ഖ്വാജ മൊയ്‌നുദ്ദീൻ ചിശ്തിക്കെതിരായ പരാമർശം; ടി.വി അവതാരകനെതിരായ എഫ്.ഐ.ആർ റദ്ദാക്കില്ല
text_fieldsഡൽഹി: ജൂൺ 15 ന് നടന്ന പരിപാടിയിൽ സൂഫി വര്യൻ ഖ്വാജ മൊയ്‌നുദ്ദീൻ ചിശ്തിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ന്യൂസ് 18 ടി.വി അവതാരകൻ അമിഷ് ദേവ്ഗനെതിരായ എഫ്.ഐ.ആർ റദ്ദാക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ജസ്റ്റിസുമാരായ എ.എം ഖാൻവിൽക്കർ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, തെലങ്കാന തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ അമിഷ് ദേവ്ഗനെതിരെ ഫയൽ ചെയ്ത എല്ലാ എഫ്.ഐ.ആറുകളും രാജസ്ഥാനിലെ അജ്മീറിലേക്ക് കൈമാറി.
നിയമനടപടികളുമായി സഹകരിക്കുന്നപക്ഷം എഫ്.ഐ.ആറുമായി ബന്ധപ്പെട്ട് നിർബന്ധിത നടപടികളിൽ നിന്ന് അമിഷ് ദേവ്ഗന് സംരക്ഷണം നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്. ജൂൺ 15ന് തെൻറ ചാനലിൽ "ആർ പാർ" എന്ന വാർത്താ സംവാദ പരിപാടിയിൽ ഖ്വാജാ മൊയ്‌നുദ്ദീൻ ചിശ്തിയെ അവഹേളിക്കുന്ന പദം ഉപയോഗിച്ചതിന് ഇദ്ദേഹത്തിനെതിരേ നിരവധി എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അമിഷ് ദേവ്ഗൻ പിന്നീട് ക്ഷമാപണം നടത്തിയിരുന്നു.
എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അമിഷ് ദേവ്ഗൻ തെൻറ അഭിഭാഷകൻ മൃണാൾ ഭാരതി മുഖേന കോടതിയെ സമീപിച്ചിരുന്നു. അശ്രദ്ധമായ പിശകിന് അദ്ദേഹം ഇതിനകം ഖേദം പ്രകടിപ്പിച്ചെന്നും എഫ്.െഎ.ആർ നിർത്തലാക്കണമെന്നുമാണ് കോടതിയിൽ ആവശ്യപ്പെട്ടത്. അന്വേഷണം പോലീസിെൻറ അവകാശമാണെന്ന് പറഞ്ഞ് എഫ്.ഐ.ആർ റദ്ദാക്കണമെന്ന അമിഷ് ദേവ്ഗെൻറ അപേക്ഷ മുതിർന്ന അഭിഭാഷകൻ മനീഷ് സിങ്വി എതിർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.