ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്തയെ 10 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
text_fieldsന്യൂഡൽഹി: യു.എ.പി.എ കേസിൽ അറസ്റ്റിലായ ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്ററുമായ പ്രബീർ പുരകായസ്‌തയെയും സ്ഥാപനത്തിന്‍റെ എച്ച്.ആർ മേധാവി അമിത് ചക്രവർത്തിയെയും കോടതി 10 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇന്ത്യ വിരുദ്ധ പ്രചാരണത്തിന് ചൈനീസ് ഫണ്ട് സ്വീകരിച്ചെന്നാരോപിച്ചാണ് ഇരുവരെയും ഈമാസം മൂന്നിന് ഡൽഹി പൊലീസ് സ്പെഷൽ സെൽ അറസ്റ്റ് ചെയ്തത്.
സ്ഥാപനത്തിനെതിരെ യു.എ.പി.എ ചുമത്തി കേസെടുക്കുകയും സ്ഥാപനം പൂട്ടി മുദ്രവെക്കുകയും ചെയ്തിരുന്നു. ഡൽഹി അഡീഷനൽ സെഷൻസ് ജഡ്ജ് ഹർദീപ് കൗറാണ് ഇരുവരെയും കസ്റ്റഡിയിൽ വിട്ടത്. പ്രോസിക്യൂഷൻ 10 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയാണ് ആവശ്യപ്പെട്ടത്. എന്നാൽ, തന്റെ കക്ഷിക്കെതിരെ പ്രഥമദൃഷ്ട്യാ ഒരു കേസും എടുത്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പുരകായസ്തയുടെ അഭിഭാഷകർ ഇതിനെ ശക്തമായി എതിർത്തു.
എന്നാൽ, കേസ് നടപടികളുടെ ഭാഗമായി തെളിവുകൾ ശേഖരിക്കുകയാണെന്നും അതിനാൽ ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വേണമെന്നും പ്രോഷിക്യൂഷൻ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.