തെരഞ്ഞെടുപ്പിനുമുമ്പ് ബോണ്ട് വിവാദം
text_fieldsന്യൂഡൽഹി: അഞ്ചു സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പായി പുതിയ ഇലക്ടറൽ ബോണ്ടുമായി സർക്കാർ. ബോണ്ട് വഴിയുള്ള സംഭാവനയുടെ 90 ശതമാനവും ചെന്നെത്തുന്നത് കേന്ദ്ര ഭരണകക്ഷിയായ ബി.ജെ.പിക്കാണെന്ന മുൻകാല കണക്കുകൾ ചൂണ്ടിക്കാട്ടി പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് അടക്കം വിവിധ പാർട്ടികൾ സർക്കാറിനെ വിമർശിച്ചു. ഈ മാസം നാലു മുതൽ 13വരെയുള്ള തീയതികളിൽ ബോണ്ട് വാങ്ങി പാർട്ടികൾക്ക് സംഭാവന ചെയ്യാമെന്നാണ് ധനമന്ത്രാലയം വിജ്ഞാപനത്തിൽ പറഞ്ഞത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുഖേന മാത്രമാണ് ബോണ്ട് പുറത്തിറക്കുന്നത്. എസ്.ബി.ഐയുടെ ചെന്നൈ, ബംഗളൂരു, മുംബൈ, ഡൽഹി, കൊൽക്കത്ത, ലഖ്നോ, ഷിംല, ഡറാഡൂൺ, ഗുവാഹതി, പട്ന, ചണ്ഡിഗഢ്, ശ്രീനഗർ, ഗാന്ധിനഗർ, ഭോപാൽ, റായ്പൂർ നഗരങ്ങളിലെ 29 ശാഖകൾ വഴിയാണ് വിതരണം. ഇങ്ങനെ വാങ്ങുന്ന ബോണ്ടുകൾക്ക് 15 ദിവസത്തേക്കാണ് സാധുത. അതിനകം പാർട്ടികൾ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ച് മാറ്റിയെടുക്കണം. നിയമസഭയിലേക്കോ ലോക്സഭയിലേക്കോ നടന്ന തെരഞ്ഞെടുപ്പുകളിൽ ഒരു ശതമാനത്തിൽ കുറയാത്ത വോട്ട് കിട്ടിയ രാഷ്ട്രീയ പാർട്ടികൾക്ക് മാത്രമാണ് ഇലക്ടറൽ ബോണ്ട് വഴി സംഭാവന സ്വീകരിക്കാവുന്നത്.
വ്യക്തികൾക്ക് ഒറ്റക്കോ കൂട്ടായോ രാജ്യത്തെ സ്ഥാപനങ്ങൾക്കോ ഇലക്ടറൽ ബോണ്ട് വാങ്ങി അംഗീകൃത പാർട്ടികൾക്ക് സംഭാവന ചെയ്യാം. ഇത്തരത്തിൽ ആരാണ് ബോണ്ട് വാങ്ങിയതെന്നോ ഏതു പാർട്ടിക്ക് നൽകിയെന്നോ വെളിപ്പെടുത്തേണ്ടതില്ല. രൊക്കം പണമായി സംഭാവന നൽകുന്നതിൽ സുതാര്യതയില്ലെന്നും കള്ളപ്പണ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് 2018ൽ ഇലക്ടറൽ ബോണ്ട് പദ്ധതി മോദിസർക്കാർ നടപ്പാക്കിയത്. ഏറ്റവും സൗകര്യപ്രദമായി ഇഷ്ടപ്പെട്ട പാർട്ടികൾക്ക് വാരിക്കോരി പണം നൽകാൻ കോർപറേറ്റുകൾക്കുള്ള അവസരം കൂടിയാണ് ഇതുവഴി തുറന്നത്.
ഇലക്ടറൽ ബോണ്ട് വഴി ഏറ്റവും കൂടുതൽ സംഭാവന എത്തുന്നത് ബി.ജെ.പിക്കാണ്. 2021-22 വരെയുള്ള കാലത്ത് ഏഴ് ദേശീയ പാർട്ടികൾക്കും 24 പ്രാദേശിക പാർട്ടികൾക്കുമായി ലഭിച്ച 9188 കോടി രൂപയുടെ ബോണ്ടിൽ 5272 കോടിയും ബി.ജെ.പിക്കാണ് കിട്ടിയതെന്ന് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) പഠന റിപ്പോർട്ട് പുറത്തിറക്കിയിരുന്നു.
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ്, തെലങ്കാന, മിസോറം നിയമസഭ തെരഞ്ഞെടുപ്പുകൾ തെരഞ്ഞെടുപ്പ് കമീഷൻ ദിവസങ്ങൾക്കകം പ്രഖ്യാപിക്കും. ലോക്സഭ തെരഞ്ഞെടുപ്പിലേക്കും മാസങ്ങൾ മാത്രം. ഇലക്ടറൽ ബോണ്ടുകൾ ‘നിയമാനുസൃത കോഴ’യാണെന്ന് കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി. ചിദംബരം കുറ്റപ്പെടുത്തി. ബി.ജെ.പിക്ക് ‘സ്വർണക്കൊയ്ത്ത്’ നടത്താൻ വഴിതുറക്കുകയാണ്. അജ്ഞാതമായ സംഭാവനകളിൽ 90 ശതമാനവും ബി.ജെ.പിക്കാണ് കിട്ടുന്നതെന്ന് മുൻകാല കണക്കുകൾ തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.