യു.എ.പി.എ ചുമത്തിയതിനെതിരായ ന്യൂസ് ക്ലിക് കേസ് സുപ്രീംകോടതി മാറ്റിവെച്ചു
text_fieldsന്യൂഡൽഹി: യു.എ.പി.എ ചുമത്തിയ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ന്യൂസ് ക്ലിക് എഡിറ്റർ പ്രബീർ പുർകായസ്ത, എച്ച്.ആർ മേധാവി അമിത് ചക്രവർത്തി എന്നിവർ നൽകിയ ഹരജി സുപ്രീംകോടതി മാറ്റിവെച്ചു. ഹരജി ദീപാവലി അവധിക്ക് ശേഷം പരിഗണിക്കുമെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു. ഇത് രണ്ടാം തവണയാണ് കേസ് മാറ്റിവെക്കുന്നത്.
എഫ്.ഐ.ആറിന്റെ പകർപ്പോ അറസ്റ്റിനുള്ള മറ്റ് കാരണങ്ങളോ ഇതുവരെ പങ്കുവെച്ചിട്ടില്ലെന്നും 71കാരനായ പുർകായസ്ഥയുടെ ആരോഗ്യം മോശമായതിനാൽ ജാമ്യത്തിന് അർഹതയുണ്ടെന്നും ന്യൂസ് ക്ലിക്കിന് വേണ്ടി അഭിഭാഷകൻ കപിൽ സിബൽ കോടതിയെ അറിയിച്ചെങ്കിലും ദീപാവലി അവധി കഴിഞ്ഞ് ആദ്യ കേസ് ആയി തന്നെ പരിഗണിക്കാമെന്ന് വ്യക്തമാക്കി ബെഞ്ച് മാറ്റിവെക്കുകയായിരുന്നു. ഒക്ടോബർ 10 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഇവർ.
ഇന്ത്യവിരുദ്ധ പ്രചാരണത്തിന് ചൈനീസ് ഫണ്ട് സ്വീകരിച്ചെന്ന് ആരോപിച്ചാണ് യു.എ.പി.എ ചുമത്തി ഇവരെ അറസ്റ്റ് ചെയ്തത്. സ്ഥാപനവുമായി ബന്ധപ്പെട്ട 37 മുതിർന്ന മാധ്യമപ്രവർത്തകരുടെ വീടുകളിൽ അടക്കം 30 കേന്ദ്രങ്ങളിൽ മണിക്കൂറുകൾ നീണ്ട റെയ്ഡ് നടത്തിയതിനും ചോദ്യം ചെയ്യലിനും പിന്നാലെയാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.