ആദ്യരാത്രി കാറ്റുകൊള്ളാൻ ടെറസിൽ കയറിയ നവവധു 'ഒളിച്ചോടി'; വിവാഹത്തട്ടിപ്പെന്ന് വരന്‍റെ പരാതി
text_fieldsഭിണ്ട്: ആദ്യരാത്രിയിൽ അൽപം കാറ്റ് കൊള്ളണമെന്ന് പറഞ്ഞ് ഭർതൃഗൃഹത്തിന്‍റെ ടെറസിലേക്ക് പോയ നവവധു ഒളിച്ചോടി. വിവാഹത്തട്ടിപ്പാണെന്ന വരന്‍റെ പരാതിയെ തുടർന്ന് വധുവിനും ബന്ധുക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു.
മധ്യപ്രദേശിലെ ഭിണ്ട് ജില്ലയിലെ ഗോർമി പ്രദേശത്തായിരുന്നു സംഭവം. 90,000 രൂപ നൽകിയാണ് സോനു ജെയിൻ എന്ന യുവാവ് അനിത രത്നാകർ എന്ന യുവതിയെ വിവാഹം കഴിച്ചത്. ആദ്യരാത്രിയിൽ അനിത ടെറസിനു മുകളിൽ നിന്ന് ചാടി പോകുകയായിരുന്നു. പരാതിയുമായി സോനു പൊലീസിൽ എത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
അനുയോജ്യയായ പെൺകുട്ടിയെ ലഭിക്കാഞ്ഞതിനാൽ സോനു ജെയിനിന്‍റെ വിവാഹം നടന്നിരുന്നില്ല. ഇതിനിടെയാണ് ഗ്വാളിയോർ സ്വദേശിയായ ഉദൽ ഖാതികിനെ സോനു പരിചയപ്പെട്ടത്. ഒരുലക്ഷം രൂപ നൽകിയാൽ അനുയോജ്യയായ വധുവിനെ കണ്ടെത്തി നൽകാമെന്ന് ഇയാൾ സോനുവിന് വാഗ്ദാനം നൽകി. ഇതുപ്രകാരം സോനു 90,000 രൂപ നൽകി. തുടർന്ന് അനിത രത്നാകർ എന്നു പേരായ യുവതിയുമായി സോനുവിന്‍റെ വിവാഹം നടന്നു. അനിതയുടെ ബന്ധുക്കൾ എന്ന് പരിചയപ്പെടുത്തിയ ജിതേന്ദ്ര രത്നാകർ, അരുൺ ഖാതിക് എന്നിവരും വിവാഹ സമയത്ത് ഉണ്ടായിരുന്നു.
വിവാഹ ദിനം രാത്രി ബന്ധുക്കളെല്ലാം ഉറങ്ങിയതോടെ തനിക്ക് അസ്വസ്ഥത അനുഭവപ്പെടുകയാണെന്നും അൽപനേരം ടെറസിൽ ഒറ്റയ്ക്കിരുന്നു കാറ്റുകൊള്ളണമെന്നും സോനുവിനോട് അനിത ആവശ്യപ്പെട്ടു. തുടർന്ന് അനിത ടെറസിൽ നിന്ന് ചാടി രക്ഷപ്പെടുകയും ചെയ്തു. കുറേനേരമായിട്ടും അനിത തിരികെ വരാതിരുന്നതോടെ സോനു അന്വേഷിച്ച് ചെന്നപ്പോളാണ് സംഭവം അറിയുന്നത്. തുടർന്ന് നടത്തിയ തെരച്ചിലിൽ വീടിന് വെളിയിൽ കിടന്നുറങ്ങിയ ജിതേന്ദ്ര രത്നാകർ, അരുൺ ഖാതിക് എന്നിവരെയും കാണാനില്ലെന്ന് മനസ്സിലായി. തുടർന്ന് പൊലീസിൽ പരാതി നൽകുകയും ഇവരെ കണ്ടെത്തുകയുമായിരുന്നു. സംഭവത്തിൽ അനിതയടക്കം അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. മൂന്നുപേരെ അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.