കോവാക്സിൻ നിർമാണത്തിന് കന്നുകാലി രക്തം ഉപയോഗിക്കുന്നുണ്ടോ? വിശദീകരണവുമായി ഭാരത് ബയോടെക്കും കേന്ദ്ര സർക്കാറും
text_fieldsന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനുള്ള കോവാക്സിന്‍റെ നിർമാണത്തിന് കന്നുകാലി കിടാങ്ങളുടെ രക്തം ഉപയോഗിക്കുന്നുണ്ടെന്ന ആരോപണത്തിന് പിന്നാലെ വിശദീകരണവുമായി വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കും കേന്ദ്ര സർക്കാരും. കോൺഗ്രസ് വക്താവ് ഗൗരവ് പാന്ധിയുടെ ട്വീറ്റോടുകൂടിയാണ് സംഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്.
കോവാക്സിൻ നിർമാണത്തിന് ജനിച്ച് 20 ദിവസം മാത്രം പ്രായമുള്ള പശുക്കിടാങ്ങളുടെ രക്തഘടകമായ 'സെറം' ഉപയോഗിക്കുന്നുവെന്ന് കേന്ദ്ര സർക്കാർ തന്നെ സമ്മതിക്കുന്നുവെന്നാണ് ഗൗരവ് പാന്ധി ട്വീറ്റിൽ പറഞ്ഞു. വിവരാവകാശ മറുപടിയായാണ് കേന്ദ്രം ഇക്കാര്യം സമ്മതിച്ചത്. പശുക്കിടാങ്ങളെ കൊന്ന് കട്ടപിടിക്കുന്ന രക്തത്തിൽ നിന്നാണ് സെറം വേർതിരിക്കുന്നത്. ഇത് അങ്ങേയറ്റം ഹീനമാണ്. ഇക്കാര്യം പൊതുജനങ്ങളെ ധരിപ്പിക്കണമായിരുന്നുവെന്നും കോൺഗ്രസ് വക്താവ് ട്വീറ്റ് ചെയ്തു.
ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെയാണ് കേന്ദ്ര സർക്കാറും വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കും വിശദീകരണവുമായി രംഗത്തെത്തിയത്.
വെറോ കോശങ്ങളുടെ (vero cells) വളർച്ചക്ക് വേണ്ടി മാത്രമാണ് കാലിക്കിടാങ്ങളുടെ രക്തഘടകം ഉപയോഗിക്കുന്നത്. മറ്റ് പല മൃഗങ്ങളുടെയും രക്തഘടകം (സെറം) വാക്സിനുകൾക്കാവശ്യമായ വെറോ കോശങ്ങളെ വളർത്താൻ സാധാരണയായി ഉപയോഗിക്കുന്നതാണ്. വാക്സിന് ആവശ്യമായ കോശങ്ങളെ നിർമിക്കാനാണ് വെറോ കോശങ്ങളെ ഉപയോഗിക്കുന്നത്. പോളിയോ, പേവിഷബാധ, ഇൻഫ്ലുവെൻസ തുടങ്ങിയ വാക്സിനുകൾക്കെല്ലാം ഇതേ സാങ്കേതിക വിദ്യ തന്നെയാണ് ഉപയോഗിക്കുന്നത് -കേന്ദ്രം വ്യക്തമാക്കി.
കോശങ്ങളുടെ വളർച്ചക്ക് പിന്നാലെ വെറോ കോശങ്ങളെ ബഫറിങ് എന്ന പ്രക്രിയയിലൂടെ കഴുകും. വെള്ളവും രാസവസ്തുക്കളും ഉപയോഗിച്ചുള്ള ഈ പ്രക്രിയ പല തവണ ആവർത്തിച്ച് കന്നുകാലി സെറം പൂർണമായും ഇല്ലാതായെന്ന് ഉറപ്പാക്കും. ഈ വെറോ കോശങ്ങളിലാണ് കൊറോണ വൈറസിനെ വളർത്തുന്നത്. വൈറസ് വളരുന്ന ഘട്ടത്തിൽ തന്നെ ഈ വെറോ കോശങ്ങളെ നശിപ്പിക്കും. അങ്ങനെ വളരുന്ന വൈറസിനെ നിർജീവമാക്കുകയും ശുദ്ധീകരിക്കുകയും ചെയ്യും. ഈ നിർജീവമായ വൈറസാണ് വാക്സിൻ നിർമാണത്തിന് ഉപയോഗിക്കുന്നത്. അതിനാൽ, അന്തിമ വാക്സിൻ ഉൽപ്പന്നത്തിൽ കന്നുകാലി കിടാങ്ങളുടെ രക്തഘടകം ഉൾപ്പെടുന്നില്ല -കേന്ദ്ര സർക്കാറിന്‍റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
കോശ വളർച്ചക്ക് വേണ്ടി മാത്രമാണ് കന്നുകാലി സെറം ഉപയോഗിക്കുന്നതെന്ന് ഭാരത് ബയോടെക്കും വ്യക്തമാക്കി. ഇതല്ലാതെ, സാർസ് കോവ്-2ന്‍റെ വളർച്ചയിലോ അന്തിമ ഉൽപ്പാദനത്തിലോ കന്നുകാലി സെറം ഉപയോഗിക്കുന്നില്ല. എല്ലാ മാലിന്യങ്ങളും ഒഴിവാക്കിയ ശേഷം, നിർവീര്യമാക്കപ്പെട്ടതും ശുദ്ധീകരിക്കപ്പെട്ടതുമായ വൈറസിനെ മാത്രമാണ് കോവാക്സിൻ നിർമാണത്തിന് ഉപയോഗിക്കുന്നത്. കന്നുകാലി സെറം ദശാബ്ദങ്ങളായി വാക്സിൻ നിർമാണത്തിന് ഉപയോഗിച്ചുവരുന്നതാണ്. തങ്ങളുടെ ഉപയോഗം തീർത്തും സുതാര്യമാണെന്നും കഴിഞ്ഞ ഒമ്പത് മാസമായി ഇത് രേഖകളായി സൂക്ഷിച്ചിട്ടുണ്ടെന്നും ഭാരത് ബയോടെക് വ്യക്തമാക്കി.
കോൺഗ്രസ് വക്താവ് ഗൗരവ് പാന്ധിയുടെ ആദ്യത്തെ ട്വീറ്റ് ഇപ്പോൾ ലഭ്യമല്ല. ബി.ജെ.പി സർക്കാർ ജനങ്ങളുടെ വിശ്വാസത്തെ വഞ്ചിക്കരുതെന്ന് അദ്ദേഹം പിന്നീട് ട്വിറ്റർ വിഡിയോയിൽ പറഞ്ഞു. കോവാക്സിനോ മറ്റേതെങ്കിലും വാക്സിനോ കന്നുകാലി കിടാങ്ങളുടെ രക്തഘടകം ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്നും ഗൗരവ് പാന്ധി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.