വരുന്നു, മണിക്കൂറിൽ 200 കി.മീ വേഗതയുള്ള വന്ദേ ഭാരത് ട്രെയിനുകൾ -റെയിൽവേ മന്ത്രി
text_fieldsഔറംഗബാദ്: വന്ദേ ഭാരത് ട്രെയിനുകളുടെ നൂതന പതിപ്പിന് മണിക്കൂറിൽ 200 കിലോമീറ്റർ പരമാവധി വേഗത കൈവരിക്കാൻ കഴിയുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. മഹാരാഷ്ട്ര ലാത്തൂരിലെ മറാത്ത്‌വാഡ റെയിൽ കോച്ച് ഫാക്ടറി വന്ദേ ഭാരത് എക്‌സ്‌പ്രസുകൾക്കായി നവീകരിച്ച 1,600 കോച്ചുകൾ നിർമ്മിക്കുമെന്നും മന്ത്രി അറിയിച്ചു. ഓരോ കോച്ചിനും എട്ടു മുതൽ ഒമ്പതുകോടി രൂപ വരെ ചിലവ് വരും.
തിങ്കളാഴ്ച ഔറംഗബാദിൽ ചേംബർ ഓഫ് മറാത്ത്‌വാഡ ഇൻഡസ്ട്രീസ് ആൻഡ് അഗ്രികൾച്ചർ (സിഎംഐഎ) സംഘടിപ്പിച്ച 'ഡെസ്റ്റിനേഷൻ മറാത്ത്‌വാഡ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വന്ദേ ഭാരത് ട്രെയിനുകളുടെ 1600 കോച്ചുകൾ നിർമ്മിക്കുന്നതോടെ ലാത്തൂരിന്റെ 400 മുതൽ 500 കിലോമീറ്റർ വരെ ചുറ്റളവിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് വൻ അവസരങ്ങളാണ് കാത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വന്ദേ ഭാരത് എക്‌സ്പ്രസിന്റെ പുതുതലമുറ ട്രെയിനുകളുടെ പരമാവധി വേഗത മണിക്കൂറിൽ 200 കിലോമീറ്ററായിരിക്കും. ഈ ബാച്ചിലുള്ള ആദ്യ കോച്ച് 16 മാസത്തിനുള്ളിൽ പുറത്തിറക്കും. സെമി-ഹൈ-സ്പീഡ് ട്രെയിനുകളിലെ ശബ്ദം 60-65 ഡെസിബെൽ ആയി കുറയ്ക്കുന്നതിൽ വിജയിച്ചതായും മന്ത്രി പറഞ്ഞു.
2014 മുതൽ റെയിൽവേ ട്രാക്കുകൾ സ്ഥാപിക്കുന്നതിൽ വൻ വർധനവ് ഉണ്ടായതായും മരന്തി പറഞ്ഞു. 2014ന് മുമ്പ് പ്രതിദിനം 4 കിലോമീറ്റർ റെയിൽവേ ട്രാക്കുകളാണ് നിർമിച്ചിരുന്നത്. ഇത് ഇപ്പോൾ പ്രതിദിനം 12 കിലോമീറ്ററിലെത്തി. പ്രതിദിനം 20 കിലോമീറ്ററായി ഉയർത്താനാണ് ലക്ഷ്യമിടുന്നത് -വൈഷ്ണവ് പറഞ്ഞു. 2023 മാർച്ച് 31ന് മുമ്പ് ഔറംഗബാദിന് 5ജി ഇന്റർനെറ്റ് സൗകര്യം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.