മഹാരാഷ്ട്രയിലെ പുതിയ സഭയിൽ പ്രതിപക്ഷ നേതാവ് ഉണ്ടാകില്ല; ബി.ജെ.പി സഖ്യത്തിന്‍റെ കുതിപ്പിൽ തകർന്നടിഞ്ഞ് എം.വി.എ
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ബി.ജെ.പി സഖ്യത്തിന്‍റെ വൻ കുതിപ്പിൽ തകർന്നടിഞ്ഞ് പ്രതിപക്ഷത്തെ മഹാവികാസ് അഘാഡി (എം.വി.എ). വൈകിട്ട് ആറ് മണി വരെയുള്ള കണക്കുകൾ പുറത്തുവരുമ്പോൾ പ്രതിപക്ഷത്തിന് 288ൽ 50 സീറ്റുകൾ മാത്രമാകും നേടാനാകുക. സഭയിൽ പത്ത് ശതമാനം സീറ്റിലെങ്കിലും വിജയിച്ച പാർട്ടിക്ക് മാത്രമേ പ്രതിപക്ഷ നേതാവിന്‍റെ പദവിക്കായി ആവശ്യമുന്നയിക്കാൻ കഴിയൂ എന്നിരിക്കേ അതിനുള്ള സാധ്യതയും സംസ്ഥാനത്ത് ഇല്ലാതാകുന്ന സ്ഥിതിവിശേഷമാണുള്ളത്.
പ്രതിപക്ഷ നേതാവാകാൻ കുറഞ്ഞത് പാർട്ടിക്ക് 29 സീറ്റുകൾ വേണം. നിലവിലെ കണക്കുകൾ പ്രകാരം പ്രതിപക്ഷത്തെ ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) 13 സീറ്റുകളിൽ ജയിക്കുകയും ഏഴിടത്ത് മുന്നേറുകയുമാണ്. കോൺഗ്രസും എൻ.സി.പി (ശരദ് പവാർ)യും ആറ് വീതം സീറ്റുകളിലാണ് ജയിച്ചത്. കോൺഗ്രസ് ഒമ്പതിടത്തും എൻ.സി.പി നാലിടത്തുമാണ് ലീഡ് ചെയ്യുന്നത്. ഇവയിൽ വിജയിച്ചാലും പ്രതിപക്ഷ നേതാവിനെ നാമനിർദേശം ചെയ്യാൻ എം.വി.എക്ക് കഴിയില്ല.
ഇതോടെ മഹാരാഷ്ട്രയുടെ 15-ാം നിയമസഭ പ്രതിപക്ഷ നേതാവ് ഇല്ലാതെയാകും പ്രവർത്തിക്കുകയെന്ന് ഏറെക്കുറെ ഉറപ്പിക്കാം. സമാന സ്ഥിതിവിശേഷമുള്ള ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, ഗുജറാത്ത്, മണിപ്പൂർ, നാഗലാൻഡ്, സിക്കിം എന്നിവിടങ്ങളിലാണ് നിലവിൽ പ്രതിപക്ഷ നേതാവില്ലാത്തത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട മഹായുതി സഖ്യത്തിന്‍റെ വമ്പൻ തിരിച്ചുവരവിനാണ് നിയമസഭ തെരഞ്ഞെടുപ്പ് സാക്ഷ്യംവഹിച്ചത്. 230ലേറെ സീറ്റുകളിലാണ് ഭരണകക്ഷി മുന്നേറുന്നത്. 120ലേറെ സീറ്റിൽ മുന്നേറുന്ന ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏക്നാഥ് ഷിൻഡെയാണോ ദേവേന്ദ്ര ഫഡ്നാവിസാണോ വരികയെന്ന കാര്യത്തിൽ മഹായുതി തീരുമാനം വ്യക്തമാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.