പഠനരീതി പൊളിച്ച് കേന്ദ്രം; പുതിയ വിദ്യാഭ്യാസ നയം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു
text_fieldsന്യൂഡൽഹി: വിദ്യാഭ്യാസ രംഗം അടിമുടി പൊളിച്ചെഴുതി കേന്ദ്രസർക്കാർ. മാനവശേഷി വികസന മന്ത്രാലയത്തിെൻറ പേര് വിദ്യാഭ്യാസ മന്ത്രാലയമെന്ന് തിരുത്തുന്നതടക്കം നിർദേശങ്ങളുള്ള പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. 2014ലെ ബി.ജെ.പി പ്രകടന പത്രികയിൽ ഉണ്ടായിരുന്ന പ്രഖ്യാപനം കൂടിയാണ് നടപ്പാവുന്നത്.
അണ്ടർ ഗ്രാജ്വേറ്റ് കോഴ്സുകൾ മൂന്നോ നാലോ വർഷമായിരിക്കും. ഈ കോഴ്സുകളിലെ പഠനം ഇടക്കു നിർത്താനും ഇടവേളയെടുക്കാനും വീണ്ടും തുടർപഠനത്തിനും നയം അവസരം നൽകുന്നു. മൂന്നു വർഷം വരെ പഠിച്ചാൽ അതുവരെ പഠിച്ചതിെൻറ സർട്ടിഫിക്കറ്റ്. ബിരുദാനന്തര ബിരുദം ഒന്നോ രണ്ടോ വർഷമാകാം. ബിരുദ, ബിരുദാനന്തര കോഴ്സുകൾ അഞ്ചു വർഷം നീളുന്ന ഇൻറഗ്രേറ്റഡ് കോഴ്സായിരിക്കും. എം.ഫിൽ നിർത്തലാക്കും.
നിയമ, മെഡിക്കൽ കോളജുകൾ ഒഴികെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒറ്റ നിയന്ത്രണ അതോറിറ്റി. സർവകലാശാലകൾക്കും കോളജുകൾക്കുമായി നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ പൊതുപ്രവേശന പരീക്ഷ. പൊതു, സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി പൊതു ചട്ടം.
ആർട്ട്, സയൻസ് വിഷയങ്ങൾ, കലയും ശാസ്ത്രവും, പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾ, തൊഴിൽ, പഠന മേഖലകൾ എന്നിവക്കിടയിലെ പഠനാവസരങ്ങളുടെ അതിർവരമ്പുകൾ കുറക്കും. ആശയങ്ങളുടെയും അറിവിെൻറയും പ്രയോഗ രീതിയിലുള്ള മികവ് പരിശോധിക്കപ്പെടും. സഹവിദ്യാർഥികളുടെവിലയിരുത്തൽ കൂടി ഉൾപ്പെടുന്നതാവും റിപ്പോർട്ട് കാർഡ്.
അഞ്ചാം ക്ലാസുവരെ മാതൃഭാഷയിൽ പഠനം
10+2 എന്ന ഇന്നത്തെ രീതി മാറ്റി വിദ്യാഭ്യാസം 5+3+3+4 രീതിയിലാക്കും. ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ രീതി മാറും. 18 വയസ്സു വരെയുള്ള കുട്ടികൾക്കുള്ള പുതിയ സ്കൂൾ പാഠ്യപദ്ധതിയിൽ 12 വർഷത്തെ സ്കൂൾ വിദ്യാഭ്യാസവും, അതിലേക്ക് കടക്കുന്നതിനു മുമ്പ് മൂന്നു വർഷത്തെ അംഗൻവാടി/പ്രീ സ്കൂൾ വിദ്യാഭ്യാസവുമാണ് ഏർപ്പെടുത്തുന്നത്. 18 വർഷം കൊണ്ട് 12 ഗ്രേഡുകൾ. അഞ്ചാം ക്ലാസുവരെ മാതൃഭാഷയിൽ പഠനം. സ്കൂൾ പാഠഭാരം പ്രധാനാശയങ്ങളിലേക്കു ചുരുക്കും. ആറാം ക്ലാസു മുതൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ.
കോളജുകളുടെ അഫിലിയേഷൻ സമ്പ്രദായം 15 വർഷം കൊണ്ട് നിർത്തും. നിശ്ചിത കാല ശേഷം ഓരോ കോളജും സ്വയംഭരണ, ബിരുദദാന കോളജായോ സർവകലാശാലയുടെ അനുബന്ധ കോളജായോ മാറ്റും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.