എൻ.ഐ.എ നിയമം: സോളിഡാരിറ്റിയുടെ ഹരജിയിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്
text_fieldsന്യൂഡൽഹി: മോദിസർക്കാർ വീണ്ടും അധികാരത്തിൽ വന്നതിനു പിന്നാലെ നടന്ന ആദ്യ പാർലമെൻറ് സമ്മേളനത്തിൽ പാസാക്കിയ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഭേദഗതി നിയമത്തിെൻറ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സുപ്രീംകോടതിയിൽ. സോളിഡാരിറ്റിയുടെ ഹരജി ഫയലിൽ സ്വീകരിച്ച ജസ്റ്റിസുമാരായ ആർ.എഫ്. നരിമാൻ, രവീന്ദ്ര ഭട്ട് എന്നിവർ നിലപാട് അറിയിക്കുന്നതിന് കേന്ദ്രസർക്കാറിന് നോട്ടീസ് അയക്കാൻ നിർദേശിച്ചു. എൻ.ഐ.എ നിയമത്തിനെതിരെ ഛത്തിസ്ഗഢ് സർക്കാർ നൽകിയ ഹരജിയും സുപ്രീംകോടതി മുമ്പാകെയുണ്ട്.
കേന്ദ്രത്തിന് അമിതാധികാരം നൽകുന്നതും ദുരുപയോഗ സാധ്യത വർധിപ്പിക്കുന്നതുമാണ് നിയമഭേദഗതിയെന്ന് ബിൽ അവതരിപ്പിച്ച വേളയിൽ പ്രതിപക്ഷം പാർലമെൻറിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, എതിർപ്പു വകവെക്കാതെ പാസാക്കിയ നിയമഭേദഗതിയാണ്, പൗരത്വ ഭേദഗതി നിയമത്തിെൻറ കാര്യത്തിലെന്നപോലെ പരമോന്നത നീതിപീഠം മുമ്പാകെ ചോദ്യം ചെയ്യപ്പെടുന്നത്. സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംസ്ഥാന ജനറൽ സെക്രട്ടറി ഉമർ ആലത്തൂരാണ് അഭിഭാഷകരായ സന്തോഷ് പോൾ, ജയ്മോൻ ആൻഡ്രൂസ് എന്നിവർ മുഖേന സുപ്രീംകോടതിയെ സമീപിച്ചത്. ദേശീയ അന്വേഷണ ഏജൻസിക്ക് സംസ്ഥാനങ്ങളിലേക്ക് കടന്നുകയറാൻ വലിയ തോതിൽ പഴുതു നൽകുന്നതാണ് ഭേദഗതി നിയമമെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി.
ഭീകരത നേരിടാനാണ് എൻ.ഐ.എ നിയമം കൊണ്ടുവന്നത്. നിയമം കൊണ്ടുവന്നതിെൻറ അടിസ്ഥാന ലക്ഷ്യവുമായി ബന്ധമില്ലാത്തവിധം മനുഷ്യക്കടത്ത്, കള്ളനോട്ട് തുടങ്ങി കൂടുതൽ കുറ്റങ്ങൾ അന്വേഷിക്കാനുള്ള അധികാരം കൂടി എൻ.ഐ.എക്ക് നൽകിയിരിക്കുകയാണ്. സംസ്ഥാന സർക്കാറിെൻറയും പൊലീസിെൻറയും അധികാരത്തിലേക്കുള്ള കടന്നുകയറ്റം കൂടിയാണിത്. കേന്ദ്ര ഏജൻസിയിലേക്ക് പൊലീസിെൻറ അധികാരങ്ങൾ കൂടുതൽ കേന്ദ്രീകരിക്കുന്നതിന് ഇടവരുത്തുന്നതാണ് ഭേദഗതി നിയമം. നിയമത്തിലെ 6(8) വകുപ്പു പ്രകാരം കേസ് സ്വമേധയാ രജിസ്റ്റർ ചെയ്യാൻ കേന്ദ്രത്തിന് എൻ.ഐ.എയോട് ആവശ്യപ്പെടാം. വ്യക്തമായ നിർവചനംപോലും ഭീകരത അടക്കമുള്ളവക്ക് നൽകാതെയാണ് കേന്ദ്രം നീങ്ങുന്നത്. 1(2)(ഡി) വകുപ്പു പ്രകാരം വിദേശത്തെ ഇന്ത്യക്കാരനെതിരെയും സർക്കാറിന് ദുരുദ്ദേശ്യപരമായി നീങ്ങാൻ സാധിക്കുമെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.