരുതിക്കെതിരെ ആഗോള പ്രതിഷേധം ശക്തമാണ്.
ഭൂമി പാട്ടത്തിന് നൽകിയ ഇനത്തിൽ മൂന്നു കോടിയിലേറെ ഡോളർ (225 കോടിയിലേറെ രൂപ) അദാനി ഗ്രൂപ് മ്യാന്മർ എക്കണോമിക് സോണിന് നൽകിയതായി കഴിഞ്ഞ മാസമാണ് റിപ്പോർട്ട് പുറത്തുവന്നത്. കോർപറേഷൻ യാംഗോണിൽ അനുവദിച്ച ഭൂമിയിൽ തുറമുഖ നിർമാണമാണ് പദ്ധതി.
സൂചികയിൽനിന്ന് നീക്കിയത് ഇന്ത്യയിലും അദാനി ഗ്രൂപിന്‍റെ ഓഹരികളെ ബാധിച്ചു. ചൊവ്വാഴ്ച രാവിലെ ബോംബെ ഓഹരി വിപണിയിൽ ഓഹരി വ്യാപാരം ആരംഭിച്ചയുടൻ കമ്പനിക്ക് 4.25 ശതമാനമാണ് ഇടിവു നേരിട്ടത്. സംഭവത്തെ കുറിച്ച് അദാനി ഗ്രൂപ് പ്രതികരിച്ചിട്ടില്ല.
എന്നാൽ, പണം കൈമാറിയെന്ന വാർത്ത പുറത്തുവന്ന ഘട്ടത്തിൽ സൈനിക നേതൃത്വവുമായി വ്യവസായ ബന്ധം സ്ഥാപിച്ചില്ലെന്ന് കമ്പനി പ്രതികരിച്ചിരുന്നു. പക്ഷേ, സൈനിക മേധാവി മിൻ ഓങ് ഹലയാങ്ങും അദാനി േപാർട്സ് ചീഫ് എക്സിക്യുട്ടീവ് കരൺ അദാനിയും തമ്മിൽ 2019ൽ കൂടിക്കാഴ്ച നടത്തിയതിന്‍റെ വിശദാംശങ്ങൾ പുറത്തുവന്നതോടെ അവകാശവാദത്തിന്‍റെ മുനയൊടിഞ്ഞു.
കഴിഞ്ഞ മാർച്ച് 25ന് മ്യാന്മർ എക്കണോമിക് കോർപറേഷനെതിരെ യു.എസ് ഉപരോധമേർപെടുത്തിയിരുന്നു. സൈന്യത്തിനു കീഴിലെ മറ്റു കമ്പനികൾക്കും ഉപരോധമേർപെടുത്തി. 2019ലെ യു.എൻ റിപ്പോർട്ടിലും മ്യാന്മർ സൈന്യവുമായി അദാനി ഗ്രൂപ് വ്യവസായ ബന്ധം സ്ഥാപിച്ചതായി വ്യക്തമാക്കിയിരുന്നു.
ഓങ് സാൻ സൂചിക്കു മേൽക്കൈയുള്ള നാഷനൽ ലീഗ് ഫോർ െഡമോക്രസി കഴിഞ്ഞ വർഷം പൊതുതെരഞ്ഞെടുപ്പിൽ വൻ വിജയവുമായി അധികാരത്തിലേറിയ മ്യാന്മറിൽ കഴിഞ്ഞ െഫബ്രുവരിയിലാണ് സൈന്യം അധികാരം പിടിക്കുന്നത്. ഇതിനെതിരെ പ്രതിഷേധവുമായി തെരുവിലുള്ള ജനത്തെ അറുകൊല ചെയ്യുന്നതായാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.