പൂച്ചകൾ വായുമലിനീകരണം ഉണ്ടാക്കുമോ? അന്വേഷണവുമായി ദേശീയ ഹരിത ട്രിബ്യൂണൽ
text_fieldsകൊൽക്കത്ത: പൂച്ചകളെ ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. എന്നാൽ പൂച്ചകൾ ഉണ്ടാക്കുന്ന മലിനീകരണം കാരണം സഹികെട്ട് ദേശീയ ഹരിത ട്രിബ്യൂണൽ വരെ കയറിയ ഒരു കൂട്ടം ആളുകളുണ്ട്- കൊൽക്കത്തയിൽ. കാര്യം ഗൗരവമായി അന്വേഷിക്കുകയാണ് ട്രിബ്യൂണൽ.
45ലേറെ പൂച്ചകളുള്ള ഒരു ഫ്ലാറ്റ്- ഇവ വെറുതെ ഓടി നടക്കുന്നതല്ല, രണ്ടാം നിലയിലുള്ള ഒരു പൂച്ച സ്നേഹി ഓമനിച്ച് വളർത്തുന്നതാണ്. സ്വന്തമായി വളർത്തുന്ന 25ഓളം പൂച്ചകളെ കൂടാതെ 20ൽ പരം തെരുവ് പൂച്ചകളെയും ഇയാൾ പരിസരത്ത് കയറ്റുകയും ഭക്ഷണം കൊടുക്കുകയും ചെയ്യുന്നുണ്ട്. നാല് ബ്ലോക്കുകളിലായി 80 ഫ്ലാറ്റുകളുണ്ട് ഇവിടെ. പലയിടത്തും പൂച്ചകൾ സ്വൈര്യവിഹാരം നടത്തുന്നത് ഫ്ലാറ്റിലെ മറ്റുള്ളവരെ ചൊടിപ്പിക്കുകയാണ്.
ഇവയുടെ രോമങ്ങളും കാഷ്ഠവും പൊടിയും മണവും കാരണം അലർജി ഉണ്ടാവുന്നെന്നും വായു മലിനീകരണം സംഭവിക്കുന്നെന്നും പരാതിപ്പെട്ട് അയൽക്കാർ ദേശീയ ഹരിത ട്രിബ്യൂണലിൽ പരാതിപ്പെട്ടു. ഇതിലെ വാസ്തവം തിരയാൻ മൂന്നംഗ സംഘത്തെ ട്രിബ്യൂണൽ നിയമിച്ചിരിക്കുകയാണ്.
ആദ്യം ബംഗാൾ മലിനീകരണ നിയന്ത്രണ ബോർഡിലാണ് പരാതി അറിയിച്ചത്. ഇവർ കൊൽക്കത്ത മുനിസിപ്പൽ കൊർപ്പറേഷനിൽ കേസ് കൈമാറി. നടപടികൾ ഉണ്ടാകാത്തതിനെ തുടർന്ന് അയൽക്കാർ ട്രിബ്യൂണലിൽ പരാതി നൽകുകയായിരുന്നു. ഈ വർഷം മേയിൽ ഹരിത ട്രിബ്യൂണൽ കേസ് പരിഗണിച്ചിരുന്നു.
ജുഡീഷ്യൽ അംഗമായ ജസ്റ്റിസ് അമിത് സ്ഥലേക്കർ, വിദഗ്ധ അംഗമായ സൈബൽ ദാസ്ഗുപ്ത എന്നിവരടങ്ങിയ ട്രിബ്യൂണൽ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. ബംഗാൾ മലിനീകരണ നിയന്ത്രണ ബോർഡിലെ മുതിർന്ന ശാസ്ത്രജ്ഞൻ, കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ മുതിർന്ന ഉദ്യോഗസ്ഥൻ, ഗരിയാഹത് പൊലീസ് തുടങ്ങിയവരെ സ്ഥലം നേരിട്ട് കണ്ട് പരിശോധിക്കാനായി ഏർപ്പെടുത്തിയിട്ടുണ്ട്. ആഗസ്റ്റ് 17ന് കേസ് വീണ്ടും പരിഗണിക്കും.
എന്നാൽ പരാതി അടിസ്ഥാനരഹിതമെന്ന് ചൂണ്ടിക്കാട്ടി മൃഗസ്നേഹികൾ രംഗത്തെത്തി. പൂച്ചകൾ വായു മലിനീകരണത്തിന് കാരണമാകും എന്നതിന് ശാസ്ത്രീയമായി തെളിവുകളില്ല. അത് കൊണ്ട് തന്നെ ഈ കേസ് ആളുകളെ തെറ്റിദ്ധരിപ്പിക്കുമെന്നും മൃഗങ്ങളെ വളർത്തുന്നത് തടുക്കാൻ മറ്റുള്ളവർക്ക് അവകാശമില്ലെന്നും മൃഗാവകാശ അഭിഭാഷക ഗൗരി മൗലേഖി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.