ന്യൂസിലാൻഡ് സാമ്പത്തികമാന്ദ്യത്തിൽ ; തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഭരണകക്ഷിക്ക് കനത്ത തിരിച്ചടി
text_fieldsവെല്ലിങ്ടൺ: കാർഷിക മേഖലയെ അടിസ്ഥാനമാക്കിയുള്ള ന്യൂസിലാൻഡ് സമ്പദ്‍വ്യവസ്ഥ കടുത്ത സാമ്പത്തിക മാന്ദ്യത്തിൽ. പൊതുതെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് കടുത്ത സാമ്പത്തിക മാന്ദ്യത്തിന് പിടിയിലേക്ക് ന്യൂസിലാൻഡ് വീണത്. ചുഴലിക്കാറ്റും വെള്ളപ്പൊക്കവുമാണ് സമ്പദ്‍വ്യവസ്ഥക്ക് കനത്ത തിരിച്ചടിയുണ്ടാക്കിയത്.
സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ സമ്പദ്‍വ്യവസ്ഥയിൽ 0.1 ശതമാനത്തിന്റെ തകർച്ചയാണുണ്ടായത്. 2022 അവസാനത്തിൽ ന്യൂസിലാൻഡ് സമ്പദ്‍വ്യവസ്ഥ 0.7 ശതമാനം ഇടിഞ്ഞിരുന്നു. രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് എത്തിയെന്ന് ധനകാര്യമന്ത്രി ഗ്രാന്റ് റോബ്ടസൺ സമ്മതിച്ചു. പ്രതിസന്ധി അപ്രതീക്ഷിതമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2023 വെല്ലുവിളികൾ നിറഞ്ഞ വർഷമാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ആഗോളതലത്തിൽ വളർച്ചാ നിരക്ക് കുറയുകയാണ്. പണപ്പെരുപ്പം ഉയർന്ന നിരക്കിൽ തുടരുന്നു. വടക്കൻ ദ്വീപുകളിലുണ്ടായ കാലാവസ്ഥ മാറ്റങ്ങളും തിരിച്ചടിയായെന്ന് റോബ്ടസൺ പറഞ്ഞു.
ജനുവരിയിൽ ഓക്ലാൻഡിലുണ്ടായ പ്രളയവും പിന്നാലെയെത്തിയ ഗബ്രിയേല ചുഴലിക്കാറ്റും കടുത്ത പ്രതിസന്ധിയാണ് ന്യൂസിലാൻഡിലുണ്ടാക്കിയത്. ഏകദേശം ഒമ്പത് മില്യൺ യു.എസ് ഡോളറിന്റെ നഷ്ടം ഇതുമൂലമുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. പണപ്പെരുപ്പം 6.7 ശതമാനമായാണ് തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.