ഗംഗയിൽ മൃതദേഹങ്ങളൊഴുകുന്നത് തുടരുന്നു; യു.പി, ബിഹാർ സർക്കാറുകൾക്ക് മനുഷ്യാവകാശ കമീഷൻ നോട്ടിസ്
text_fieldsന്യൂഡൽഹി: ഗംഗയിലൂടെ ഇപ്പോഴും മൃതശരീരങ്ങൾ ഒഴുകുന്നതായി റിപ്പോർട്ട്. ഉത്തർപ്രദേശിലൂടെയും ബിഹാറിലൂടെയും ഒഴുകുന്ന ഗംഗയിലാണ് ഏറ്റവുമധികം ശവങ്ങൾ. രണ്ടു സംസ്ഥാന സർക്കാറുകൾക്കും ദേശീയ മനുഷ്യാവകാശ കമീഷൻ നോട്ടിസ് നൽകി. ഒപ്പം കേന്ദ്ര ജലശക്തി മന്ത്രാലയത്തിനും കമീഷൻ നോട്ടിസ് നൽകിയിട്ടുണ്ട്.
കോവിഡ് മഹാമാരിയിൽ മരിക്കുന്നവരുടെ ശരീരം വേണ്ടവിധം സംസ്കരിക്കാൻപോലും കഴിയുന്നില്ല എന്ന പരാതി ശക്തമായി നിലനിൽക്കുകയാണ്. ശ്മശാനങ്ങൾ നിറഞ്ഞുകവിയുകയും സംസ്കരിക്കാൻ ഇടമില്ലാതാവുകയും സംസ്കരണ ചെലവ് താങ്ങാൻ കഴിയാതാവുകയും ചെയ്തപ്പോഴാണ് ജഡങ്ങൾ നദിയിൽ തള്ളിത്തുടങ്ങിയത്. ഇതിനെതിരെ മനുഷ്യാവകാശ കമീഷന് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ് കമീഷൻ നോട്ടിസ് അയച്ചത്.
അതേസമയം, ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലെ ഉജ്ജ്യാർ, കുൽഹാദിയ, ബറൗളി ഘാട്ടുകൾക്കടുത്ത് 52 ഒാളം മൃതദേഹങ്ങൾ നദിയിൽ കണ്ടെത്തിയതായി പരിസരവാസികൾ പറഞ്ഞു. ബിഹാറിൽനിന്നും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതിനിടയിൽ, ബല്ലിയ മേഖലയിൽ മൃതദേഹങ്ങൾ നായ്ക്കൾ കടിച്ചുപറിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതേതുടർന്ന് ജില്ല ഭരണകൂടം ഇടപെട്ട് നായ്ക്കൾ കടിച്ച രണ്ട് മൃതദേഹങ്ങൾ സംസ്കരിച്ചു.
ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾ തന്നെയാണ് മൃതദേഹങ്ങൾ നദിയിൽ തള്ളിയതെന്ന് പൊലീസ് പറയുന്നു.മൃതദേഹങ്ങൾ നദിയിൽ തള്ളുന്നത് തടയാൻ സംസ്ഥാന ദുരന്തനിവാരണ സേനയോട് പട്രോളിങ് ശക്തമാക്കാൻ യോഗി ആദിത്യനാഥ് കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു. എന്നിട്ടും ഗംഗയിലൂടെ നിർബാധം ജഡങ്ങൾ ഒഴുകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.