പ്രതിപക്ഷ സഖ്യമായ ഇൻഡ്യയുടെ അടുത്ത യോഗം ആഗസ്ത് 25, 26 തിയ്യതികളിൽ മുംബൈയിൽ
text_fieldsമുംബൈ: പ്രതിപക്ഷ സഖ്യമായ ഇൻഡ്യയുടെ അടുത്ത യോഗം ആഗസ്ത് 25, 26 തിയ്യതികളിൽ മുംബൈയിൽ നടക്കും. യോഗത്തിന് ശിവസേനയുടെ ഉദ്ധവ് താക്കറെ വിഭാഗവും എൻ.സി.പിയുടെ ശരദ് പവാര്‍ വിഭാഗവും ആതിഥേയത്വം വഹിക്കും. പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന് ശേഷമാണ് യോഗം നടക്കുക. മുംബൈയിൽ സംയുക്ത റാലി നടത്താന്‍ പദ്ധതിയുണ്ടെങ്കിലും യോഗം ചേരുന്ന സമയത്തെ കാലാവസ്ഥ പരിഗണിച്ച് അന്തിമ തീരുമാനമെടുക്കും.
കോഡിനേഷന്‍ കമ്മിറ്റിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, എ.എ.പി, ജെഡി(യു), ആർ.ജെ.ഡി, ശിവസേന (ഉദ്ധവ് പക്ഷം), എൻ.സി.പി, ജെ.എം.എം, സമാജ്‌വാദി പാർട്ടി, സി.പി.എം എന്നിങ്ങനെ 11 പാർട്ടികളുടെ പ്രതിനിധികൾ ഉണ്ടാകും.
വിശാല പ്രതിപക്ഷ സഖ്യത്തിന്‍റെ മൂന്നാമത്തെ യോഗമാണിത്. പ്രഥമയോഗം ജൂൺ 23ന് പട്‌നയിലും തുടർന്ന് ജൂലൈ 17, 18 തിയ്യതികളിൽ ബംഗളൂരുവിലും യോഗം നടന്നു. ബംഗളൂരു യോഗത്തിലാണ് സഖ്യത്തിന് ഇന്‍ഡ്യ (ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ്) എന്ന് പേരിട്ടത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുക എന്നതാണ് ഇന്‍ഡ്യയുടെ മുഖ്യ അജണ്ട.
പട്‌നയിൽ 15 പാർട്ടികളാണ് പങ്കെടുത്തതെങ്കില്‍ ബംഗളൂരുവിൽ പാർട്ടികളുടെ എണ്ണം 26 ആയി ഉയർന്നു. മണിപ്പൂർ വിഷയത്തിൽ കഴിഞ്ഞ തിങ്കളാഴ്ച പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് സമീപം ഇന്‍ഡ്യ പ്രതിനിധികള്‍ സംയുക്തമായി പ്രതിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.