അൽഖാഇദ ബന്ധം ആരോപിച്ച് അറസ്റ്റിലായ ആളുടെ വീട്ടിൽ രഹസ്യ അറയെന്ന് പൊലീസ്; സെപ്റ്റിക് ടാങ്കെന്ന് പ്രതിയുടെ ഭാര്യ
text_fieldsബെഹ്റംപൂർ (പശ്ചിമ ബംഗാൾ): അൽ ഖാഇദ ബന്ധമുള്ളയാൾ എന്ന സംശയത്തിൽ പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ അറസ്റ്റിലായ അബൂ സഫിയാൻ എന്നയാളുടെ വീട്ടിൽ എൻ.ഐ.എ രഹസ്യ അറ കണ്ടെത്തിയതായി പൊലീസ്. വീട്ടിൽ നിന്ന് നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.
ഇത് രഹസ്യ അറ അല്ലെന്നും ശുചിമുറിക്കായി നിർമിച്ച സെപ്റ്റിക് ടാങ്ക് ആണെന്നും സഫിയാെൻറ ഭാര്യ പിന്നീട് വാർത്താലേഖകരോട് പറഞ്ഞു. ഇക്കാര്യം പൊലീസിനോട് പറഞ്ഞതായും അവർ വ്യക്തമാക്കി. റെയ്ഡിൽ അറസ്റ്റിലായ സഫിയാൻ ഉൾപ്പെടെ ആറുപേരെ കൊൽകത്തയിൽചോദ്യം ചെയ്തു. ഇവരെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ട് പ്രത്യേക കോടതി ഉത്തരവിട്ടു.
അൽ ഖാഇദ ഭീകരരെതേടി രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ സഫിയാനടക്കം ഒൻപത് പേർ പിടിയിലായതിലായി എൻ.ഐ.എ അറിയിച്ചിരുന്നു. ഇവരിൽ മൂന്ന് പേരെ കേരളത്തിൽ നിന്നാണ് പിടികൂടിയത്. എറണാകുളം പെരുമ്പാവൂരിലും പാതാളത്തിലുമായി താമസിക്കുകയായിരുന്ന അന്യസംസ്ഥാന തൊഴിലാളികളെയാണ് അൽ ഖാഇദ ബന്ധം ആരോപിച്ച് പിടികൂടിയത്. ആറ് പേരെ പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു.
എറണാകുളത്ത് പിടിയിലായ മൂന്നുപേരും ബംഗാൾ സ്വദേശികളാണ്. മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മുസറഫ് ഹസൻ എന്നിവരാണ് കേരളത്തിൽനിന്നും പിടിയിലായ മൂന്ന് പേർ. രണ്ടുപേരെ പെരുമ്പാവൂരിൽനിന്നും ഒരാളെ പാതാളത്തുനിന്നുമാണ് കസ്റ്റഡിയിലെടുത്തത്. പിടിയിലായവർ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ആക്രമണത്തിന് പദ്ധതിയിട്ടെന്നും എൻ.ഐ.എ വൃത്തങ്ങൾ വ്യക്തമാക്കി.
മുർശിദ് ഹസൻ മുഖ്യപ്രതിയെന്ന് എൻ.െഎ.എ
കൊച്ചി: അൽഖാഇദ തീവ്രവാദികളെന്നാരോപിച്ച് പിടികൂടിയവരിൽ മുർശിദ് ഹസൻ മുഖ്യപ്രതിയെന്ന് എൻ.ഐ.എ. പിടിയിലായ മുർശിദ് ഹസൻ, മുസറഫ് ഹസൻ, യാകൂബ് ബിശ്വാസ് എന്നിവരെ തുടരന്വേഷണത്തിന് ഡൽഹിയിലേക്ക് കൊണ്ടുപോകാൻ കോടതിയിൽ സമർപ്പിച്ച ട്രാൻസിറ്റ് റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. മുസറഫ് ഹസൻ രണ്ടാം പ്രതിയും യാകൂബ് ബിശ്വാസ് ആറാം പ്രതിയുമാണ്. ഇവരെ ഞായറാഴ്ച വൈകീട്ട് നാലിന് എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിക്ക് കൊണ്ടുപോയി. രാജ്യത്തിെൻറ പലയിടത്തായി പത്തിലേറെ പേർ അൽഖാഇദക്കുവേണ്ടി പ്രവർത്തിക്കുന്നുണ്ടെന്നും എൻ.ഐ.എ റിപ്പോർട്ടിലുണ്ട്. അതേ സമയം, അറസ്റ്റിനു പിന്നാലെ എറണാകുളത്ത് അന്തർസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ പൊലീസ് പരിശോധന നടത്തി. മുർശിദ് ഹസൻ താമസിച്ചിരുന്ന ഏലൂർ പാതാളത്തായിരുന്നു വിശദ പരിശോധന. മുമ്പ് ഒപ്പം താമസിച്ചിരുന്ന 15 അന്തർസംസ്ഥാന തൊഴിലാളികളുടെ വിശദാംശങ്ങൾ ശേഖരിക്കുന്നുണ്ട്.
Latest Video:
:Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.