ന്യൂസിലൻഡിൽ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഹിജാബ് ധരിക്കാൻ അനുമതി; അഭിമാന മുഹൂർത്തമെന്ന് സീന അലി
text_fieldsവെലിങ്ടൺ: ഹിജാബ് പൊലീസ് യൂനിഫോമിെൻറ ഭാഗമാക്കി ചരിത്രം സൃഷ്ടിച്ച് ന്യൂസിലന്‍ഡ്. മുസ്ലീം സ്ത്രീകളെ സേനയുടെ ഭാഗമാക്കാൻ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.ന്യൂസിലന്‍ഡ് പൊലീസ് സേനയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍സ്റ്റബിള്‍ സീന അലിയാണ് രാജ്യത്തെ ഹിജാബ്ധാരിയായ ആദ്യ പൊലീസ് ഉദ്യോഗസ്ഥ.
ഹിജാബ് ഉൾപ്പെടെയുള്ള പ്രത്യേക യൂനിഫോം രൂപകൽപന ചെയ്തതിലും 30കാരിയായ സീന മുഖ്യപങ്ക് വഹിച്ചിരുന്നു. തന്റെ പുതിയ ദൗത്യത്തിനു യോജിക്കുന്നും മതനിഷ്ഠ പാലിക്കുന്നതുമായ വസ്ത്രം രൂപകൽപ്പന ചെയ്യാനും ആദ്യമായി അണിയാനും കഴിയുന്നതിൽ അഭിമാനമുണ്ടെന്ന് സീന പറഞ്ഞു.
'യൂനിഫോം രൂപകൽപന ചെയ്യുന്ന പ്രക്രിയയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എന്റെ സമുദായത്തെ, പ്രത്യേകിച്ച് സ്ത്രീകളെ പ്രതിനിധീകരിക്കുന്നതിൽ അഭിമാനമുണ്ട്. ഈ നീക്കം മറ്റ് സ്ത്രീകൾക്കും സേനയിൽ പ്രവേശിക്കാൻ ആത്മവിശ്വാസം നൽകുമെന്നാണ് പ്രതീക്ഷ' - സീനയെ ഉദ്ധരിച്ച് 'ന്യൂസിലൻഡ് ഹെറാൾഡ്' റിപ്പോർട്ട് ചെയ്യുന്നു.
സേനയെ കൂടുതല്‍ ബഹുസ്വരമാക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ നടപടിയെന്ന് ഇൻസ്റ്റഗ്രാമിൽ സീന അലിയുടെ ചിത്രം പങ്കുവെച്ച് ന്യൂസിലന്‍ഡ് പൊലീസ് അറിയിച്ചു. ഉദ്യോഗസ്ഥരുടെ അഭിപ്രായം പരിഗണിച്ച് 2018 മുതല്‍ യൂനിഫോമില്‍ പരിഷ്കരണങ്ങള്‍ വരുത്തുന്നതായും പൊലീസ് വ്യക്തമാക്കി.
ന്യൂസിലന്‍ഡ് പൊലീസിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ടവരിൽ 50 ശതമാനവും സ്ത്രീകളാണ്. ഇതില്‍ കുടിയേറ്റക്കാരായി വന്ന പൗരന്മാരും ഉള്‍പ്പെടുന്നതായി മനുഷ്യാവകാശ സംഘടന ഗ്ലോബല്‍ സിറ്റിസൺ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ വർഷം ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിൽ രണ്ട് മസ്ജിദുകളിലുണ്ടായ ഭീകരാക്രമണത്തിൽ 51 പേർ കൊല്ലപ്പെട്ട സംഭവത്തിനു ശേഷമാണ് ഫിജി സ്വദേശിയായ സീന പൊലീസില്‍ ചേരാന്‍ തീരുമാനിച്ചത്. സീനയുടെ ചെറുപ്പത്തിലാണ് കുടുംബം ഫിജിയിൽ നിന്ന് ന്യൂസിലൻഡിലേക്ക് കുടിയേറുന്നത്.
പൊലീസ് കോളജിലും പിന്നീട് ജോലിയിലെടുത്തപ്പോഴും മതപരമായി ജീവിക്കാനുള്ള തൻ്റെ അവകാശം ന്യൂസിലൻഡ് പൊലീസ് അംഗീകരിച്ചു തന്നെന്ന് സീന ചൂണ്ടിക്കാട്ടി. കോളജിൽ നമസ്കാരത്തിനുള്ള സൗകര്യവും ഹലാൽ ഭക്ഷണവും ഒരുക്കിയിരുന്നു. നീന്തൽ പരിശീലനത്തിന് നീളൻ വസ്ത്രം ധരിക്കുന്നതിനും അനുവദിച്ചു.
'സമൂഹത്തിൽ സേവനം ചെയ്യാൻ കൂടുതൽ മുസ്ലിം സ്ത്രീകളെ ആവശ്യമുണ്ട്. അവരിൽ ഭൂരിഭാഗവും പൊലീസിനോട് സംസാരിക്കാൻ പോലും ഭയപ്പെടുന്നവരാണ്. ഒരു പുരുഷൻ സംസാരിക്കാൻ വന്നാൽ മുൻവാതിൽ അടച്ച് ശീലമുള്ളവരാണവർ. കൂടുതൽ സ്ത്രീകൾ, കൂടുതൽ വൈവിധ്യമാർന്നവർ മുൻനിരയിലേക്ക് വരുമ്പോൾ നമുക്ക് കുറ്റകൃത്യങ്ങൾ ഗണ്യമായി കുറയ്ക്കാൻ കഴിയും' - സീന പറയുന്നു.
2008ൽ ന്യൂസീലൻഡ് പൊലീസ് യൂനിഫോമിൽ സിഖ് തലപ്പാവ് കൊണ്ടുവന്നിരുന്നു. നെൽസൺ കോൺസ്റ്റബിൾ ജഗ്മോഹൻ മാൽഹി ആയിരുന്നു ഇത് ധരിച്ച ആദ്യത്തെ പൊലീസുകാരൻ.
ബ്രിട്ടണിൽ ലണ്ടനിലെ മെട്രോപൊളിറ്റൻ പൊലീസ് 2006ലും 2016ൽ സ്കോട്ലൻഡ് പൊലീസും യൂനിഫോം ഹിജാബ് അനുവദിച്ചിരുന്നു. 2004ൽ ആസ്ത്രേലിയയിൽ വിക്ടോറിയ പൊലീസിലെ മഹ സുക്കർ ഹിജാബ് ധരിച്ചതായി ബി.ബി.സി റിപ്പോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.